Monkey Pox: കേരളത്തിന്റെ മങ്കി പോക്സ് പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തിയറിയിച്ച് കേന്ദ്ര സംഘം

കേരളത്തിന്റെ മങ്കി പോക്സ് പ്രതിരോധ പ്രവർത്തനങ്ങളിൽ തൃപ്തിയറിയിച്ച് കേന്ദ്ര സംഘം. കണ്ണൂരിലെത്തിയ സംഘം സുരക്ഷാ മുൻകരുതലുകളോടെ പരിയാരം മെഡിക്കൽ കോളേജിലുള്ള രോഗിയുമായി നേരിട്ട് സംസാരിച്ചു. കണ്ണൂര്‍ ജില്ലാ കലക്ടർ,ഡി എം ഒ തുടങ്ങിയവരുമായി കേന്ദ്ര സംഘം ചർച്ച നടത്തി.

കണ്ണൂര്‍ ജില്ലയിൽ മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്ര സംഘം കണ്ണൂരിലെത്തിയത്. എൻ എസ് ഡി സി ജോയിൻറ് ഡയരക്ടർ ഡോ. സാങ്കേത് കുൽക്കർണി, എംഒഎച്ച്എഫ്ഡബ്ല്യു അഡൈ്വസർ ഡോ പി രവീന്ദ്രൻ, പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. രുചി ജയിൻ എന്നിവരാണ് സംഘത്തിലുള്ളത്.

ജില്ലാകലക്ടർ എസ് ചന്ദ്രശേഖർ, ഡി എം ഒ ഡോ കെ നാരായണ നായ്ക്, ഡെപ്യൂട്ടി ഡി എം ഒ ഡോ കെ പ്രീത എന്നിവരുമായി സംഘം ചർച്ച നടത്തി.
സ്വീകരിച്ച മുൻകരുതലുകൾ, നടപടികൾ, സമ്പർക്ക പട്ടിക, രോഗിയുടെ യാത്രാ വഴികൾ തുടങ്ങിയ വിവരങ്ങളും കേന്ദ്ര സംഘം ചോദിച്ചറിഞ്ഞു.
തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിയ സംഘം ആശുപത്രി അധികൃതരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു.

രോഗിക്ക് നൽകിയ ചികിത്സകൾ പരിചരണ രീതികൾ,സുരക്ഷാ മുൻകരുതലുകൾ, തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിച്ചത് സംഘാoഗങ്ങളിലൊരാൾ രോഗിയെ നേരിട്ട് കണ്ട് സംസാരിച്ചു.അതീവ സുരക്ഷാ മുൻകരുതലുകളോടെയായിരുന്നു കൂടിക്കാഴ്ച.

അതേസമയം സംസ്ഥാനത്ത് മങ്കിപോക്‌സുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. എന്നാൽ കൊവിഡ്-19 മായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന മുൻകരുതൽ നടപടികൾ (മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ) ഈ രോഗത്തെ പ്രതിരോധിക്കുന്നിതിന് വേണ്ടിയും ശക്തമായി തുടരേണ്ടതാണ്. ഇക്കാര്യത്തിൽ പൊതുജാഗ്രത ഉണ്ടാകണം.

ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുന്നതിനും അതോടൊപ്പം ആശങ്കകൾ ദൂരീകരിക്കുന്നതിനും എംഎൽഎമാരുടെ സഹകരണവും ഇടപെടലുകളും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ഡോ. സുജിത്ത് വിജയൻ പിള്ള എംഎൽഎയുടെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ആലപ്പുഴയിൽ സംശയിക്കപ്പെട്ട കേസ് നെഗറ്റീവ് ആണ്. റിസൾട്ട് വന്നു. ആദ്യ കേസിന്റ ഏറ്റവും അടുത്ത പ്രൈമറി കോൺടാക്‌ട് ആയ കുടുംബാംഗങ്ങളുടെ റിസൾട്ട് നെഗറ്റീവ് ആണ്. നിലവിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്‌തികരമായി തുടരുന്നു.

കോൺടാക്ടിൽ ആർക്കും രോഗലക്ഷണങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല.യൂറോപ്യൻ രാജ്യങ്ങളിൽ മങ്കിപോക്‌സ് എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകി നിരീക്ഷണം ശക്തമാക്കി.

ആദ്യ പോസിറ്റീവ് കേസിൽ നിന്നുള്ള സാമ്പിൾ പരിശോധനയിൽ West African Strain ആണ് വൈറസ് വിഭാഗം എന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് താരതമ്യേന പകർച്ച കുറവുള്ളതും മരണനിരക്ക് കുറവുള്ളതുമാണ്. മങ്കി പോക്‌സുമായി ബന്ധപ്പെട്ട എല്ലാ മുൻകരുതലുകളും ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel