നടിപ്പിന്‍ നായകന് പുറന്തന്നാള്‍ വാഴ്ത്തുക്കള്‍;ഇത്തവണ ഇരട്ടി മധുരം|Suriya

(Suriya)സൂര്യക്ക് ഇന്ന് പിറന്നാള്‍. (Birthday)പിറന്നാള്‍ ദിനത്തില്‍ ദേശീയ പുരസ്‌കാരം ലഭിച്ച സന്തോഷത്തിലാണ് സൂര്യ. സുധ കൊങ്കര സംവിധാനം ചെയ്ത സൂരരൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സൂര്യയെ തേടി പുരസ്‌കാരം എത്തിയത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലൂടെയാണ് തന്റെ സന്തോഷം ആരാധകരുടെ നടിപ്പിന്‍ നായകന്‍ പങ്കുവെച്ചിരിക്കുന്നത്.

അഞ്ച് അവാര്‍ഡുകള്‍ സൂരരൈ പോട്രിന് ലഭിച്ചത് വളരെയധികം സന്തോഷമുണ്ടാക്കുന്നുവെന്ന് സൂര്യ കുറിച്ചു. മഹാമാരിക്കാലത്ത് ഓ.ടി.ടി റിലീസായെത്തിയ ചിത്രത്തിന് ലഭിച്ച സ്വീകരണത്തില്‍ ഞങ്ങളേവരും ആഹ്ലാദിച്ചിരുന്നു. ആ സന്തോഷം ദേശീയപുരസ്‌കാര ലബ്ധിയിലൂടെ ഇരട്ടിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍ ഗോപിനാഥന്റെ കഥ സിനിമയാക്കുന്നതില്‍ സുധ കൊങ്കര ചെയ്ത കഠിനാധ്വാനത്തിന്റെ ദൃഷ്ടാന്തമാണിതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അപര്‍ണ ബാലമുരളി, സംഗീത സംവിധായകന്‍ ജി.വി. പ്രകാശ്, സുധാ കൊങ്കരയ്‌ക്കൊപ്പം തിരക്കഥാ രചനയില്‍ പങ്കാളിയായ ശാലിനി ഉഷാ നായര്‍ എന്നിവരേയും സൂര്യ അഭിനന്ദിച്ചു. തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം തന്ന സംവിധായകന്‍ വസന്ത് സായി, മണിരത്‌നം എന്നിവര്‍ക്കുള്ള നന്ദിയും അദ്ദേഹം അറിയിക്കുന്നുണ്ട്. തനിക്കൊപ്പം മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ട അജയ് ദേവ്ഗണ്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള മറ്റ് പുരസ്‌കാര ജേതാക്കളായ എഡിറ്റര്‍ ശ്രീകര്‍ പ്രസാദ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, തിരക്കഥാകൃത്തും സംവിധായകനുമായ മഡോണ്‍ അശ്വിന്‍ എന്നിവരേയും സൂര്യ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചു.ഈ സിനിമ നിര്‍മിക്കുന്നതിനും അഭിനയിക്കുന്നതിനും എന്നെ നിര്‍ബന്ധിച്ച ജ്യോതികയ്ക്ക് പ്രത്യേകം നന്ദി പറയുന്നു. ‘എന്നെ എപ്പോഴും പിന്തുണച്ച അച്ഛന്‍, അമ്മ, കാര്‍ത്തി, ബൃന്ദ എന്നിവരോട് എന്റെ സ്‌നേഹം അറിയിക്കുന്നു. ഈ പുരസ്‌കാരം ഞാനെന്റെ മക്കളായ ദിയക്കും ദേവിനും കുടുംബത്തിനും സമര്‍പ്പിക്കുന്നു.’ അദ്ദേഹം എഴുതി. ആരാധകര്‍ക്കും ഇന്ത്യാ ഗവണ്‍മെന്റിനും നന്ദി പറഞ്ഞുകൊണ്ടാണ് സൂര്യ കുറിപ്പ് അവസാനിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel