Dileep: നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

നടി(actress)യെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച്(crime branch) ഇന്ന് സമർപ്പിക്കും. ആറ് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കുന്നത്. എട്ടാം പ്രതി ദിലീപി(dileep)നെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തിയത് സംബന്ധിച്ചും കോടതിയെ അറിയിക്കും. അതേ സമയം ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പ്രതിചേർത്തുള്ള അധിക കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും സമർപ്പിക്കും.

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി അനുവദിച്ച തുടരന്വേഷണ കാലാവധി അവസാനിക്കുന്നതോടെയാണ് ക്രൈംബ്രാഞ്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത്. എട്ടാം പ്രതിയായ നടന്‍ ദിലീപിന്‍റെ പങ്കാളിത്തം ഉറപ്പാക്കുന്ന കൂടുതൽ തെളിവുകൾ തുടരന്വേഷണ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതുൾപ്പെടെ ദിലീപിനെതിരെ പുതിയ കുറ്റങ്ങൾ ചുമത്തിയതും ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ അറിയിക്കും.

തുടരന്വേഷണത്തിൽ കണ്ടെത്തിയ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പ്രതിചേർത്തതുൾപ്പടെയുള്ള വിവരങ്ങളും അന്തിമ റിപ്പോർട്ടിലുണ്ടാകും. ശരത്തിനെ പ്രതിയാക്കിയുള്ള അധിക കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാകും സമർപ്പിക്കുക. മജിസ്ട്രേറ്റ് കോടതി, കുറ്റപത്രം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കയക്കും.

പിന്നീട് ഇത് വിചാരണക്കോടതിയിലെത്തും. കേസിൽ വിചാരണ അവസാന ഘട്ടത്തിലെത്തി നിൽക്കെയാണ് കഴിഞ്ഞ ഡിസംബറിൽ, ദിലീപിന്‍റെ സുഹൃത്തായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാർ മാധ്യമങ്ങളിലൂടെ പുതിയ വെളിപ്പെടുത്തൽ നടത്തിയത് .ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമെത്തിയെന്നുമായിരുന്നു വെളിപ്പെടുത്തൽ.

തുടർന്ന് കോടതി അനുമതിയോടെ ജനുവരി 4 ന് കേസിൽ തുടരന്വേഷണമാരംഭിച്ചു. പിന്നീട് പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരം നാല് തവണയായി ഹൈക്കോടതി ജൂലൈ 22 വരെ അന്വേഷണത്തിന് സമയം നീട്ടി നൽകുകയായിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി 138 സാക്ഷികളുടെ മൊഴിയെടുക്കുകയും 269 രേഖകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.

ദിലീപ് ഉൾപ്പടെ 10 പേരുടെ ശബ്ദ സാമ്പിൾ പരിശോധിക്കുകയും ചെയ്തിരുന്നു. ആദ്യഘട്ട വിചാരണയുടെ ഭാഗമായി 207 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇനിയും നൂറിലധികം സാക്ഷികളെ വിസ്തരിക്കാനുണ്ട്. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചാൽ അധികം വൈകാതെ വിചാരണ പുനരാരംഭിക്കാനാണ് കോടതി തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News