BJP : മഞ്ചേശ്വരം കോഴക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി

BJP സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുൾപ്പെട്ട മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി. ബി ജെ പി നേതാവ് അഡ്വ:വി.ബാലകൃഷ്ണ ഷെട്ടി നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കാസർകോഡ് ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്.

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ അഞ്ചാം പ്രതിയും ,ബി ജെ പി സംസ്ഥാന സമിതി അംഗ‍വുമായ അഡ്വ.വി.ബാലകൃഷ്ണ ഷെട്ടി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി തള്ളിയത്.

ബി എസ് പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയെ ഭീഷണിപ്പെടുത്തി കോഴ നൽകി നാമനിർദേശ പത്രിക പിൻവലിപ്പിച്ച കേസിൽ ജൂൺ 6 ന് പ്രതികൾക്കെതിരെ പട്ടിക ജാതി- പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബാലകൃഷ്ണ ഷെട്ടി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നടന്നതായി തെളിഞ്ഞതിനെ തുടർന്നാണ് കോടതി ഹർജി തള്ളിയത്.

തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചുവെന്നും, പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും , സ്മാർട്ട് ഫോണും പാരിതോഷികം നൽകിയെന്നും സുന്ദര വെളിപ്പെടുത്തലിനെ തുടർന്നാണ് കേസെടുത്തത്. സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞടുപ്പ് ഏജന്റായിരുന്ന ബാലകൃഷ്‌ണ ഷെട്ടിയുടെ നേതൃത്വത്തിലാണ്‌ സുന്ദരയെ കെ സുരേന്ദ്രൻ താമസിച്ചിരുന്ന കാസർകോട്ടെ ഹോട്ടൽ മുറിയിലെത്തിച്ചത്. തുടർന്ന് കാസർകോട്‌ കലക്ടറേറ്റിൽ കൊണ്ടുപോയി പത്രിക പിൻവലിപ്പിക്കുകയായിരുന്നു.

അന്യായമായി തടങ്കലിൽ വെയ്ക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ജനപ്രാതിനിധ്യ നിയമത്തിലെ 171 B, E വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here