Neeraj Chopra : നീരജ് ചോപ്ര രാജ്യത്തിന്‍റെ അഭിമാനം ഉയര്‍ത്തി : മുഖ്യമന്ത്രി | Pinarayi Vijayan

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടി ചരിത്രം രചിച്ച ഇന്ത്യയുടെ നീരജ് ചോപ്രയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.നീരജ് ചോപ്ര രാജ്യത്തിൻറെ അഭിമാനം ഉയർത്തി. കൂടുതൽ വിജയങ്ങളുണ്ടാകട്ടെയെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

(Neeraj Chopra)നീണ്ട 19 വർഷത്തിന് ശേഷമാണ് ഒരിന്ത്യൻ അത്ലറ്റ്  ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്നത്.(World Athletics Championship 2022)
ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്ര ഓറിഗോണിലെ ഹെയ് വാർഡ് ഫീൽഡ് സ്റ്റേഡിയത്തിൽ കുറിച്ചത് പുതിയ ഇന്ത്യൻ ചരിത്രമാണ്.നാലാമത്തെ ത്രോയിൽ 88.13 മീറ്റർ ദൂരം പിന്നിട്ടായിരുന്നു നീരജിന്റെ മെഡൽ കുതിപ്പ്.

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ അത് ലറ്റ് എന്ന ബഹുമതിയും ഇനി നീരജിന് സ്വന്തം. ആദ്യ ത്രോയിൽ തന്നെ 90.54 മീറ്റർ ദൂരം ജാവലിൻ പായിച്ച ഗ്രനഡയുടെ ആൻഡേഴ്സൺ പിറ്റേഴ്സിനാണ് സ്വർണം. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്ലെച്ച് വെങ്കലം നേടി.

ഇന്ത്യയുടെ രോഹിത് യാദവ് മികച്ച പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.2003 ലെ പാരീസ് ലോക അത്ലറ്റിക് മീറ്റിൽ അഞ്‌ജു ബോബി ജോർജ് വെങ്കലമെഡൽ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരിന്ത്യൻ താരം ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

നിലവിൽ ലോക റാങ്കിംഗിൽ മൂന്നാമനായ നീരജിന്റെ സീസൺ ബെസ്റ്റ് 89.94 മീറ്ററാണ്. ടോക്കിയോ ഒളിമ്പിക്സിൽ 87.58 മീറ്റർ ദൂരം എറിഞ്ഞ് സ്വർണമണിഞ്ഞ നീരജ് രണ്ടര മാസത്തിന് ശേഷം നടന്ന പാവോനൂർമി ഗെയിംസിൽ 89.30 മീറ്റർ ദൂരം താണ്ടി വെള്ളിയും കൂർട്ടേൻ ഗെയിംസിൽ 86.90 മീറ്റർ ദൂരം എറിഞ്ഞ് സ്വർണവും നേടിയിരുന്നു.

സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നടന്ന ഡയമണ്ട് ലീഗിൽ 89.94 മീറ്റർ എറിഞ്ഞ് പുതിയ ദേശീയ റെക്കോർഡിട്ടായിരുന്നു ഈ 24 കാരന്റെ വെള്ളി മെഡൽ നേട്ടം. ഡയമണ്ട് ലീഗിൽ ഒരിന്ത്യക്കാരൻ നേടുന്ന ചരിത്ര മെഡൽ കൂടിയായിരുന്നു നീരജിന്റേത്.

ലോക അത്ലറ്റിക് മീറ്റിലെ വെള്ളിമെഡൽ നേട്ടത്തിലൂടെ രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തിയിരിക്കുകയാണ് നീരജ് ചോപ്ര. ഇന്ത്യയുടെ അഭിമാന താരത്തിനിപ്പോൾ അഭിനന്ദന പ്രവാഹമാണ്. നീരജിന്റെ അടുത്ത ലക്ഷ്യം കോമൺവെൽത്ത് ഗെയിംസിലെ സ്വർണമാണ്. ഈ മാസം 28 മുതൽ ബ്രിട്ടനിലെ ബർമിങ്ഹാമിലാണ് കോമൺവെൽത്ത് ഗെയിംസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News