ADVERTISEMENT
ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും മാതാവിൻറെ പേരു മാത്രം ചേർക്കാൻ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി(High Court).സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്താൻ അപേക്ഷ നൽകിയാൽ അധികൃതർ അനുവദിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.പീഡനത്തെ തുടർന്ന് അമ്മയായ സ്ത്രീയുടെ മകൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
ലൈംഗിക പീഡനങ്ങളിലെ ഇരകളും അവിവാഹിതകളും പ്രസവിച്ച മക്കൾ രാജ്യത്തിന്റെ മക്കൾ കൂടിയാണെന്ന് കോടതി പറഞ്ഞു. അവരുടെ അവകാശങ്ങൾ നിഷേധിക്കാൻ ഒരു അധികാരിക്കും കഴിയില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ജനന സർട്ടിഫിക്കറ്റിലടക്കം ഹർജിക്കാരൻ ആവശ്യപ്പെട്ട തരത്തിൽ തിരുത്തൽ വരുത്താൻ ഉത്തരവിട്ടു. അവരുടെ സ്വകാര്യതയിലേക്ക് മറ്റുള്ളവർ കടന്നു കയറുമ്പോൾ അവർ അനുഭവിക്കുന്ന മനോവിഷമത്തെക്കുറിച്ച് ആലോചിക്കണം.
മറ്റു പൗരന്മാരെപ്പോലെ ഇവരെ സർക്കാർ സംരക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി.മാലി മാധവൻ നായർ രചിച്ച ‘കർണശപഥം’ ആട്ടക്കഥയിലെ ഭാഗം വിവരിച്ചു കൊണ്ടാണ് ഇത്തരം മാനസിക സംഘർഷം കോടതി ഓർമിപ്പിച്ചത്.
മാതാപിതാക്കളാരെന്ന് അറിയാത്ത കർണൻ അനുഭവിക്കുന്ന മനോവിഷമം വേദവ്യാസൻ മഹാഭാരതത്തിൽ വിവരിക്കുന്നുണ്ട്. അനാഥനെന്ന ശാപം പേറുന്ന കർണന്മാരില്ലാത്ത സമൂഹമാണ് നമുക്കു വേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജിക്കാരൻ അപേക്ഷ നൽകിയാൽ വിദ്യാഭ്യാസ രേഖകളിലും പാസ്പോർട്ടിലും ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളിലും രണ്ടാഴ്‌ചക്കകം തിരുത്തൽ വരുത്തി നൽകാൻ കോടതി ഉത്തരവിട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.