Kallakurichi: കള്ളാക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; മൃതദേഹം ഇന്ന് രക്ഷിതാക്കള്‍ ഏറ്റുവാങ്ങും

തമിഴ്‌നാട്(Tamil Nadu) കള്ളാക്കുറിച്ചിയില്‍(Kallakurichi) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം രക്ഷിതാക്കള്‍ ഇന്ന് ഏറ്റുവാങ്ങും. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മൃതദേഹം ഏറ്റുവാങ്ങി, കടലൂര്‍ പെരിയ നെസലൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും. പുറത്തു നിന്നുള്ളവരെയോ ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളവരെയോ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിയ്ക്കില്ലെന്ന് പൊലീസ് അറിയിച്ചു. വൈകുന്നേരത്തിനുള്ളില്‍ സംസ്‌കാരം നടക്കും.

അതേസമയം പെണ്‍കുട്ടി താഴേക്കുചാടി ജീവനൊടുക്കിയ സ്‌കൂള്‍ ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പടക്കം സിബിസിഐഡി നടത്തി. കുട്ടിയുടെ ശരീരത്തിലെ പരിക്കുകളും ഡമ്മിക്കുണ്ടായ കേടുപാടും തമ്മില്‍ സാമ്യമുണ്ടെന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിന്റെ ഫോറന്‍സിക്, കയ്യക്ഷര പരിശോധനകളും നടത്തി. പ്രതിഷേധത്തിനിടെ ആസൂത്രിത ആക്രമണം നടന്നതിനെപ്പറ്റി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘവും സ്‌കൂളിലും പരിസരത്തുമെത്തി തെളിവെടുത്തു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന കള്ളക്കുറിച്ചിയില്‍ നിരോധനാജ്ഞ തുടരുകയാണ്.

തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി കഴിഞ്ഞ ആഴ്ചയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. കെമിസ്ട്രി, കണക്ക് അധ്യാപകര്‍ തന്നെ വല്ലാതെ മാനസിക സംഘര്‍ഷത്തില്‍ ആക്കുന്നുവെന്ന് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.

ഇംഗ്ലീഷ് ലിപിയിലെഴുതിയ തമിഴിലാണ് കുറിപ്പ്. താന്‍ പഠിക്കാത്ത കുട്ടിയാണെന്ന് അധ്യാപകര്‍ എല്ലാവരോടും പറയുന്നു. രസതന്ത്രത്തിലെ സമവാക്യങ്ങള്‍ ഓര്‍മയില്‍ നില്‍ക്കുന്നില്ല. എല്ലാവരും കളിയാക്കുന്നു. തന്നെ മാത്രമല്ല, മറ്റ് കുട്ടികളേയും കണക്ക് ടീച്ചര്‍ ഈ വിധം വഴക്കുപറയാറുണ്ട്. എന്നിങ്ങനെയാണ് കുട്ടി എഴുതിയിരിക്കുന്നത്. സ്‌കൂള്‍ ഫീസ് തന്റെ അമ്മയ്ക്ക് തിരികെ നല്‍കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News