(Thriruvananthapuram)തിരുവനന്തപുരം (CET Engineering College)സിഇടി എന്‍ജിനീയറിംഗ് കോളേജിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ചിലര്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് പല ഇരിപ്പിടങ്ങളാക്കിയതിനെതിരെയായിരുന്നു വിദ്യാര്‍ത്ഥികളുടെ വേറിട്ട പ്രതിഷേധം. വിദ്യാര്‍ഥികളുടെ നിലപാടിനെ അഭിനന്ദിച്ച് ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായി.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ അഭിനന്ദിച്ച് സന്ദീപ് ദാസ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. കപടസദാചാരം വിളമ്പുന്നവരുടെ മോന്തായം തകര്‍ക്കുന്ന ചിത്രമെന്നാണ് സന്ദീപ് വിദ്യാര്‍ഥികളുടെ വേറിട്ട പ്രതിഷേധത്തെ വിശേഷിപ്പിച്ചത്. നിധിപോലെ സൂക്ഷിച്ചുവെയ്ക്കാനും വരുംതലമുറകള്‍ക്ക് കൈമാറാനുമുള്ള ഫ്രെയിം കൂടിയാണിതെന്നും കുറിപ്പില്‍ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
ഈ ഫോട്ടോ ഏറ്റവും ശക്തമായ പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റാണ്. കപടസദാചാരം വിളമ്പുന്നവരുടെ മോന്തായം തകര്‍ക്കുന്ന ചിത്രം. നിധിപോലെ സൂക്ഷിച്ചുവെയ്ക്കാനും വരുംതലമുറകള്‍ക്ക് കൈമാറാനുമുള്ള ഫ്രെയിം.
സംഗതി ഇത്രയേ ഉള്ളൂ. തിരുവനന്തപുരത്തുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അവരുടെ കോളജിനടുത്തുള്ള വെയ്റ്റിംഗ് ഷെഡ്ഡില്‍ ഒരുമിച്ചിരുന്ന് വര്‍ത്തമാനം പറയാറുണ്ട്. അവിടത്തെ സദാചാര പൊലീസിന് അത് തീരെ രുചിച്ചില്ല. അവര്‍ ഷെഡ്ഡിലെ സ്റ്റീല്‍ ബെഞ്ച് മുറിച്ച് വികൃതമാക്കി. അതോടെ രണ്ടുപേര്‍ക്ക് ഒരുമിച്ച് ഇരിക്കാന്‍ സാധിക്കില്ല എന്ന സ്ഥിതിയായി.
കുരുപൊട്ടിയ ആങ്ങളമാര്‍ക്ക് പുതിയ തലമുറയിലെ ചുണക്കുട്ടികളെ ശരിക്കറിയില്ലായിരുന്നു. അവര്‍ പരസ്പരം ആലിംഗനം ചെയ്തും മടിയിലിരുന്നും പ്രതിഷേധിച്ചു. അതുകണ്ട നേരാങ്ങളമാര് ഗതികിട്ടാത്ത പ്രേതങ്ങളെപ്പോലെ തലസ്ഥാനനഗരിയില്‍ അലയുന്നുണ്ട് എന്നാണ് കേട്ടത്!
മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ തലയിടാന്‍ എന്തിനാണ് ചിലര്‍ ഇത്ര ഉത്സാഹം കാട്ടുന്നത്? രണ്ട് വ്യക്തികള്‍ ഒന്നിച്ചിരിക്കുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യട്ടെ. അവര്‍ നമ്മുടെ നെഞ്ചത്തല്ല ഇരിക്കുന്നത്. അത് നമ്മളെ ബാധിക്കുന്ന വിഷയമേയല്ല. പിന്നെ എന്തിനാണ് ഈ അസഹിഷ്ണുത?
കേരളത്തിന് ഒരു സംസ്കാരമുണ്ട് എന്ന ഡയലോഗ് സദാചാരക്കമ്മിറ്റിക്കാര്‍ സ്ഥിരം ഇറക്കാറുള്ളതാണ്. അന്യരുടെ സ്വകാര്യതയെ മാനിക്കുക എന്നതാണ് ഏറ്റവും മഹത്തായ സംസ്കാരം. മനുഷ്യരെ തെറിവിളിക്കുന്നതും തല്ലിയോടിക്കുന്നതും നല്ല സംസ്കാരത്തിന്റെ പരിധിയില്‍ വരില്ല.
കമിതാക്കള്‍ മാത്രം നേരിടുന്ന പ്രശ്നമാണോ മോറല്‍ പൊലീസിങ്ങ്? അല്ലേയല്ല.
കൊല്ലത്തെ ഒരു ബീച്ചില്‍ വെച്ച് അമ്മയേയും മകനെയും സദാചാരക്കമ്മിറ്റി ആക്രമിച്ച സംഭവം ഓര്‍മ്മയില്ലേ? ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് നടക്കുന്നത് കണ്ടാല്‍ തുറിച്ചുനോക്കുന്നവരുണ്ട്. സഹോദരീസഹോദരന്മാരെ സംശയത്തോടെ വീക്ഷിക്കുന്നവരുണ്ട്. ഒരു സിനിമാനടി മോഡേണ്‍ വസ്ത്രം ധരിച്ചാല്‍ ആകാശം ഇടിഞ്ഞുവീണത് പോലെ ബഹളംകൂട്ടുന്നവരുമുണ്ട്.
അപ്പോള്‍ ഇതൊരു മാനസിക പ്രശ്നമാണ്. തനിക്ക് കിട്ടാത്തത് മറ്റൊരാള്‍ക്ക് ലഭിക്കുമ്പോള്‍ ഉണ്ടാവുന്ന അസൂയ. ലൈംഗിക ദാരിദ്ര്യം എന്ന് ചുരുക്കിപ്പറയാം.
ഈ രോഗത്തിന് ചികിത്സ ആവശ്യമാണ്. അടിത്തട്ടില്‍നിന്ന് തന്നെ ട്രീറ്റ്മെന്റ് ആരംഭിക്കണം.
നമ്മുടെ നാട്ടിലെ മാതാപിതാക്കള്‍ മക്കള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കാറില്ല. ആ വിഷയം പഠിപ്പിക്കാന്‍ അദ്ധ്യാപകര്‍ക്കുപോലും ചമ്മലാണ്. പോണ് വിഡിയോകളിലൂടെയും ഫയര്‍ മാസികയിലൂടെയും ലൈംഗികതയെ അടുത്തറിയുന്നവരാണ് നമ്മള്. അതിന്റേതായ എല്ലാ പ്രശ്നങ്ങളും ഈ സമൂഹത്തിനുണ്ട്.
സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം ചിട്ടയായി കൊടുക്കണം. നല്ല സ്പര്‍ശനവും മോശം സ്പര്‍ശനവും തിരിച്ചറിയാനുള്ള ശേഷി കുട്ടികള്‍ക്കുണ്ടാകണം. ലിംഗപരമായ വേര്‍തിരിവുകള്‍ ഇല്ലാതാകണം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പോലുള്ള ആശയങ്ങള്‍ ആ വലിയ ലക്ഷ്യത്തിലേയ്ക്കുള്ള ചവിട്ടുപടിയാണ്.
രണ്ട് വ്യക്തികള്‍ സ്നേഹബഹുമാനങ്ങളോടെ ചെയ്യുന്ന പ്രക്രിയയാണ് സെക്സ്. അതിനപ്പുറമുള്ള യാതൊരു മാനങ്ങളും അതിന് കല്പ്പിക്കേണ്ടതില്ല.
സെക്സിനെക്കുറിച്ച് കൃത്യമായ ധാരണകള്‍ എല്ലാവര്ക്കും കൈവന്നാല്‍ സദാചാര പൊലീസുകാര്‍ക്ക് വംശനാശം സംഭവിക്കും.
ഇതെല്ലാം കേള്‍ക്കുമ്പോള്‍ ചില ആങ്ങളമാര് ചോദിക്കുമായിരിക്കും-
”എന്താണ് ഈ ലൈംഗിക വിദ്യാഭ്യാസം? ടീച്ചര്‍മാരും കുട്ടികളും ഒന്നിച്ചിരുന്ന് ബ്ലൂ ഫിലിം കാണുന്നതല്ലേ? ഹഹഹ…!”
”നിന്റെ അമ്മയേയോ പെങ്ങളെയോ ഇങ്ങനെയൊരു സാഹചര്യത്തില്‍ കണ്ടാല്‍ നീ സഹിക്കുമോ?”
എന്റെ പൊന്ന് ആങ്ങളമാരേ,ഇതുപോലുള്ള മണ്ടത്തരങ്ങള്‍ നീയൊന്നും വിളമ്പാതിരിക്കാനാണ് ലൈംഗിക വിദ്യാഭ്യാസം ആവശ്യമാണ് എന്ന് പറയുന്നത്. അമ്മയും പെങ്ങളും നിങ്ങളുടെ അടിമകളല്ലെന്നും അവര്‍ക്ക് വ്യക്തിത്വവും തീരുമാനങ്ങളും ഉണ്ടെന്നും മനസ്സിലാക്കാനുള്ള വകതിരിവ് വേണം.
സദാചാര പൊലീസിനെതിരെ നമുക്ക് യോഗങ്ങള്‍ നടത്താം. പ്രസംഗിക്കാം. മുദ്രാവാക്യം വിളിക്കാം. പക്ഷേ ഈ ഫോട്ടോ അതിനേക്കാളെല്ലാം ഫലപ്രദമാണ്.
സിംപിള്‍ & പവര്‍ഫുള്‍…!
ചൊവ്വാഴ്ച വൈകിട്ട് സിഇടിയിലെ വിദ്യാര്‍ഥികള്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലാക്കിയതു കണ്ടത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിഷേധമുയര്‍ന്നു. അതോടെയാണ് ഇതിനു മറുപടിയുമായി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്.
ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നും രണ്ടു പേര് ഒരുമിച്ചിരുന്നുമായിരുന്നു വിദ്യാര്‍ഥികള്‍ സദാചാര ഗുണ്ടകള്‍ക്ക് മറുപടി നല്‍കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here