Nanjiyamma:’ആ ചിരിയിലുണ്ട് നഞ്ചിയമ്മയുടെ സംഗീതത്തിന്റെയും മനുഷ്യത്വത്തിന്റെയും ആഴവും ശുദ്ധിയും’; നഞ്ചിയമ്മയെ പിന്തുണച്ച് രശ്മി സതീഷ്

നഞ്ചിയമ്മയ്ക്ക് ലഭിച്ച ദേശിയ പുരസ്‌കാരത്തില്‍ ലിനു ലാലിന്റെ വിമര്‍ശനം വളരെ ബാലിശമാണെന്ന് ഗായിക രശ്മി സതീഷ്. ലിനു ലാലിന്റെ മനസിലാക്കല്‍ കൊണ്ട് മാത്രം ഉള്ള അഭിപ്രായമായിരിക്കാം, പക്ഷെ അത്തരത്തില്‍ അവരെ വിലയിരുത്തുന്നത് വളരെ മോശമാണ് എന്നും രശ്മി സതീഷ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ലിനു ലാല്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് വ്യാപകമായ പ്രതിഷേധമാണ് മലയാള പിന്നണിഗാന രംഗത്ത് നിന്ന് ഉടലെടുത്തിരിക്കുന്നത്. നഞ്ചിയമ്മയുടെ പാട്ടുകള്‍ എനിക്ക് മാത്രമല്ല അത് കേട്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്കും ഇഷ്ടമാണെന്ന് രശ്മി സതീഷ് പറഞ്ഞു.

രശ്മിയുടെ വാക്കുകള്‍

രശ്മി സതീഷിന്റെ വാക്കുകള്‍ആ ചിരിയിലുണ്ട് നഞ്ചിയമ്മയുടെ സംഗീതത്തിന്റെയും മനുഷ്യത്വത്തിന്റെയും ആഴവും ശുദ്ധിയും. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ വരുന്നതിന് മുന്‍പ് തന്നെ നഞ്ചിയമ്മ ഒരുപാട് പരിപാടികളിലും ‘വെളുത്ത രാത്രികള്‍’ എന്ന ചിത്രത്തിന് വേണ്ടി പാടിത്തുടങ്ങിയ സമയം മുതലേ അറിയാം. അവരുടെ പാട്ടുകള്‍ യാഥാര്‍ത്ഥ്യവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ്. വളരെ വ്യത്യസ്തമായ ഒരു ജീവിതം ജീവിച്ച് അതില്‍ തന്നെ ആത്മാവ് തുറന്നു പാടുന്ന പാട്ടാണ് അവരുടേത്. അപ്പോള്‍ സംഗീതത്തിനെ അവാര്‍ഡുമായി ബന്ധിപ്പിക്കുന്നത് തന്നെ കഷ്ടമാണ്.

ലിനുവിന്റെ കമന്റ് വളരെ ബാലിശമായി എനിക്ക് തോന്നി. നല്ല രീതിയില്‍ സംഗീതം ഉള്‍ക്കൊള്ളുന്ന, അല്ലെങ്കില്‍ ആസ്വദിക്കുന്ന ഒരു മനുഷ്യന് അങ്ങനെ പറയാന്‍ കഴിയില്ല. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. സ്വാഗതമാണ് അത്തരം അഭിപ്രായങ്ങള്‍. പക്ഷെ അത്തരത്തില്‍ അവരെ വിലയിരുത്തുന്നത് വളരെ മോശമാണ് എന്ന് എനിക്ക് തോന്നി.

നഞ്ചിയമ്മ ഞാന്‍ വളരെ ബഹുമാനിക്കുന്ന കലാകാരിയാണ്. അവരുടെ സംഗീതത്തിന്റെ പള്‍സ് ശരിക്കും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അവരുടെ പാട്ടുകള്‍ എനിക്ക് മാത്രമല്ല ഇത് കേട്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്കാണെങ്കിലും ഇഷ്ടമാണ്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മ കുറച്ചുകൂടി ജനകീയമായത്. അവരുടെ ഉള്ളിലെ സംഗീതം അവരുടെ ജീവിതത്തിനോളം വലുപ്പമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.’അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഗാനം എന്നാണ് ലിനു ലാല്‍ ചോദിച്ചത്. ഒരു മാസം സമയം കൊടുത്താല്‍ പോലും ഒരു സാധാരണ ഗാനം നഞ്ചിയമ്മയ്ക്ക് പാടാന്‍ കഴിയില്ലെന്നും പുസ്രസ്‌കാരം നല്‍കിയത് സംഗീതത്തിനായി ഉഴിഞ്ഞുവെച്ചവര്‍ക്ക് അപമാനമായി തോന്നുമെന്നും ലിനു ലാല്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News