National Film Awards : സച്ചീ, നിങ്ങൾ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് വാങ്ങുന്നത് നിങ്ങൾ മാത്രം കാണില്ലല്ലോ !!

68-ാമത് ദേശീയ പുരസ്‌കാരത്തിൽ തിളങ്ങി നിൽക്കുകയാണ് അയ്യപ്പനും കോശിയും. മികച്ച സംവിധായകനുൾപ്പടെ നിരവധി പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. തന്റെ സിനിമ ദേശീയതലത്തിൽ അംഗീകരിക്കപ്പെടുമ്പോൾ അത് കാണാൻ സച്ചിയില്ല. ആ സങ്കടത്തെക്കുറിച്ചാണ് പ്രിയപ്പെട്ടവരെല്ലാം പറയുന്നത്..

വികാര നിർഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് യുവ എഴുത്തുകാരനും സൈലം ലേണിങ് ഡയറക്ടറുമായ ലിജീഷ് കുമാർ.സച്ചീ, നിങ്ങൾ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് വാങ്ങുന്നത് നിങ്ങൾ മാത്രം കാണില്ലല്ലോ !! എന്ന് ലിജീഷ് കുമാർ തന്റെ ഫെയ്സ് ബുക്കിൽ കുറിച്ചു.

ലിജീഷ് കുമാര്‍ പങ്കുവച്ച ഫെയ്സ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

സച്ചീ, നിങ്ങൾ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് വാങ്ങുന്നത് നിങ്ങൾ മാത്രം കാണില്ലല്ലോ !!
………………………………………………………….
നമ്പി നാരായണനെ കേട്ട് തിരുവനന്തപുരത്തെ ആഗ്ര ലെയിൻ 2 വിലെ അദ്ദേഹത്തിന്റെ 19 ആം നമ്പർ വീട്ടിലിരിക്കുമ്പോഴാണ് ‘ദേശീയ ചലച്ചിത്ര അവാർഡ്‌ സച്ചിക്ക്’ എന്ന മെസേജ് വരുന്നത്.

നമ്പി സാറിന്റെ ഭംഗിയുള്ള പുഞ്ചിരി കാണാൻ കൊതിച്ച് ഞാനദ്ദേഹത്തോട് സ്റ്റീഫൻ ക്രേനെക്കുറിച്ച് പറയാൻ തുടങ്ങുകയായിരുന്നു അപ്പോൾ. ദി ഓപ്പൺ ബോട്ട് എന്നൊരു ചെറുകഥയുണ്ട്, “None of them knew the colour of the sky” എന്ന് സ്റ്റീഫൻ ക്രേൻ എഴുതിയത് അതിലാണ്. ആർക്കും കാണാൻ കഴിയാത്ത കാഴ്ചകൾ കണ്ടൊരാൾ ഭാഗ്യവാൻ എന്നല്ലേ !!

അങ്ങനേ കരുതിയാൽ മതി. ദുരന്ത നായകനല്ല, പത്മവിഭൂഷൺ നമ്പി നാരായണൻ ഭാഗ്യവാനാണ് എന്ന്. സച്ചിയുമതെ,
സച്ചി പോയ ശേഷം പലപ്പോഴും ഞാനീ പടം നോക്കിയിരിക്കാറുണ്ട്. എന്തായിരിക്കും ഇവരിരുന്ന് സംസാരിക്കുന്നത് എന്ന് ചുമ്മാ ആലോചിക്കും. ഇതുവരെ ആരും കാണാത്ത ഒരയ്യപ്പൻ നായരെക്കുറിച്ചാവും.

ഒരു കോട്ടയംകാരനച്ചായന്റെയും പോലീസുകാരന്റെയും പകയെ ഷാജി കൈലാസിന്റെ കടുവയിൽ കണ്ടപ്പോഴും ഞാനോർത്തത് സച്ചിയെയാണ്. സച്ചി എത്ര ദൂരം സഞ്ചരിച്ചു കഴിഞ്ഞിരു എന്ന് . സച്ചി എത്ര മുന്നോട്ട് പോയിരുന്നു എന്ന്.

ആകാശത്തിന്റെ നിറം അവരാരും കണ്ടിട്ടില്ല എന്ന് സ്റ്റീഫൻ ക്രേൻ എഴുതി വെച്ചത് സച്ചിയുടെ ഡയലോഗാണ്. ആരും കാണാത്ത കാഴ്ചകൾ കാണാൻ ഇറങ്ങിത്തിരിക്കുന്ന ഒരാൾക്ക് എല്ലാവർക്കും കാണാൻ കഴിയുന്ന ചിലത് നഷ്ടമാവും. സച്ചീ, നിങ്ങൾ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് വാങ്ങുന്നത് നിങ്ങൾക്ക് കാണാൻ കഴിയില്ലല്ലോ !!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here