ADVERTISEMENT
ഒരു കോടിയിലധികം ശേഖരവുമായി രാജ്യത്തെ ആദ്യ താളിയോല മ്യൂസിയം(Palm leaf manuscript museum) തിരുവനന്തപുരത്ത്(Thiruvananthapuram) ഒരുങ്ങുന്നു. ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും തിരുശേഷിപ്പുകളായ താളിയോലകള്‍ ശേഖരിക്കാനും സംരക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനുമായി സംസ്ഥാന പുരാരേഖ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്ത് ആദ്യമായി താളിയോല മ്യൂസിയം ഒരുങ്ങുന്നു. പതിനാലാം നൂറ്റാണ്ട് മുതലുള്ള ഒരു കോടിയിലധികം വരുന്ന താളിയോലകളുടെ ശേഖരമാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുക. വേണാട് കാലഘട്ടം മുതലുള്ള ഭരണരേഖകള്‍, തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളിലെ രാഷ്ട്രീയ-സാമൂഹിക വിവരങ്ങള്‍ അടങ്ങിയ പുരാരേഖാ വകുപ്പിന്റെ കൈവശമുള്ള താളിയോലകളുടെ അപൂര്‍വശേഖരമാണ് മ്യൂസിയത്തില്‍ സജ്ജീകരിക്കുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ മ്യൂസിയം ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
തിരുവനന്തപുരം കോട്ടയ്ക്കകത്തെ സെന്‍ട്രല്‍ ആര്‍ക്കൈവ്സിലാണ് മ്യൂസിയം സജ്ജീകരിക്കുന്നത്. അപൂര്‍വ താളിയോലകള്‍ ഉള്‍പ്പെടെ നേരിട്ട് കാണാനും വായിക്കാനും ഗവേഷണം നടത്താനുമുള്ള സൗകര്യം മ്യൂസിയത്തില്‍ ഉണ്ടാകും. മ്യൂസിയത്തിന്റെ സജ്ജീകരണ ചുമതല കേരള സര്‍ക്കാരിന്റെ മ്യൂസിയം നോഡല്‍ ഏജന്‍സിയായ കേരള ചരിത്ര പൈതൃക മ്യൂസിയത്തിനാണ്. വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്‍മ തുടങ്ങിയ പ്രാചീന ലിപികളിലുള്ള താളിയോലകളുടെ ലിപ്യന്തരണം പ്രദര്‍ശിപ്പിക്കും. ഇതിലൂടെ പ്രാചീന ലിപിയിലുള്ള എഴുത്ത് പരിഭാഷപ്പെടുത്താതെ തന്നെ മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ വായിക്കാം. ഇതിനായി ഒരു ഗവേഷണ സംഘംപുരാരേഖ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
താളിയോലകളില്‍ അധികവും ഭരണപരമായ രേഖകളാണ്. ഉത്തരവുകള്‍, ഭൂമി ക്രയവിക്രയം, കോടതി രേഖകള്‍, മതിലകം രേഖകള്‍ തുടങ്ങിവയും ഉള്‍പ്പെടുന്നു. പാരമ്പര്യ എഴുത്തുവിദ്യയുടെ പരിണാമവും മ്യൂസിയത്തില്‍ കാണാം. പാരമ്പര്യ എഴുത്തുവ്യവസ്ഥയില്‍ ഉപയോഗിച്ചിരുന്ന എഴുത്തുവസ്തുക്കളും സാധാരണ മനുഷ്യര്‍ അവന്റെ ക്രയവിക്രയങ്ങളില്‍ എങ്ങനെയാണ് രേഖ ചമച്ചിരുന്നതെന്നും വ്യക്തമാക്കുന്ന രേഖകളുടെ വിഭാഗവും മ്യൂസിയത്തില്‍ ഉണ്ടാകും. പത്മനാഭപുരം കൊട്ടാരത്തിലേതുപോലെയുളള വിവിധ ഇടങ്ങളിലെ താളിയോലകളുടെ മാതൃകകളും പ്രദര്‍ശിപ്പിക്കും. പുരാരേഖ വകുപ്പിന്റെ കൈവശമുള്ള രേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
മറ്റ് മ്യൂസിയങ്ങളില്‍ നിന്ന് വ്യത്യസ്തമായി താളിയോലകളിലൂടെ പറയുന്ന കേരളത്തിന്റെ ചരിത്രമാണ് മ്യൂസിയത്തില്‍ കാണാനാവുക. പഴയ തറവാടുകളില്‍ ഉള്‍പ്പെടെ കേരളത്തില്‍ പലയിടങ്ങളിലും സംരക്ഷിക്കപ്പെടാതെ നശിക്കുന്ന താളിയോലകളെ വീണ്ടെടുക്കാനും സൂക്ഷിക്കാനും കമ്മ്യൂണിറ്റി ആര്‍ക്കൈവ്സ് എന്ന പേരില്‍ പുരാരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതിയുണ്ട്. ആവശ്യമെങ്കില്‍ താളിയോലകളെ അതത് വീടുകളില്‍ സൂക്ഷിക്കുന്നതിനും വകുപ്പ് സൗകര്യം ഒരുക്കും. കേരളത്തിന്റെ പൈതൃകത്തെ അതിസമ്പന്നമാക്കുന്ന താളിയോലകളുടെ മൂല്യം മനസ്സിലാക്കി അവ ജനകീയവത്ക്കരിക്കുന്നതിനുള്ള വലിയ ശ്രമമാണ് പുരാരേഖ വകുപ്പ് നടത്തുന്നത്. പുരാരേഖകള്‍ നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതും പരിഗണനയിലുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.