Neeraj Chopra: നീരജ് ചോപ്ര ഫൈനലിൽ

ലോക അത് ലറ്റിക്ക് മീറ്റിൽ മെഡൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ ഗോൾഡൻ ബോയ്. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര(neeraj chopra) ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍(final) പ്രവേശിച്ചു. തന്റെ ആദ്യ ശ്രമത്തില്‍ 88.39 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് ചോപ്ര ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്.

ഞായറാഴ്ചയാണ് ഈ ഇനത്തിലെ മെഡല്‍ റൗണ്ട്(medal round). 90 മീറ്ററിലേക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര എത്തുമോ എന്ന കാത്തിരിപ്പിലായിരുന്നു കായിക പ്രേമികള്‍. ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ എറിഞ്ഞ് നീരജ് സ്വര്‍ണവും ദേശിയ റെക്കോര്‍ഡും തന്റെ പേരിലാക്കിയിരുന്നു.

ജാവലിന്‍ ത്രോയില്‍ ഈ വര്‍ഷം കണ്ടതില്‍ ഏറ്റവും മികച്ച മൂന്നാമത്തെ ദൂരമാണ് ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ എറിഞ്ഞ് നീരജ് ചോപ്ര കണ്ടെത്തിയിരുന്നത്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാന്‍ 86.65 മീറ്റര്‍ ദൂരം മാത്രമാണ് വേണ്ടിയിരുന്നത്‌. അത് നീരജിന് അനായാസം സാധിച്ചു.

ടോക്യോ ഒളിമ്പിക്സിന്റെ 120 വർഷത്തെ ചരിത്രത്തിലാദ്യമായി അത്ലറ്റിക്സിൽ നീരജ് ചോപ്ര മെഡൽ നേടിയപ്പോൾ തിരുത്തിക്കുറിച്ചത് ചരിത്രമായിരുന്നു. 136 കോടി ജനങ്ങൾ കാത്തിരുന്ന സ്വർണം എക്കാലത്തെയും മികച്ച കായിക ഇതിഹാസമായ മിൽഖാ സിംഗിന് സമർപ്പിച്ചാണ് ഈ ഹരിയാനക്കാരൻ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയത്.

ടോക്കിയോ ഒളിമ്പിക്സിൽ 87.58 മീറ്റർ ദൂരം എറിഞ്ഞ നീരജ് രണ്ടര മാസത്തിന് ശേഷം നടന്ന പാവോനൂർമി ഗെയിംസിൽ 89.30 മീറ്റർ ദൂരം താണ്ടി വെള്ളിയും കൂർട്ടേൻ ഗെയിംസിൽ 86.90 മീറ്റർ ദൂരം എറിഞ്ഞ് സ്വർണവും നേടി. സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്ന ഡയമണ്ട് ലീഗിൽ 89.94 മീറ്റർ എറിഞ്ഞ് പുതിയ ദേശീയ റെക്കോർഡിട്ടാണ് ഈ ഹരിയാനക്കാരൻ വെള്ളി നേടിയത്.

ഡയമണ്ട് ലീഗിൽ ഒരിന്ത്യക്കാരൻ നേടുന്ന ചരിത്ര മെഡൽ കൂടിയായിരുന്നു നീരജിന്റേത്. 2003 ലെ പാരീസ് ലോക അത്ലറ്റിക് മീറ്റിൽ ലോങ്ജംപിൽ അഞ്ജു ബോബി ജോർജ് നേടിയ വെങ്കല മെഡൽ മാത്രമാണ് ഏക ഇന്ത്യൻ നേട്ടം. മെഡൽ നേട്ടത്തിലൂടെ അഞ്ജുവിന്റെ പിൻഗാമിയാകാൻ ഉറച്ചാണ് നീരജ് ചോപ്രയുടെ തയ്യാറെടുപ്പ്. നിലവിൽ ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനത്താണ് നീരജ് ചോപ്ര. 89.94 മീറ്ററാണ് താരത്തിന്റെ സീസൺ ബെസ്റ്റ്. 93.07 മീറ്ററാണ് ഈ സീസണിലെ ലോക നിലവാരത്തിലുള്ള മികച്ച പ്രകടനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here