ADVERTISEMENT
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ (National Herald Case) കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ (Sonia Gandhi) ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. പാര്‍ലമെന്‍റിലും പുറത്തും നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വലിയ പ്രതിഷേധങ്ങള്‍ക്കിടയിലായിരുന്നു ചോദ്യം ചെയ്യല്‍. എ.ഐ.സി.സി (AICC) ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെലോട്ട് ഉള്‍പ്പടെയുള്ള നേതാക്കളെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്തു. ഇഡി (ED) നീക്കത്തില്‍ അപലപിച്ച് 13 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന ഇറക്കി.
രാവിലെ പതിനൊന്ന് മണിക്ക് ശേഷം രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയാഗാന്ധി പത്ത് ജന്‍പഥില്‍ നിന്ന് ഇ.ഡി ഓഫീസിലേക്ക് നീങ്ങിയത്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമൊക്കെ വാഹനത്തെ അനുഗമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമായി. ഏറെ പണിപ്പെട്ടാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ സോണിയാഗാന്ധിയുടെ വാഹനം മുന്നോട്ടുകൊണ്ടുപോയത്.
ഇ.ഡി നീക്കത്തിനെതിരെ പാര്‍ലമെന്‍റ് സ്തംഭിപ്പിച്ച് കോണ്‍ഗ്രസ് എം.പിമാര്‍ കൂടി എ.ഐ.സി.സി ആസ്ഥാനത്തേക്ക് എത്തിയതോടെ പ്രതിഷേധം ശക്തമായി. റോഡില്‍ കുത്തിയിരുന്ന പ്രതിഷേധിച്ച നേതാക്കളെ പൊലീസ് ബലമായി നീക്കി. അശോക് ഗെലോട്ട്, അധിര്‍ രഞ്ജന്‍ ചൗധരി, കെ.സി.വേണുഗോപാല്‍, ശശി തരൂര്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ പതിനൊന്നരയോടെ ഇ.ഡി ഓഫീസിലെത്തിയ സോണിയാഗാന്ധിയെ മൂന്നര മണിക്കൂറോളം ആദ്യ ദിവസം ഇ.ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. പാര്‍ലമെന്‍റില്‍ ചേര്‍ന്ന 13 പ്രതിപക്ഷ പാര്‍ടികളുടെ യോഗം സോണിയാഗാന്ധിക്കെതിരായ ഈ നീക്കത്തില്‍ അപലപിച്ചു. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ പകപോക്കലിനായി കേന്ദ്രം ദുരുപയോഗം ചെയ്യുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. കേരള സര്‍ക്കാരിനെ ദുരബലപ്പെടുത്താനും ഇ.ഡി നീക്കമുണ്ടെന്ന് യോഗത്തില്‍ ഇടതുപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ കോണ്‍ഗ്രസ് പൊതു നിലപാട് നിലപാട് സ്വീകരിക്കാന്‍ തയ്യാറാകണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.