Health:ഈ വൈറ്റമിന്‍ ശരീരത്തിന് ലഭിക്കാതെ വരുന്നത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

ആളുകളുടെ മരണത്തെ സംബന്ധിച്ച് ലോകാരോഗ്യസംഘടന പുറത്ത് വിട്ട കണക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ലോകത്ത് ഇന്ന് നടക്കുന്ന മരണങ്ങളില്‍ 32 ശതമാനത്തിനും കാരണം ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങളാണെന്നാണ് കണക്കുകള്‍ പറയുന്നത്. അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരികമായ അധ്വാനത്തിന്റെ അഭാവം, പുകയില ഉപയോഗം, മദ്യപാനം, കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നിങ്ങനെ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

എന്നാല്‍ വൈറ്റമിന്‍ കെ ആവശ്യത്തിന് ശരീരത്തിന് ലഭിക്കാതെ വരുന്നത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് ഓസ്ട്രേലിയയിലെ ന്യൂ എഡിത് കോവന്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. അമിതമായ രക്തമൊഴുക്ക്, നിരന്തരമായ മുറിവുകള്‍, നഖത്തിന് താഴെ രക്തം കട്ടപിടിക്കല്‍, ശരീരത്തിന്റെ പല ഭാഗങ്ങളിലും ആവരണം തീര്‍ക്കുന്ന മ്യൂക്കസ് മെമ്പറൈനില്‍ രക്തസ്രാവം എന്നിവയെല്ലാം വൈറ്റമിന്‍ കെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്. രക്തം കട്ടപിടിക്കാനും മുറിവുകള്‍ ഉണങ്ങാനും എല്ലുകളുടെ ആരോഗ്യത്തിനുമെല്ലാം സഹായിക്കുന്ന അവശ്യ പോഷണമാണ് വൈറ്റമിന്‍ കെ.

വൈറ്റമിന്‍ കെ രണ്ട് തരത്തിലുണ്ട്. ഫില്ലോക്വിനോണ്‍ എന്നറിയപ്പെടുന്ന വൈറ്റമിന്‍ കെയും മെനാക്വിനോണ്‍ എന്നറിയപ്പെടുന്ന വൈറ്റമിന്‍ കെ2 വും ആണ് ഇവ. ഈ രണ്ട് തരം വൈറ്റമിനുകളും രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകള്‍ പുറപ്പെടുവിക്കുന്നു. ചീര, ബ്രക്കോളി, ലെറ്റിയൂസ് പോലുള്ള പച്ചിലകള്‍, സസ്യ എണ്ണകള്‍, ബ്ലൂബെറി, അത്തിപ്പഴം പോലുള്ള പഴങ്ങള്‍, മുട്ട, ചീസ്, കരള്‍, സോയബീന്‍, ഗ്രീന്‍ ടീ എന്നിവയെല്ലാം വൈറ്റമിന്‍ കെ അടങ്ങിയ ഭക്ഷണവിഭവങ്ങളാണ്.

2019-ല്‍ മാത്രം 17.9 ദശലക്ഷം പേരാണ് ഹൃദ്രോഗം ബാധിച്ച് മരണപ്പെട്ടത്. ഹൃദയത്തെയും രക്ത ധമനികളെയും ബാധിക്കുന്ന ആര്‍തെറോസ്‌ക്ളിറോസിസ് അനുബന്ധ ഹൃദ്രോഗത്തിന്റെ സാധ്യത 34 ശതമാനം വരെ കുറയ്ക്കാന്‍ വൈറ്റമിന്‍ കെ സമ്പുഷ്ടമായ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മുതിര്‍ന്നവര്‍ ഒരു കിലോഗ്രാം ശരീരഭാരത്തിന് ദിവസവും ഒരു മൈക്രോഗ്രാം വൈറ്റമിന്‍ കെ വച്ച് കഴിക്കണമെന്ന് യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസസ് നിര്‍ദ്ദേശിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here