Dr.John Brittas MP : ആരോഗ്യം മൗലിക അവകാശം ആക്കണം : ഡോ ജോണ്‍ ബ്രിട്ടാസ് എം പി

ആരോഗ്യം മൗലിക അവകാശം ആക്കണമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എം പി (Dr.John Brittas MP ). രാജ്യസഭയിൽ Right to Health ബില്ലിൻമേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 40% ആളുകൾ ആശുപത്രിയിൽ പോകാൻ കടം വാങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദില്ലിയിൽ ആംആദ്മി മൊഹല്ല ക്ലിനിക്കുകൾ തുടങ്ങി എന്ന് പറയുന്നു.എന്നാൽ കേരളത്തിൽ 50 വർഷങ്ങൾക്ക് മുമ്പേ പ്രൈമറി ഹെൽത്ത് സെന്ററുകൾ തുടങ്ങിയത് ആണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

കേരളത്തിലെ എല്ലാ വില്ലേജിലും പ്രൈമറി ഹെൽത്ത് സെന്റർ ഉണ്ട്. കൊവിഡ് സമയത്ത് 95% കൊവിഡ് രോഗികളെയും സൗജന്യമായി ചികിത്സിച്ചു.5% ആളുകൾ മാത്രമാണ് സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തെക്കുറിച്ച് ഇനി പ്രതിപാദിക്കുന്നില്ലെന്നും കേരളത്തെക്കുറിച്ചു പറയുമ്പോൾ ഇവിടെ ചില അംഗങ്ങൾക്ക് അസ്വസ്ഥത ഉണ്ടാകുന്നുണ്ടെന്നും ഡോ ജോണ്‍ ബ്രിട്ടാസ് എം പി കൂട്ടിച്ചേര്‍ത്തു.

രാജ്യസഭയില്‍ രണ്ട് സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ കേന്ദ്രസർക്കാർ ഏകപക്ഷീയമായി നിയമനിർമാണം നടത്തുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടുകൂടിയുള്ള ഭരണഘടന ഭേദഗതി ബില്ലും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ നീതിരഹിതമായി വിറ്റഴിക്കുന്നത് തടയുന്നതിനു വേണ്ടി സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസ് (പ്രൊട്ടക്ഷൻ ഓഫ് ഇന്ററസ്റ്റ്‌സ് ഓഫ് സ്റ്റേറ്റ്‌സ്) എന്ന ബില്ലുമാണ് ഡോ.ജോൺ ബ്രിട്ടാസ് എംപി(John Brittas M P) ഇന്ന് രാജ്യസഭയിൽ(Rajyasabha) അവതരിപ്പിച്ചത്.

ഭരണഘടന വിഭാവനം ചെയ്യുന്ന കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുന്ന തരത്തിൽ സമീപകാലത്തായി കേന്ദ്രഗവൺമെന്റ് ഭരണഘടനയുടെ 7-ാം ഷെഡ്യൂളിന്റെ മൂന്നാം പട്ടികയിൽ വിവരിക്കുന്ന കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങളിന്മേൽ സംസ്ഥാനങ്ങളുമായി വേണ്ടത്ര കൂടിയാലോചനകൾ നടത്താതെ ഏകപക്ഷീയമായി നിയമനിർമാണം നടത്തുന്ന പ്രവണത വർദ്ധിച്ചു വരുന്നു.

വിദ്യാഭ്യാസ മേഖലയിലും കോ-ഓപ്പറേറ്റീവ് മേഖലയിലുമെല്ലാം ഇപ്രകാരമുള്ള ഇടപെടലുകൾ ക്രമാതീതമായി വർദ്ധിച്ചു വരുന്നതായാണ് സമീപകാല അനുഭവങ്ങൾ വെളിപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അനിയന്ത്രിത നിയമനിർമാണങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യത്തോടുകൂടി ഡോ. ജോൺ ബ്രിട്ടാസ് എം പി ഭരണഘടന ഭേദഗതി ബിൽ അവതരിപ്പിച്ചത്.

കേന്ദ്രസർക്കാർ കൺകറന്റ് ലിസ്റ്റിൽപ്പെടുന്ന വിഷയങ്ങളിൽ തയ്യാറാക്കുന്ന ബില്ലുകൾ പാർലമെന്റ് അംഗീകരിച്ച ശേഷം സംസ്ഥാനങ്ങൾക്ക് നൽകണമെന്നും തുടർന്ന് പകുതിയിലധികം സംസ്ഥാന നിയമസഭകൾ അംഗീകരിച്ചാൽ മാത്രമേ ആയത് രാഷ്ടപതിയുടെ അംഗീകാരത്തിനായി സമർപ്പിക്കാവൂ എന്നുമുള്ള ഭരണഘടന ഭേദഗതിയാണ് ഈ സ്വകാര്യ ബിൽ മുന്നോട്ട് വെക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള പുതിയ ആത്മനിർഭർ ഭാരത് പോളിസി പ്രകാരം കേന്ദ്രസർക്കാർ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കാനുള്ള നടപടികൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് ഈ പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് വേണ്ടി സൗജന്യമായി ഭൂമിയും സാമ്പത്തിക സഹായവും മറ്റും നൽകിയിട്ടുള്ള സംസ്ഥാനങ്ങളുടെ പങ്ക് വിസ്മരിച്ചു കൊണ്ട് അവരെ പൂർണമായും ഇരുട്ടിൽ നിർത്തികൊണ്ടുള്ള നടപടികളുമായാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്.

എന്ന് മാത്രമല്ല കേന്ദ്ര സ്ഥാപനങ്ങളുടെ ലേല നടപടികളിൽ സംസ്ഥാന ഗവൺമെന്റുകൾ പങ്കെടുക്കുന്നതു പോലും നിഷേധിക്കുന്ന നിലപാടാണ് കേന്ദ്രം ഇപ്പോൾ സ്വീകരിച്ചു വരുന്നത്. കൂടാതെ ഓഹരി വിറ്റഴിക്കൽ നടപടി ക്രമങ്ങളിൽ ഗവൺമെന്റിന്റെ പങ്ക് പരിമിതപ്പെടുത്തി സ്വകാര്യസ്ഥാപനങ്ങളെ കൊണ്ടാണ് മൂല്യനിർണയവും ബിഡ് സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള ടെൻഡർ നടപടികളും നടത്തുന്നത് എന്നത് വ്യാപകമായ വിമർശനത്തിന് ഇടവരുത്തുന്നുമുണ്ട്.

ഇപ്രകാരമുള്ള സ്വകാര്യസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സിഎഎജിയുടെ ഓഡിറ്റിന് വിധേയമാകില്ല എന്നതിനാലും വിവരാവകാശ നിയമം പോലും ബാധകമാകില്ല എന്നതിനാലും ഓഹരി വിറ്റഴിക്കൽ നടപടി ക്രമങ്ങളിൽ സുതാര്യത നിലനിർത്താൻ കഴിയില്ലെന്നും പല കേന്ദ്ര സ്ഥാപനങ്ങളുടെയും മൂല്യനിർണയം കുറഞ്ഞ നിരക്കിലാണ് ചെയ്തിട്ടുള്ളതെന്നുമുള്ള ആക്ഷേപം ഉയർന്ന് വന്നിട്ടുണ്ട്.

രാജ്യത്തിന്റെ വളർച്ചയിൽ നിസ്തുല പങ്ക് വഹിച്ച പൊതുമേഖലസ്ഥാപനങ്ങൾ വിറ്റഴിക്കരുതെന്നും ഏതെങ്കിലും സാഹചര്യത്തിൽ സ്വകാര്യവത്കരണവുമായി കേന്ദ്രം മുന്നോട്ട് പോവുകയാണെങ്കിൽ സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകണമെന്നും നടപടി ക്രമങ്ങളിൽ സുതാര്യത പാലിക്കണമെന്നുമാണ് സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസ് (പ്രൊട്ടക്ഷൻ ഓഫ് ഇന്ററസ്റ്റ്‌സ് ഓഫ് സ്റ്റേറ്റ്‌സ്) ബിൽ വിഭാവനം ചെയ്യുന്നത്.

ഏതെങ്കിലും പൊതുമേഖല സ്ഥാപനം വിറ്റഴിക്കാൻ കേന്ദ്രം തീരുമാനിക്കുന്ന പക്ഷം ആ സ്ഥാപനം ആരംഭിക്കുന്നതിനുവേണ്ടി സൗജന്യമായി ഭൂമിയും സാമ്പത്തിക സഹായവും മറ്റും നൽകിയ സംസ്ഥാനങ്ങൾക്ക് അവ നേരിട്ട് വാങ്ങാനുള്ള അവകാശം നൽകുക, അഥവാ സംസ്ഥാനങ്ങൾ വാങ്ങുന്നതിന് താല്പര്യം പ്രകടിപ്പിക്കാത്ത പക്ഷം സുതാര്യമായ ടെൻഡർ നടപടിക്രമങ്ങൾ പാലിക്കുക, സ്വകാര്യസ്ഥാപനങ്ങളുടെ സേവനം ടെൻഡർ നടപടികളിൽ ഉപയോഗപ്പെടുത്താതിരിക്കുക, എല്ലാ സംസ്ഥാനങ്ങൾക്കും ലേലനടപടികളിൽ ഉപാധികളില്ലാതെ പങ്കെടുക്കാൻ അവസരം നൽകുക, സ്വകാര്യവൽക്കരിക്കുന്ന പക്ഷം സംസ്ഥാനങ്ങൾ ചിലവാക്കിയ തുക ആനുപാതികമായി തിരികെ നൽകുക തുടങ്ങിയ വിഷയങ്ങളാണ് ബില്ലിൽ പ്രതിപാദിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel