E P ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാനും എതിരായി എടുക്കുന്ന ഒരു ക്രിമിനല്‍ കേസും നിയമത്തിന്‌ മുന്നില്‍ നിലനില്‍ക്കില്ല: A K ബാലൻ

മുഖ്യമന്ത്രിയുടെ ഗൺമാനും, സഹയാത്രികനായ ഇ പി ജയരാജനുമെതിരായി എടുക്കുന്ന ഒരു ക്രിമിനൽ കേസും നിയമത്തിന്‌ മുന്നിൽ നിലനിൽക്കുന്നതല്ലെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. സ്വകാര്യ അന്യായത്തിന്റെ ഭാഗമായി മജിസ്‌ട്രേറ്റിന്റെ മുന്നിൽ വരുന്ന പരാതി അന്വേഷിക്കാൻ പോലീസിനോട്‌ പറയുന്നത്‌ സാധാരണ നിലയിലുള്ള നിയമ നടപടിയാണ്‌. അന്വേഷിച്ച്‌ പറയുന്ന കുറ്റം ശെരിയാണോ, തെറ്റാണോ എന്ന്‌ പരിശോധിക്കേണ്ടത്‌ അന്വേഷണ ഏജൻസികളാണ്‌. അത്‌ കോടതിയുടെ പരിഗണനാ വിഷയമല്ല.

ലോ ആന്റ്‌ ഓർഡറുമായി ബന്ധപ്പെട്ട്‌ പോലീസ്‌ നടത്തുന്ന പ്രതിരോധത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ല. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ചുമതല ലോ ആന്റ്‌ ഓർഡറിന്റെ ഭാഗമാണ്‌. അതാണ്‌ ഗൺമാൻ നിർവ്വഹിച്ചത്‌. ഒരു ജാമ്യമില്ലാത്ത കുറ്റം തന്റെ മുന്നിൽ കാണുമ്പോൾ അത്‌ തടയാനുള്ള ഉത്തരവാദിത്വം നിയമപരമായി കണ്ടുനിൽക്കുന്നവർക്കുണ്ട്‌.

കൊലപാതകം, ബലാൽസംഘം തുടങ്ങിയ കുറ്റകൃത്യങ്ങൾ കാണുമ്പോൾ അത്‌ കണ്ട്‌ നിൽക്കലല്ല ദൃക്‌സാക്ഷിയുടെ കടമ. പ്രസ്‌തുത കുറ്റകൃത്യം തടയാൻ പൗരന്‌ നിയമപരമായി അധികാരമുണ്ട്‌. ആ സമയത്ത്‌ ഒരു പോലീസുകാരന്റെ ഉത്തരവാദിത്വമാണ്‌ പൗരനുള്ളത്‌. ഈ രൂപത്തിൽ ജയരാജൻ നടത്തിയ സന്ദർഭോചിതമായ നടപടി നിയമത്തിന്റെ മുന്നിൽ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല.

കുറ്റകൃത്യങ്ങളുടെ മുന്നിൽ നിശബ്‌ദത പാലിക്കലല്ല ഒരു പൗരന്റെ ധർമ്മം, അത്‌ തടയാനുള്ള അധികാരവും നിയമപരമായി പൗരനുണ്ട്‌. സുരക്ഷയ്‌ക്ക്‌ വേണ്ടി പ്രതിരോധം ഏതളവിൽ വരെ വേണമെന്നത്‌ കുറ്റകൃത്യത്തിന്റെ രൂക്ഷതയെ ആശ്രയിച്ചാണ്‌ കിടക്കുന്നത്‌. ഇവിടെ വിമാനത്തിലുള്ള പ്രതിഷേധം 19 കേസുകളുള്ള ഒരു കുട്ടി (പിഞ്ചുകുട്ടി) ഏതറ്റം വരെ പോകുമെന്നുള്ളത്‌ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവർക്ക്‌ ഊഹിക്കാൻ കഴിയുന്നതല്ല. അതുകൊണ്ട്‌ ഗൺമാനും, ഇ.പി ജയരാജനും പൂർണ്ണമായും നിയമത്തിന്റെ മുന്നിൽ സംരക്ഷിതരാണ്‌. അതുകൊണ്ട്‌ തന്നെ ഒരു കേസും നിലനിൽക്കുന്നതല്ല – എ കെ ബാലൻ പ്രസ്‌താവനയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel