കിഫ്ബിയെ കുറിച്ച് ചിലര്‍ തെറ്റിദ്ധാരണകൾ പരത്തുന്നു;നിയമസഭയിൽ പ്രസ്താവന നടത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ|KN Balagopal

നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നടത്തിയ പ്രസ്താവന

ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളെയും ഫെഡറൽ സംവിധാനത്തെയും സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങളെയും സംരക്ഷിക്കുന്നതിനായുള്ള ചില നിർണായക വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നതിനായി കേരള നിയമസഭയുടെ മുമ്പാകെ റൂൾ 300 പ്രകാരമുള്ള ഈ പ്രസ്താവന സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്യുന്ന ഫെഡറൽ സാമ്പത്തിക സംവിധാനത്തെ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നിരന്തരമായ ശ്രമങ്ങൾ നടത്തിവരുന്നു. ഇത് പല വഴികളിലൂടെയാണ് ചെയ്തുവരുന്നത്. ഒന്നാമതായി, സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ഭരണഘടനയിലെ വ്യവസ്ഥകൾ തെറ്റായി വ്യാഖ്യാനിക്കുന്നു.

രണ്ടാമതായി, ധനകാര്യ കമ്മീഷൻ വഴിയും, ഇതര മാർഗങ്ങൾ വഴിയുമുള്ള ധനകൈമാറ്റത്തിൽ കുറവ് വരുത്തുന്നു. കൂടാതെ കേന്ദ്ര ഏജൻസികൾ, പ്രത്യേകിച്ച് റെഗുലേറ്ററി ഏജൻസികളായ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സി&എജി), ആദായനികുതി വകുപ്പ്, എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ സർക്കാരിന്റ പ്രത്യക്ഷമോ പരോക്ഷമോ ആയ നിയന്ത്രണത്തിലുള്ളവയെ, കേന്ദ്ര സർക്കാരിന്റെ താല്പ്പര്യങ്ങൾക്ക് അനുസൃതമായി ഉപയോഗിച്ചുകൊണ്ട് സംസ്ഥാനങ്ങളെ വിധേയപ്പെടുത്താൻ ഉപയോഗിക്കുന്നു.

ഈ ശ്രമങ്ങളിൽ പലതും പൊതുവെ സംസ്ഥാനങ്ങളുടെ താത്പര്യങ്ങൾക്ക് എതിരും അവയിൽ പലതും പ്രത്യേകിച്ച് കേരള സംസ്ഥാനത്തിന്റെ പുരോഗതിയെ അട്ടിമറിക്കുന്നതിന് കാരണമാകുന്നതുമാണ്.
ഈ സഭയിൽ ഞാൻ പല തവണ സൂചിപ്പിച്ചിട്ടുള്ളതുപോലെ, കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ അവഗണനയുടെ ഫലമായി കേരളത്തിന്റെ വികസനത്തെ ദുർബലപ്പെടുത്തുമാറ് അങ്ങേയറ്റം സമ്മർദ്ദം നിറഞ്ഞ സാമ്പത്തിക സ്ഥിതിയാണ് കേരളം ഇന്ന് അഭിമുഖീകരിക്കുന്നത്.

ഏകദേശം 7000 കോടി രൂപയുടെ റവന്യൂ കമ്മി ഗ്രാന്റ് കുറവുവരുത്തിയതും സംസ്ഥാനത്തിന് ലഭിക്കേണ്ട 12000 കോടിയോളം രൂപയുടെ ജി.എസ്.ടി നഷ്ടപരിഹാരം തുടർന്ന് നൽകാൻ കേന്ദ്ര സർക്കാർ വിസമ്മതിച്ചതും സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്.ഇതിനുപുറമേ, സംസ്ഥാനത്തിന് ലഭിക്കേണ്ട വായ്പാ പരിധിയിൽ കുറവ് വരുത്തി 3.5 ശതമാനമാക്കി. ഇതു കൂടാതെ കിഫ്ബി, കേരള സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് (KSSPL) എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനായി നൽകുന്ന ഗ്യാരന്റി സർക്കാരിന്റെ കടബാധ്യതയായി നിർവ്വചിച്ചതുമൂലം 14,000 കോടി രൂപ സർക്കാരിന്റെ കടമായി വിലയിരുത്തിയിരിക്കുകയാണ്.

ഇതുമൂലം ഈ വർഷം 3,578 കോടി രൂപയുടെ കുറവ് കടമെടുപ്പ് പരിധിയിൽ വരുത്തി. ഇത്തരത്തിൽ 2021-22-നെ അപേക്ഷിച്ച് ഏകദേശം 23,000 കോടി രൂപയുടെ കുറവാണ് ഈ സാമ്പത്തികവർഷത്തിൽ മാത്രം കേന്ദ്ര നിലപാട് കാരണം വന്നിരിക്കുന്നത്. പാവപ്പെട്ടവർക്കുള്ള ക്ഷേമ പദ്ധതികൾ, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉൾപ്പടെയുള്ള ചെലവുകൾ കണ്ടെത്തുന്നതിന് ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടാകും. സംസ്ഥാനങ്ങൾ പൊതുവെയും, കേരളം വിശേഷിച്ചും അഭിമുഖീകരിക്കുന്ന യാഥാർത്ഥ്യങ്ങളോടുള്ള കേന്ദ്രസർക്കാറിന്റെ നിസ്സംഗത മൂലമുള്ള ഈ സാമ്പത്തിക സമ്മർദ്ദം, കഴിഞ്ഞ കുറേ ദശകങ്ങളായി സംസ്ഥാനം കഠിനാധ്വാനം ചെയ്‌ത് കെട്ടിപ്പടുത്ത സാമൂഹിക-സാമ്പത്തിക സുരക്ഷാ സംവിധാനത്തിന്റെ ഭദ്രതക്ക് പ്രഹരമേൽപ്പിക്കും.

ഈ സഭ അംഗീകരിച്ച ബജറ്റിൽ വിഭാവനം ചെയ്തിട്ടുള്ള വിവിധ വികസന പദ്ധതികൾക്കും സാമൂഹിക സുരക്ഷാ പെൻഷൻ, ലൈഫ് മിഷൻ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയടക്കമുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധമായ ചെലവുകൾ നിർവഹിക്കുന്നതിനും ഇത് ഭീഷണിയാകും.സംസ്ഥാന സർക്കാരുകളെ ഇങ്ങനെ സാമ്പത്തിക സമ്മർദ്ദത്തിലാക്കുമ്പോൾ തന്നെ, 2015-2019 കാലയളവിൽ കോർപറേറ്റുകളുടെ കടം ഏതാണ്ട് 7.94 ലക്ഷം കോടി രൂപയോളം കേന്ദ്ര സർക്കാർ എഴുതി തള്ളുകയുണ്ടായി. ഇതു കൂടാതെയാണ് കോർപറേറ്റുകൾക്ക് വർഷം തോറും നൽകുന്ന ഭീമമായ നികുതി ഇളവുകൾ. കോവിഡ് മഹാമാരി കാരണം രാജ്യത്ത് ഉടലെടുത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പോലും സാമ്പത്തിക സഹായം വർദ്ധിപ്പിക്കണം എന്ന സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളോട് കേന്ദ്ര സർക്കാർ കണ്ണടച്ചിരിക്കുകയാണ്.

സംസ്ഥാനത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാനും, പ്രധാന വികസന-ക്ഷേമ പദ്ധതികൾ നടപ്പാക്കാനും സർക്കാർ സ്വീകരിച്ച മാർഗ്ഗങ്ങളിൽ ചിലതാണ് കേരള ഇന്ഫ്രാസ്ട്രടക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡും (കിഫ്ബി), കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിയും. ഇവ സംബന്ധിച്ച നിയമങ്ങൾ സഭ ഏകകണ്ഠമായി പാസാക്കിയത് ഓർക്കുമല്ലോ. ഇത്തരം വികസന-ക്ഷേമ ശ്രമങ്ങളെപ്പോലും മനഃപൂർവം ദുർബലപ്പെടുത്താൻ കേന്ദ്ര സർക്കാർ ആസൂത്രിത നീക്കങ്ങൾ നടത്തുന്നു.
2022 മാർച്ച് 31-ന് കേന്ദ്ര ധനമന്ത്രാലയം സംസ്ഥാനങ്ങളുടെ നിയമപരമായ വായ്പാ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. കിഫ്ബി, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് (കെ.എസ്. എസ്.പി. എൽ) പോലുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകളുടെ (എസ്.പി.വി) കടമെടുക്കൽ കൂടി സംസ്ഥാനത്തിന്റെ അറ്റ വായ്പാ പരിധിയിൽ ഉൾപ്പെടുത്തും എന്നാണ് ഇതിൽ നിഷ്കർഷിച്ചിട്ടുള്ളത്. ഈ ലക്ഷ്യത്തോടെയാണ്, ഭരണഘടനയുടെ ആർട്ടിക്കിൾ 293 (3)-ന്റെ ഇദംപ്രഥമവും എന്നാൽ നിയമവിരുദ്ധവുമായ വ്യാഖ്യാനം കേന്ദ്ര സർക്കാർ സ്വീകരിച്ചത്.

എന്നാൽ ഇങ്ങനെ ചെയ്യുമ്പോഴും തങ്ങളുടെ വികസന പദ്ധതികൾ നടപ്പാക്കുന്നതിനും തിരിച്ചടവിന് ധനസഹായം നല്കുന്നതിനും കേന്ദ്ര സർക്കാരിന്റെ സമാന ഏജൻസികളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും ബോധപൂർവം ഒഴിവാക്കിയിട്ടുമുണ്ട്.
ഈ നിലപാടിന്റെ അടിസ്ഥാനത്തിൽ, റിസർവ് ബാങ്ക് പുതിയ ഒരു സർക്കുലർ പുറപപ്പെടുവിക്കാൻ നിർബന്ധിതമായി (DOR.CRE.REC.No.47/13.03.00/2022-23dated ജൂൺ 14, 2022). വികസന പദ്ധതികൾക്കായി സംസ്ഥാന സർക്കാർ ഏജൻസികൾ ധനസഹായം നൽകുന്ന എല്ലാ ബാങ്കുകളെയും ഈ സർക്കുലർ പരിമിതപ്പെടുത്തി.

അങ്ങനെ, വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് വഴി പദ്ധതികൾ ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാദത്തമായ അധികാരം എടുത്തുമാറ്റപ്പെട്ടു. ലൈഫ് മിഷൻ വഴി വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന ഭവന പദ്ധതിക്കായി വായ്പ സമാഹരിക്കുന്നതുപോലും തടസപ്പെടുത്തുന്ന രീതിയാണ് കണ്ടുവരുന്നത്. ഭരണഘടന വിഭാവന ചെയ്യുന്ന സാമ്പത്തിക അധികാരങ്ങളെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾ ഒറ്റരാത്രികൊണ്ട് ഉയർന്നുവന്നതല്ലെന്ന് ഞാൻ ഈ സഭയെ അറിയിച്ചുകൊള്ളുന്നു.
സംസ്ഥാനത്തിന്റെ പൊതു അക്കൗണ്ടിൽ ഭരണഘടനാ വിരുദ്ധമായ നിയന്ത്രണങ്ങൾ 2017 ഓഗസ്റ്റ് 28-ന് ധനമന്ത്രാലയം ഭരണഘടന അനുശാസിക്കുന്ന എഴുപത് വർഷം പാരമ്പര്യമുള്ള ഫെഡറൽ ധനഘടനയെയും അതുവരെ നിലനിന്നിരുന്ന കീഴ്വഴക്കങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി.

അതിലൂടെ സംസ്ഥാന ത്തിന്റെ മൊത്തം കടമെടുപ്പ് പരിധി കണക്കാക്കുന്നതിന് പബ്ലിക് അക്കൗണ്ടിൽ (പൊതു കണക്ക്) ബാക്കിയുള്ള തുക കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഒരു സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ട് എന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 266 പ്രകാരമുള്ള സൃഷ്ടിയാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 283 സംസ്ഥാന നിയമസഭ പാസ്സാക്കുന്ന നിയമപ്രകാരം സംസ്ഥാനങ്ങൾക്ക് അതിന്റെ പൊതു അക്കൗണ്ട് നിയന്ത്രിക്കുന്നതിനുള്ള അധികാരങ്ങൾ നൽകുന്നു. സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ട് അതിന്റെ ആഭ്യന്തര സാമ്പത്തിക ഇടപാടുകളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഭരണഘടനാപരമായി സംസ്ഥാനം ഇക്കാര്യത്തിൽ ഒരു ബാങ്കറുടെ പങ്കാണ് നിർവഹിക്കുന്നത്.

സംസ്ഥാന പുനഃസംഘടനാ വ്യവസ്ഥകൾ പ്രകാരം, സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടിന് കീഴിലുള്ള കേരളത്തിന്റെ ട്രഷറി സേവിംഗ്സ് ബാങ്കിന്റെ പ്രവർത്തനം അനുവദിനീയമാണ് എന്നുള്ളത് ഞാൻ ഈ സഭയുടെ ശ്രദ്ധയിൽ പെടുത്തുന്നു. കഴിഞ്ഞ 75 വർഷമായി, കേരളത്തിൽ മാറിമാറി വന്ന സർക്കാരുകൾ സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടിനുള്ളിൽ നിന്നുകൊണ്ട് സുസ്ഥിരമായി ട്രഷറി സേവിംഗ്സ് ബാങ്ക്‌ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പബ്ലിക് അക്കൗണ്ടിന്റെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ നടപടികൾ ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും ഇന്ത്യൻ യൂണിയനിൽ അംഗത്വമെടുത്ത കാലം മുതൽ സംസ്ഥാനം അനുഭവിച്ചുവന്നിരുന്ന പ്രത്യേകാവകാശങ്ങൾ ഹനിക്കുന്നതുമാണ്.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 293(3), 293 (4) എന്നിവയുടെ നിയമസാധുത ഇല്ലാത്ത വ്യാഖ്യാനങ്ങൾ
എക്സ്പെൻഡിച്ചർ വകുപ്പിന്റെ 31.03.2022-ലെ 40(2) PF-S/2022-23 നമ്പർ കത്തിൽ, 2022 സാമ്പത്തിക വർഷത്തെ അറ്റ വായ്പാ പരിധിയെക്കുറിച്ചുള്ള പുതുക്കിയ നിർദ്ദേശങ്ങൾ അടങ്ങിയിരിക്കുന്നു. ഇനി മുതൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 293(3) പ്രകാരം വായ്പ എടുക്കുന്നതിനുള്ള അനുമതി നൽകുമ്പോൾ, സംസ്ഥാന ബഡ്ജറ്റിൽ നിന്നോ സംസ്ഥാന വരുമാനങ്ങളായ നികുതികൾ, സെസ്സുകൾ എന്നിവയിൽ നിന്നോ മുതലോ പലിശയോ ഒടുക്കണം എന്ന നിലയിൽ സംസ്ഥാന പൊതുമേഖലാ കമ്പനികൾ/കോർപ്പറേഷനുകൾ, എസ്.പി.വി കൾ, സമാനമായ മറ്റു സ്ഥാപനങ്ങൾ എന്നിവ എടുക്കുന്ന ഏതു കടവും സംസ്ഥാനത്തിന്റെ കടമായി കണക്കാക്കേണ്ടതുണ്ട് എന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു.

കേന്ദ്രസർക്കാരിന്റെ ഈ പുതുക്കിയ നിർദ്ദേശങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 293(3), 293(4)ന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ കടുത്ത ലംഘനമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 293(3), വായ്‌പാ സമാഹരണത്തിനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തെ വ്യവസ്ഥാപിതമായി കടിഞ്ഞാണിടുന്നു എന്നതിൽ സംശയമില്ല. ഈ വ്യവസ്ഥ പ്രകാരം, കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകിയ വായ്പയുടെ ഏതെങ്കിലും ഭാഗം തിരിച്ചടക്കാൻ ബാക്കി നിൽക്കുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ ഗ്യാരന്റി നൽകിയിട്ടുണ്ടെങ്കിൽ, കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ യാതൊരു വായ്പയും സംസ്ഥാന സർക്കാരുകൾ സമാഹരിക്കാൻ പാടുള്ളതല്ല. ഈ വ്യവസ്ഥ സംസ്ഥാന സർക്കാരുകളുടെ കടമെടുക്കലിന് മാത്രമേ ബാധകമാകൂ.

സംസ്ഥാന സർക്കാരിന്റെ ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും ഇവ ബാധകമല്ല. സ്റ്റാറ്റ്യൂട്ടറി ബോഡികളും കമ്പനികളും പോലെയുള്ള സംസ്ഥാന സർക്കാരിന്റെ മറ്റ് സ്ഥാപന സംവിധാനങ്ങളുടെ ബാധ്യതകൾ, ഭരണഘടനയുടെ പ്രസ്തുത അധ്യായത്തിൽ വിഭാവനം ചെയ്യുന്ന സംസ്ഥാന കടത്തിന്റെ നിർവചനത്തിൽ വരുന്നില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 12-ലെ ‘സ്റ്റേറ്റ്’ എന്നതിന്റെ നിർവചനം ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ വ്യവസ്ഥകൾക്ക് മാത്രമേ ബാധകമാകൂ. ഭരണഘടനയുടെ ആർട്ടിക്കിൾ 293-ൽ നിർവചിച്ചിരിക്കുന്ന ‘സ്റ്റേറ്റ്’ എന്നത് ഭരണഘടനയുടെ ഷെഡ്യുൾ 1-മായി ചേർത്ത് വായിക്കേണ്ട ഭരണഘടനയുടെ ആർട്ടിക്കിൾ 1(2) പ്രകാരം നിർവചിച്ചിരിക്കുന്ന ‘സ്റ്റേറ്റ് എന്ന് വ്യാഖ്യാനിക്കേണ്ടതുണ്ട്.

ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണെന്നും ഒരു നിയമവും ഈ ഫെഡറൽ സ്വഭാവത്തെ ഹനിക്കുന്നതാവരുതെന്നും എസ്.ആർ.ബൊമ്മൈ Vs യൂണിയൻ ഓഫ് ഇന്ത്യ (1994) ലെ വിധിയിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി അസന്ദിഗ്ധമായി പ്രസ്താവിച്ചിട്ടുണ്ട്. ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തെ മറികടക്കുന്ന തരത്തിൽ ആർട്ടിക്കിൾ 293-ന്റെ ഏത് വ്യാഖ്യാനവും അനുവദനീയമല്ലെന്നും അത് ഭരണഘടനയുടെ തീവ്രമായ ലംഘനമായിരിക്കുമെന്നും ബഹു.സുപ്രീം കോടതിയുടെ വ്യാഖ്യാനത്തിൽ നിന്ന് വ്യക്തമാകും.

ധനമന്ത്രാലയത്തിന്റേതായാലും, റിസർവ് ബാങ്കിന്റേതായാലും, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റേത് ആയാലും, അവയുടെ ഭരണഘടനാ വിരുദ്ധമായ എല്ലാ നിർദ്ദേശങ്ങളും, കേന്ദ്ര സർക്കാരിനെയും അതിന്റെ ഏജൻസികളെയും സൂക്ഷ്മമായി ഒഴിവാക്കുകയും അവയുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കുകയും ചെയ്യുന്നു എന്ന് കാണാവുന്നതാണ്. ഉദാഹരണത്തിന്, കേന്ദ്ര സർക്കാരിന്റെ വികസന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്ര പൊതുമേഖലാ കോർപ്പറേഷനുകൾക്കും നിയമാനുസൃത സ്ഥാപനങ്ങൾക്കും ഇഷ്ടാനുസരണം കടമെടുക്കാം. ഇത് വിവേചനമാണ്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടികൾ
മുകളിൽ സൂചിപ്പിച്ച ജൂൺ 14, 2022-ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച DOR.CRE.REC.No.47/13.03.00/2022-23 സർക്കുലർ അത്തരം കടുത്ത വിവേചനത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നു. ആർ.ബി.ഐ സർക്കുലർ പ്രകാരം, പ്രോജെക്ടിൽ നിന്നുള്ള പണം കൊണ്ട് മുഴുവൻ തിരിച്ചടവും ഉറപ്പാക്കാവുന്ന പദ്ധതികൾക്ക് മാത്രമേ ബാങ്കുകൾക്ക് ധനസഹായം നൽകാൻ കഴിയൂ. ഈ വാദം ഉപയോഗിച്ചാൽ സംസ്ഥാന ബജറ്റിൽ നിന്നുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗിന്റെ (വിജിഎഫ്) പിന്തുണയുള്ളതിനാൽ വിഴിഞ്ഞം തുറമുഖ പദ്ധതി പോലെയുള്ള ഒരു പദ്ധതി കേരള സർക്കാരിന് ഏറ്റെടുക്കാനാവില്ല.

തിരിച്ചടവ് ഉറപ്പുനൽകാത്ത വായ്പകൾക്ക് ബാങ്കുകൾ ധനസഹായം നൽകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ആർബിഐ യുടെ ചുമതലയാണ്. എന്നാൽ റിസർവ്വ് ബാങ്ക് നിയമപരമായ അതിന്റെ അധികാര സീമകൾ മറികടന്നുകൊണ്ട് സംസ്ഥാനങ്ങൾ തങ്ങളുടെ ഏജൻസികൾ, കോർപ്പറേഷനുകൾ, നിയമാനുസൃത സ്ഥാപനങ്ങൾ, യൂട്ടിലിറ്റികൾ എന്നിവ മുഖേന വികസന സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിൽ ബാങ്കുകളെ നിയമവിരുദ്ധമായി നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമാണ് പിന്തുടരുന്നത്. ബാങ്കുകളുടെ മേലുള്ള ആർബിഐയുടെ ഈ നിയന്ത്രണങ്ങൾ സംസ്ഥാന സർകാരുകളുടെ പദ്ധതികൾക്ക് വേണ്ടി മാത്രമുള്ളതാണ്. കേന്ദ്രസർക്കാർ, അതിന്റെ പൊതുമേഖലാ ഏജൻസികളും കോർപ്പറേഷനുകളും മുഖേന ഏറ്റെടുക്കുന്ന പദ്ധതികൾക്ക്, ഈ നിയന്ത്രണങ്ങൾ ബാധകമാക്കുന്നില്ല എന്നതാണ് വിരോധാഭാസം.
ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സംവിധാനത്തെ നേരിട്ട് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണിവയെങ്കിൽ, രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്ര സർക്കാർ അതിന്റെ നിയന്ത്രണത്തിലുള്ള ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന സംഭവപരമ്പരകളുടെ ഒരു രേഖാ ചിത്രമാണ് ഇനി ഞാൻ പരാമർശിക്കുന്നത്.

സി&എജിയുടെ സംസ്ഥാന ധനകാര്യ റിപ്പോർട്ടുകൾ
2019-2020 കാലയളവിൽ, സി&എജിയുടെ കീഴിലുള്ള അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസ്, അതിന്റെ ഓഡിറ്റിനെ KIIFB എതിർക്കുന്നു എന്ന തെറ്റായ ചില വാദങ്ങൾ ഉന്നയിച്ചു. 1971-ലെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (ഡ്യൂട്ടീസ്, പവേഴ്‌സ് ആൻഡ് കൺഡിഷൻസ് ഓഫ് സർവീസ്) ആക്‌ട് പ്രകാരം, സംസ്ഥാന ബഡ്ജറ്റിൽ നിന്ന് ഗ്രാന്റ് ലഭിക്കുന്ന ഏതൊരു സ്ഥാപനത്തെയും ഓഡിറ്റ് ചെയ്യാൻ സി&എജിക്ക് സമ്പൂർണ്ണവും അനിയന്ത്രിതവുമായ അവകാശമുണ്ടെന്ന് സംസ്ഥാന സർക്കാർ തുടക്കം മുതൽ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നു. സി&എജി നടത്തുന്ന കിഫ്ബിയുടെ ഓഡിറ്റിനെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്തിരുന്നു. മുകളിൽ പറഞ്ഞ നിയമത്തിലെ ക്ലോസ് 14 പ്രകാരം കിഫ്ബിയുടെ ഓഡിറ്റ് സി&എജി ആരംഭിച്ചു. ഓഡിറ്റ് സുഗമമാക്കുന്നതിന് കിഫ്ബി എല്ലാ പിന്തുണയും സൗകര്യങ്ങളും നൽകി.

നിർഭാഗ്യവശാൽ, സി&എജി-യുടെ ഓഡിറ്റ് സുഗമമായി പുരോഗമിക്കുമ്പോൾ പോലും, അതിന്റെ അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും ഓഡിറ്റ് ചെയ്യാൻ സി&എജി-യെ കിഫ്ബി അനുവദിക്കുന്നില്ല എന്ന ധാരണ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
സി&എജി ഓഡിറ്റിനെ കിഫ്ബി എതിർക്കുന്നു എന്ന തെറ്റായ വിവരം മാധ്യമങ്ങളിൽ പ്രചരിച്ചപ്പോഴേക്കും 2020 മാർച്ചിൽ അവസാനിക്കുന്ന വർഷത്തേക്കുള്ള സ്റ്റേറ്റ് ഫിനാൻസ് സംബന്ധിച്ച ഓഡിറ്റ് സി&എജിപൂർത്തിയാക്കിയിരുന്നു. ഈ റിപ്പോർട്ടിൽ അടങ്ങിയിരുന്ന പല പരാമർശങ്ങളും യുക്തിസഹമായിരുന്നില്ല. അവ സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയെയും കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നവ ആയിരുന്നു. ഇത്തരം പരാമർശങ്ങൾ, കിഫ്ബിയ്ക്ക് വിപണിയിൽ നിന്ന് ഫണ്ട് സമാഹരിക്കാനുള്ള കഴിവിനെയും ഗണ്യമായ ബ്രാൻഡിംഗിനെയും തകർക്കാൻ ലക്ഷ്യമിട്ടുള്ളവയായിരുന്നു എന്നു വേണം കരുതാൻ.
കേരളത്തിന്റെ സംസ്ഥാന ധനകാര്യത്തെക്കുറിച്ചുള്ള സി&എജിയുടെ റിപ്പോർട്ട് ഈ നിയമസഭയുടെ മുമ്പാകെ വെച്ചു. നിയമപരമായും ഭരണഘടനാപരമായും നിലനില്കാത്തതും സാങ്കേതികമായി തെറ്റായതുമായ പരാമർശങ്ങൾ സ്വീകരിക്കേണ്ടതില്ലെന്ന് സഭ തീരുമാനിക്കുകയും അത്തരം മാറ്റങ്ങളോടെ സി&എജിയുടെ റിപ്പോർട്ടുകൾ അംഗീകരിക്കുകയും ചെയ്തു.

എന്നിരുന്നാലും, ഈ സഭയുടെ പ്രമേയത്തെ മാനിക്കാതെ, സംസ്ഥാന ധനകാര്യ റിപ്പോർട്ടിലെ സി&എജിയുടെ തെറ്റായതും അടിസ്ഥാനരഹിതവുമായ അഭിപ്രായങ്ങൾ, കിഫ്ബി, കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് പോലുള്ള സംസ്ഥാന സർക്കാർ ഏജൻസികളുടെ വായ്പകൾ അനുവദിക്കാതിരിക്കാനുള്ള കാരണമായി കേന്ദ്ര ധനമന്ത്രാലയം ഉപയോഗിച്ചു. ഈ സഭ നിരസിച്ച സി&എജിയുടെ തെറ്റായ റിപ്പോർട്ടാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഇപ്പോഴുള്ള നിർദ്ദേശങ്ങൾക്ക് തുടക്കം കുറിച്ചത്. കിഫ്ബിയിൽ തുടങ്ങി ഇപ്പോൾ 60 ലക്ഷത്തോളം പാവപ്പെട്ടവരുടെ ക്ഷേമപെൻഷൻ വിതരണം ചെയ്യുന്ന കെ.എസ്.എസ്.പി.എൽ-ന്റെ പ്രവർത്തനത്തെയും തടസ്സപ്പെടുത്തുകയാണ്. ഭാവിയിൽ ലൈഫ് പദ്ധതിയുൾപ്പടെയുള്ള ക്ഷേമ പ്രവർത്തനങ്ങളെ ഈ നയം തടസ്സപ്പെടുത്തുമെന്ന ആശങ്ക അസ്ഥാനത്തല്ല.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണങ്ങൾ
2019 മാർച്ചിൽ പുറത്തിറക്കിയ മസാല ബോണ്ടിലൂടെ വിദേശ വാണിജ്യ വായ്പകളായി 2150 കോടി രൂപ വിജയകരമായി കിഫ്ബി സമാഹരിച്ചിരുന്നു. 1999-ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് നിഷ്കർഷിച്ച എല്ലാ അനുമതികളും നേടിയ ശേഷമാണ് അന്ന് പ്രസ്തുത മസാല ബോണ്ടുകൾ വഴി കിഫ്ബി പണം സമാഹരിച്ചത്. മസാല ബോണ്ട് വഴി ഫണ്ട് സ്വരൂപിക്കുന്ന ആദ്യ സംസ്ഥാന സർക്കാർ ഏജൻസിയായി കിഫ്ബി ചരിത്രത്തിൽ ഇടം നേടി. ഇത് അന്താരാഷ്‌ട്ര തലത്തിൽ കിഫബിയ്ക്ക് വളരെയധികം മതിപ്പ് നേടിത്തരുകയും തന്മൂലം അന്താരാഷ്‌ട്ര ആഭ്യന്തര നിക്ഷേപകർക്കിടയിൽ കിഫ്ബിയുടെ സ്ഥാനം ഉയരുവാൻ സഹായിക്കുകയും ചെയ്തു. ഈ ബോണ്ടുകൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലും സിംഗപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലും വിജയകരമായി ലിസ്റ്റ് ചെയ്യപ്പെട്ടു.

മസാല ബോണ്ടിലൂടെ വായ്പ സമാഹരിച്ച കേന്ദ്ര ഏജൻസികൾ കൂടി ഉണ്ട് എന്നതാണ് വസ്തുത. എൻഎച്ച്എഐ (3000 കോടി), എൻറ്റിപിസി (4000 കോടി), ഐ.ആർ.ഇ.ഡി.എ (1950 കോടി) മുതലായവ ഇതിൽ ഉൾപ്പെടുന്നു.
2021 ഫെബ്രുവരി 3-ന് 1999-ലെ ഫെമ ആക്ട് പ്രകാരം കിഫ്ബിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയക്കുകയുണ്ടായി. എന്നാൽ സമൻസിന്റെ കാരണമോ അന്വേഷണ വിഷയമോ വ്യക്തമാക്കിയിരുന്നില്ല.കിഫ്ബിയെ പ്രതിനിധീകരിച്ച് ജോയിന്റ് ഫണ്ട് മാനേജർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട എല്ലാ രേഖകളും സമർപ്പിച്ചു. 2021 ഫെബ്രുവരി 17, 2021 ഫെബ്രുവരി 25, 2021 മാർച്ച് 1, 2022 ജൂലൈ 19 എന്നീ തീയതികളിലായി ഇതിനകം നാലുതവണ അവർ കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകേണ്ടി വന്നു. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥർ ആഗ്രഹിച്ച ഉത്തരങ്ങൾ പറയുവാൻ പ്രേരിപ്പിക്കുന്ന ശക്തമായ സമ്മർദ്ദവും അവർക്ക് നേരിടേണ്ടി വന്നുവെന്നാണ് മനസ്സിലാക്കുന്നത്.

2021 ഡിസംബർ 15-ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നേരിട്ട് ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലേക്ക് വിളിപ്പിച്ചു. മസാല ബോണ്ടിന്റെ പേപ്പർ വർക്ക് കൈകാര്യം ചെയ്ത കിഫ്ബിയിലെ മറ്റ് ഉദ്യോഗസ്ഥരെയും ഒന്നിലധികം തവണ വിപുലമായ ചോദ്യം ചെയ്യലിന് വിധേയമാക്കി.ഖേദകരമെന്നു പറയട്ടെ, മുകളിൽ സൂചിപ്പിച്ച ചോദ്യം ചെയ്യലുകളുടെ പരമ്പരയിൽ, ചോദ്യം ചെയ്യലിന്റെ ഉദ്ദേശ്യത്തെക്കുറിച്ചോ അന്വേഷിക്കുന്ന വിഷയത്തെക്കുറിച്ചോ ഒരു വ്യക്തതയും ഉണ്ടായിരുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട ആയിരക്കണക്കിന് പേജുകൾ വരെയുള്ള എല്ലാ രേഖകളും ഈ ഓരോ അവസരത്തിലും ആ അന്വേഷണ ഏജൻസിയ്ക്ക് യഥാവിധി നൽകിയിട്ടുമുണ്ട്.

കിഫ്ബിക്ക് അത്തരം സമൻസുകൾ ലഭിക്കുന്നതിന് മുമ്പ് തന്നെ, ഈ അന്വേഷണങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ പലപ്പോഴും മാധ്യമങ്ങൾക്ക് നൽകിയിരുന്നു എന്നത് വളരെ ആശങ്കാജനകമായൊരു വസ്തുതയാണ്. ഈ ചോദ്യം ചെയ്യലുകളും വാർത്താ ചോർച്ചകളും 2021 ഏപ്രിലിൽ നടക്കാനിരുന്ന നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള മാസങ്ങളിലായിരുന്നു. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ലാക്കാക്കിയുള്ള അന്വേഷണങ്ങളായിരുന്നു ഇത് എന്ന് സംശയിപ്പിക്കുന്നതാണ്.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ദുരുപയോഗം ചെയ്യുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുൻ ധനകാര്യ മന്ത്രിയും കിഫ്ബി വൈസ് ചെയർപേഴ്സനുമായിരുന്നു ഡോ. ടി. എം. തോമസ് ഐസക്കിന് സമൻസ് അയച്ചത്.

2022 ജൂലായ് 12 തീയതി വച്ചുള്ള ഈ സമൻസ് 2022 ജൂലായ് 18-ന് മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. സമൻസ് ഡോ. തോമസ് ഐസക്കിന് യഥാസമയം ലഭിച്ചില്ലെങ്കിലും ഒരു പ്രമുഖ മലയാള ദിനപത്രം സമൻസ് സംബന്ധിച്ച വാർത്ത കാലേകൂട്ടി റിപ്പോർട്ട് ചെയ്തു എന്നത് ശ്രദ്ധേയമാണ്. സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനും അതിന്റെ വികസന അജണ്ടയും പുരോഗതിയും തടയാനുമുള്ള വളരെ ഗൂഢമായ ശ്രമമാണിത്.
ആദായനികുതി വകുപ്പിന്റെ നടപടികൾ
സംസ്ഥാന സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളിലും ദുരുപയോഗത്തിലും മറ്റൊരു ദൗർഭാഗ്യകരമായ സംഭവ വികാസമാണ് കിഫ്ബിക്ക് എതിരായ ആദായനികുതി വകുപ്പിന്റെ നടപടികളിൽ പ്രതിഫലിക്കുന്നത്.

സ്പെഷ്യൽ പർപ്പസ് വെഹിക്കിൾസ് (എസ്.പി.വി) ഏർപ്പെടുത്തിയ കരാറുകാർക്കുള്ള ബില്ലുകളുടെ പേയ്‌മെന്റിന്റെ ടി.ഡി.എസ്, ഇൻകം ടാക്സ് ആക്ട് 1960 ന്റെ പരിധിയിൽ ഉൾപ്പെടുത്തി അന്വേഷണത്തിന് വിധേയമാക്കിയതായിരുന്നു ഈ നീക്കം.
കിഫ്ബി അംഗീകരിച്ച ഓരോ പ്രോജക്റ്റിനെയും നിയന്ത്രിക്കുന്ന ഒരു കരാർ ഉണ്ട്. ബന്ധപ്പെട്ട സർക്കാർ വകുപ്പിന്റെ സെക്രട്ടറി, സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന്റെ (SPV) മേധാവി, കിഫ്ബിയുടെ സി.ഇ.ഒ എന്നിവർ തമ്മിലാണ് ഈ ത്രികക്ഷി കരാർ. ഈ ത്രികക്ഷി കരാറിന്റെ നിബന്ധനകൾ പ്രകാരം, പ്രോജക്ടുകളുടെ നിർമ്മാണം ഏറ്റെടുക്കുന്ന കരാറുകാരനുമായിട്ടുള്ള ഉടമ്പടിയുടെ പൂർണ ഉത്തരവാദിത്തം എസ്‌പിവിക്ക് മാത്രമായിരിക്കും. കൂടാതെ, ടി.ഡി.എസ് ഉൾപ്പെടെയുള്ള എല്ലാ നികുതി ബാധ്യതകളും അവർക്ക് നൽകുന്ന ബിൽ തുകയിൽ നിന്ന് കിഴിവ് ചെയ്ത് ആദായനികുതി വകുപ്പിന് അടക്കേണ്ടത് എസ്.പി.വിയുടെ ചുമതലയാണ്.

ഈ ക്രമീകരണം ആദായനികുതി വകുപ്പിന്റെ അന്വേഷണ വേളയിൽ പലതവണ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഇത് വകവയ്ക്കാതെ കിഫ്ബി ധനസഹായം നൽകുന്ന പദ്ധതികളുടെ നടത്തിപ്പിന് ആധാരമായ ത്രികക്ഷി കരാറിലെ വ്യവസ്ഥകൾ അവഗണിച്ചാണ് ആദായനികുതി വകുപ്പ് കിഫ്ബിക്കെതിരെ നടപടികൾ ആരംഭിച്ചത്.
വളരെ ആശ്ചര്യകരമായ ഈ നീക്കത്തിൽ, കൊച്ചിയിലെ ആദായനികുതി കമ്മീഷണറുടെ നേതൃത്വത്തിലുള്ള പതിനഞ്ചോളം ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം 2021 മാർച്ച് 25 ന് ഉച്ചയ്ക്ക് കിഫ്ബിയുടെ ഓഫീസിൽ മുന്നറിയിപ്പില്ലാതെ കടന്നുവന്നു. അന്വേഷണത്തിന്റെ പേരിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറേയും കിഫ്ബിയിലെ മുതിർന്ന ഉദ്യോഗസ്ഥരേയും രാത്രി 10 മണി വരെ ഏകദേശം പത്ത് മണിക്കൂറോളം തടഞ്ഞു വെച്ചുചോദ്യം ചെയ്തു. ആദായനികുതി വകുപ്പിന്റെ മൂല്യനിർണ്ണയ അതോറിറ്റി ടിഡിഎസ് അടയ്ക്കുന്നവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്ന സാധാരണ രീതിയുമായി ഈ രീതി തികച്ചും വ്യത്യസ്തമായിരുന്നു എന്നതാണ് ഇതിനെ സംശയാസ്പദമാക്കുന്നത്.
സാധാരണ രീതിയിൽ, നികുതിദായകർ അസ്സെസ്സ്മെന്റ് അതോറിറ്റി/ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നേരിട്ടോ പ്രതിനിധി വഴിയോ നൽകുകയാണ് ചെയ്യാറുള്ളത്. ഈ കീഴ്വഴക്കത്തിന് വിരുദ്ധമായി, കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഒരു സംഘം കിഫ്ബി സന്ദർശിച്ച് 10 മണിക്കൂറിലധികം ചോദ്യം ചെയ്യുന്നതിനായി അതിലെ ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കുവാൻ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. എന്നിരുന്നാലും, ഒരു റെയ്ഡിന്റെ സ്വഭാവത്തിലുള്ള ഈ ചോദ്യം ചെയ്യൽ മാധ്യമങ്ങളിൽ വിപുലമായി ചർച്ച ചെയ്യപ്പെട്ടു. 2021 ഏപ്രിലിൽ നിയമസഭ തെരഞ്ഞെടുപ്പിന് പന്ത്രണ്ട് ദിവസം മുമ്പാണ് ഇത് നടന്നത് എന്നതും ശ്രദ്ധേയമാണ്.

കൃത്യനിർവ്വഹണത്തിൻറെ ഭാഗമായോ ആദായനികുതി നിയമങ്ങൾക്ക് കീഴിലുള്ള ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനോ അല്ല, മറിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് അത്തരം നടപടികൾ ഉണ്ടായത് എന്ന് ഉറപ്പിച്ച് പറയാവുന്നതാണ്. ഈ വിഷയം പിന്നീട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ മുമ്പാകെ എത്തുകയും, ബഹുമാനപ്പെട്ട കോടതി അത് സ്റ്റേ ചെയ്യുകയുമുണ്ടായി.ധനകാര്യ മന്ത്രി എന്ന നിലയിൽ, ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന ഫെഡറൽ സാമ്പത്തിക ഘടനയുടെ ഇത്തരം കടുത്ത ലംഘനങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രിക്ക് വിശദമായ ഒരു കത്ത് തയ്യാറാക്കി അയക്കുന്നുണ്ട്.

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ ഗുരുതരമായ ആക്രമണത്തിന് വിധേയമാകുന്ന ഈ സ്ഥിതിവിശേഷത്തെക്കുറിച്ച് നമ്മളോരോരുത്തരും ശ്രദ്ധാലുക്കളായിരിക്കണമെന്ന് ഞാൻ ഈ സഭയോട് അഭ്യർത്ഥിക്കുന്നു. ഭരണഘടനയുടെ അന്തസത്തയെ മാനിക്കാതെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതും, കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിവിധ ഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ട് സംസ്ഥാനത്തിന്റെ ധനകാര്യ അധികാരങ്ങളെ ഹനിക്കുന്നതുമായ നീക്കങ്ങളാണ് നടക്കുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഭാവിയെ ബാധിക്കുന്നതും, ഫെഡറലിസത്തെ തകർക്കുന്നതുമായ ഈ വിഷയങ്ങൾ ഗൗരവമായ പരിശോധനയ്ക്കായി ഞാൻ ഈ സഭയിൽ സമർപ്പിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here