ADVERTISEMENT
ഉത്തര മലബാറിൽ വീടുകളിൽ നിന്ന് വീടുകളിലേക്ക് അനുഗ്രഹം ചൊരിഞ്ഞെത്തുകയാണ് കർക്കിടക തെയ്യങ്ങൾ. പഞ്ഞമാസത്തെ ആദിയും വ്യാധിയുമകറ്റി ഐശ്വര്യം കൊണ്ടുവരുമെന്നാണ് കർക്കിടക തെയ്യത്തിന് പിന്നിലെ വിശ്വാസം. വയൽ വരമ്പിലൂടെയും , നാട്ടിടവഴികളിലൂടെയും ഒറ്റച്ചെണ്ടയുടെ താളത്തിൽ ചിലമ്പ് കിലുക്കി ഗളിഞ്ചൻ വീടുകളിൽ നിന്നും വീടുകളിലേക്ക് യാത്ര ചെയ്യുകയാണ്.
വീട്ടുമുറ്റങ്ങളിൽ തോറ്റം പാട്ടിനൊപ്പം ആടി അനുഗ്രഹം ചൊരിയും .
വിളക്ക് തെളിച്ച് തെയ്യത്തെ വരവേൽക്കുന്ന വീട്ടുകാർ തെയ്യാട്ടം കഴിയുമ്പോൾ കരിയും , മഞ്ഞളും ചുണ്ണാമ്പുമെല്ലാം ഉപയോഗിച്ച് തയ്യാറാക്കി വെച്ച ഗുരുസി വെള്ളം വീടിന് പുറത്ത് ഒഴിച്ചു കളയും. ഇതോടെ ദുരിതമെല്ലാമകന്നു പോകുമെന്നാണ് വിശ്വാസം. ദക്ഷിണ സ്വീകരിച്ച് തെയ്യം അടുത്ത വീട്ടിലേക്ക് പോവും .
ഗളിഞ്ചൻ , ആടി , വേടൻ എന്നിങ്ങനെ വിവിധ സമുദായങ്ങൾ കെട്ടിയാടുന്ന വ്യത്യസ്ത കർക്കിടക തെയ്യങ്ങളുണ്ട്.
ശിവനും പാർവ്വതിയും വേട വേഷത്തിൽ അർജുനനെ പരീക്ഷിക്കാനെത്തിയതുമായി ബന്ധപ്പെട്ടതാണ് കർക്കിടക തെയ്യത്തിന് പിന്നിലെ ഐതിഹ്യം. ഗളിഞ്ചൻ അർജുനന്റെയും , ആടി പാർവ്വതിയുടെയും വേടൻ ശിവന്റെയും പ്രതീകമാണ്. കുട്ടികളാണ് കൂടുതലായും തെയ്യക്കോലമണിയുന്നത്. കർക്കിടകാരംഭം മുതൽ സംക്രമം വരെയാണ് കർക്കിടക തെയ്യങ്ങളിറങ്ങുന്നത്. ഉത്സവമില്ലാത്ത കാലത്ത് തെയ്യം കലാകാരൻമാരുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകാനുള്ള വരുമാന മാർഗ്ഗം കൂടിയാണ് കർക്കിടക തെയ്യങ്ങൾ.
കൊവിഡിനെ തുടർന്ന് ദുരിതത്തിലായിരുന്ന തെയ്യം കലാകാരൻമാരുടെ ജീവിതത്തിൽ നല്ല കാലം തിരികെയെത്തുമ്പോഴാണ് ആദിയും വ്യാധിയുമകറ്റാനായി ഇത്തവണത്തെ കർക്കിടക തെയ്യങ്ങളെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.