Droupadi Murmu; ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി

ദ്രൗപദി മുര്‍മു (Droupadi Murmu) ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ ജയിക്കാൻ വേണ്ട മിനിമം വോട്ടുകൾ ദ്രൗപദി മുര്‍മു നേടി. തമിഴ്നാട് അടക്കം ചില സംസ്ഥാനങ്ങളിൽ കൂടി വോട്ടുകൾ ഇനി എണ്ണാൻ ബാക്കിയുണ്ടെങ്കിലും മികച്ച ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന ദ്രൗപദി മുര്‍മു ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണും. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ വിജയം ഉറപ്പായതിന് പിന്നാലെ ദ്രൗപദി മുര്‍മുവിനെ നേരിൽ കണ്ട് അനുമോദനം അ‍ര്‍പ്പിച്ചു.

ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി.

ഇന്ത്യയിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ ​ഗോത്രവർ​ഗ വിഭാ​ഗത്തിലെ സ്ത്രീയാണ് ദ്രൗപതി മുർമു. ഒഡീഷ സ്വദേശിനിയായ ദ്രൗപതിയ്ക്ക് ഒഡീഷയിലെ ദളിത് രാഷ്ട്രീയത്തിലുള്ള സ്വാധീനം ചെറുതല്ല. രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപതിയെ കൊണ്ടു വന്നതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ കണക്കുകൂട്ടലുകളുണ്ടെന്നതിൽ തർക്കമില്ല. ആദ്യ ദളിത് രാഷ്ട്രപതി വഴി ദളിത് വിഭാ​ഗവുമായി കൂടുതല്‍ അടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലാണ് ദ്രൗപദിയുടെ ജനനം. സന്താള്‍ വശജയാണ് ദ്രൗപദി. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണര്‍ എന്ന നേട്ടവും ദ്രൗപദിയുടെ പേരിലാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ആദിവാസി വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്. ഒഡിഷയില്‍ 2000 മുതല്‍ 2004 വരെയുള്ള കാലയളവില്‍ വാണിജ്യ-ഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്തിരുന്നു. പരേതനായ ശ്യാം ചരണ്‍ മുര്‍മുവാണ് ദ്രൗപദിയുടെ ഭര്‍ത്താവ്.

2000 മുതല്‍ 2014 വരെ റയ്‌റങ്ക്പൂര്‍ അസംബ്ലിനിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു ദ്രൗപതി. 2000 മുതല്‍ 2002 വരെ ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വാതന്ത്ര ചുമതലയുള്ള വാണിജ്യ ഗതാഗതമന്ത്രിയായിരുന്നു. 2015ലാണ് ഝാര്‍ഖണ്ഡ് ഗവര്‍ണറാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News