ADVERTISEMENT
വീട്ടിലേയ്ക്ക് ആവശ്യമായ പച്ചക്കറികൾ സ്വന്തമായി ഉണ്ടാക്കുന്നവരാണ് ഇന്ന് മിക്കവരും. വിഷാംശങ്ങൾ അടങ്ങാത്ത പച്ചക്കറികൾ കഴിക്കാമല്ലോ, കൂടാതെ പൈസയും ലാഭിക്കാം. ഫ്‌ളാറ്റുകളിലും മറ്റും താമസിക്കുന്നവർക്കോ കൃഷിയിടമില്ലാത്തവർക്കോ ബാല്‍ക്കണിയിലും അത്യാവശ്യത്തിനുള്ള പച്ചക്കറിത്തോട്ടം എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. കൃഷിസ്ഥലത്ത് മണ്ണ് ഉഴുതുമറിച്ച് വളമിട്ട് വളര്‍ത്തുന്ന മിക്കവാറും എല്ലാ പച്ചക്കറികളും ബാല്‍ക്കണിയിലെ ചെറിയ സ്ഥലത്ത് മനോഹരമായി വളര്‍ത്തി വിളവെടുക്കാം.
കൂടാതെ, മനുഷ്യാധ്വാനവും യന്ത്രങ്ങളുടെ ഉപയോഗവും കാര്യമായി കുറച്ചുകൊണ്ടുതന്നെ കൃഷി ചെയ്യാവുന്ന സംവിധാനവും ബാല്‍ക്കണിലെ പച്ചക്കറി തോട്ടത്തിലൂടെ ചെയ്യാവുന്നതാണ്. ഉഴുതുമറിച്ച് കൃഷി ചെയ്യുമ്പോഴുണ്ടാകുന്ന വെള്ളത്തിൻറെ ഉപയോഗവും, വളപ്രയോഗവും കുറച്ചുകൊണ്ട് നല്ല വിളവുകളുണ്ടാക്കാം.
ബാല്‍ക്കണികളില്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ ഏറ്റവും അനുയോജ്യമായ കൃഷിരീതി ബയോ ഇന്റന്‍സീവ് ഗാര്‍ഡനിങ്ങ് ആണ്. മണ്ണിൻറെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. ചെടികളുടെ വേരുകള്‍ മണ്ണിലേക്ക് ആഴത്തിലിറങ്ങാനും കൂടുതല്‍ വെള്ളവും പോഷകങ്ങളും വലിച്ചെടുക്കാനും ഈ രീതിയില്‍ കൃഷി ചെയ്യുന്നതുകൊണ്ട് കഴിയും. അടുക്കളയിലെ പച്ചക്കറികളുടെ അവശിഷ്ടങ്ങളും ഉണങ്ങിയ ഇലകളുമെല്ലാം ഉപയോഗിച്ച് കമ്പോസ്റ്റ് നിര്‍മ്മിച്ച് ചെടികള്‍ക്ക് വളമാക്കാം.
ബയോ ഇന്റന്‍സീവ് ഗാര്‍ഡനിങ്ങില്‍ രണ്ടു വ്യത്യസ്ത തരം വളര്‍ച്ചാ സ്വഭാവം കാണിക്കുന്ന പച്ചക്കറികള്‍ ഒരുമിച്ച് നടാവുന്നതാണ്. മണ്ണില്‍ പടര്‍ന്നു വളരുന്ന പോലത്തെ ഇലവര്‍ഗങ്ങളും കുറ്റിച്ചെടിയായി വളരുന്നവയും യോജിപ്പിച്ച് വളര്‍ത്തിയാല്‍ രണ്ടിന്റെയും വളര്‍ച്ചയില്‍ തടസങ്ങള്‍ ഉണ്ടാകില്ല. ഒരു ചെടി മാത്രമായി വളര്‍ത്താതെ സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുന്ന രീതിയില്‍ കൃഷി ചെയ്യുകയെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
റാഡിഷ്, ബീന്‍സ്, തക്കാളി, വഴുതന എന്നിവയെല്ലാം ഇങ്ങനെ വളര്‍ത്താവുന്നതാണ്. പാത്രങ്ങളില്‍ വളര്‍ത്തുന്ന പച്ചക്കറികളാണ് അപ്പാര്‍ട്ട്‌മെന്റുകളില്‍ കൂടുതല്‍ കണ്ടുവരുന്നത്. ഏതുതരത്തിലുള്ള പാത്രങ്ങളും തെരഞ്ഞെടുക്കാം. നല്ല രീതിയില്‍ വെള്ളം പുറത്ത് കളയാന്‍ കഴിവുള്ള പാത്രങ്ങളായിരിക്കണമെന്ന് മാത്രം.
ബാല്‍ക്കണിയില്‍ പച്ചക്കറികള്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* പോട്ടിങ്ങ് മിശ്രിതത്തില്‍ മണ്ണിന് പകരം പീറ്റ് മോസ്, വെര്‍മിക്കുലൈറ്റ്, പെര്‍ലൈറ്റ്, മരത്തിന്റെ ചെറിയ ചീളുകള്‍, നീര്‍വാര്‍ച്ച ഉറപ്പാക്കുന്ന തരത്തിലുള്ള ചെറിയ കല്ലുകള്‍ എന്നിവ ഉപയോഗിക്കുന്നതാണ് നല്ലത്.
* ബാല്‍ക്കണിയില്‍ വളര്‍ത്തുന്ന പച്ചക്കറികള്‍ക്ക് ദിവസവും രണ്ടു നേരം വെള്ളമൊഴിക്കാന്‍ മറക്കരുത്. ധാരാളം സൂര്യപ്രകാശവും ഈര്‍പ്പവും നിലനിര്‍ത്താന്‍ കഴിയുന്നിടത്ത് വിളവും നന്നായി ലഭിക്കും. പഴുത്ത് വീഴാന്‍ തുടങ്ങുന്നതിന് മുമ്പേ വിളവെടുക്കാനും ശ്രദ്ധിക്കണം.
* വേര് നന്നായി വളരാനാവശ്യമുള്ള സ്ഥലമുള്ള പാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പാത്രങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കിയ ശേഷമേ പോട്ടിങ്ങ് മിശ്രിതം നിറച്ച് പച്ചക്കറികള്‍ വളര്‍ത്താവൂ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.