Mohammed Zubair : മുഹമ്മദ് സുബൈർ ജയിൽ മോചിതനായി

23 ദിവസത്തെ നിയമ പോരാട്ടത്തിനൊടുവിൽ ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ജയിൽ മോചിതനായി. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് ജയിൽ മോചനം സാധ്യമായത്.

ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്തതിന് സമാനമായ കേസുകളിൽ ദില്ലി കോടതി ജാമ്യം നൽകിയത് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ ഇന്നത്തെ ഉത്തരവ്. സുബൈറിനെ ഇത്രയും സമയം കസ്റ്റഡിയിൽ വച്ചതിനെ രൂക്ഷമായി വിമർശിച്ച കോടതി എല്ലാ കേസുകളും ദില്ലിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്ത ആറ് എഫ്ഐആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മുഹമ്മദ് സുബൈർ കോടതിയെ സമീപിച്ചത്. എഫ്ഐആർ റദ്ദാക്കാൻ തയ്യാറാകാത്ത കോടതി പകരം ആറ് കേസുകളിലും സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ചു.

ദില്ലിയിൽ രജിസ്റ്റർ ചെയ്തതിന് സമാനമായ കേസാണ് ഉത്തർപ്രദേശിലും സുബൈറിനെതിരെ എടുത്തത്. ദില്ലിയിലെ കേസിൽ പട്യാല കോടതിയും സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതിയും സുബൈറിന് നേരത്തെ ജാമ്യം നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടികാണിച്ചാണ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡിൻറെ ബെഞ്ച് മറ്റ് ആറ് കേസുകളിൽ കൂടി ജാമ്യം അനുവദിച്ചത്. സുബൈറിനെ ദീർഘകാലം കസ്റ്റഡിയിൽ വച്ചത് ന്യായീകരിക്കാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി.

അറസ്റ്റ് ചെയ്യാനുള്ള അധികാരം മിതമായി പ്രയോഗിക്കണമെന്ന് കോടതി പൊലീസിനെ ഓർമ്മിപ്പിച്ചു. സുബൈറിനെതിരായ എല്ലാ കേസുകളും ദില്ലിയിലേക്ക് മാറ്റാനും കോടതി നിർദേശിച്ചു. കേസ് അന്വേഷിക്കുന്നതിനായി ഉത്തർപ്രദേശ് പൊലീസ് രൂപീകരിച്ച പ്രത്യേക അന്വഷണ സംഘം പിരിച്ചുവിട്ട കോടതി, ദില്ലി പൊലീസിലെ പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്ന് വ്യക്തമാക്കി.

സുബൈർ ട്വീറ്റ് ചെയ്യുന്നത് വിലക്കണമെന്ന ഉത്തർപ്രദേശ് പൊലീസിൻറെ ഹർജി കോടതി തള്ളി. അഭിഭാഷകനോട് വാദിക്കാൻ പാടില്ല എന്ന് പറയുന്നത് പോലെയാണ് മാധ്യമപ്രവർത്തകനോട് എഴുതരുത് എന്ന് നിർദ്ദേശിക്കുന്നത് എന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.

1983ലെ ‘കിസി സേ ന കഹാ’ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തൽ, വിദ്വേഷം വളർത്തൽ തുടങ്ങിയ വകുപ്പുകൾ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്. ഹനുമാൻ ഭക്ത് എന്ന വ്യക്തിവിവരങ്ങൾ ഇല്ലാത്ത ട്വിറ്റർ ഐ‍ഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി പൊലീസിനെ ടാഗ് ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News