West Indies: രണ്ടാം ഏകദിനം; വിന്‍ഡീസിന് മികച്ച തുടക്കം

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ(India) വെസ്റ്റിന്‍ഡീസിന്(West Indies) മികച്ച തുടക്കം. മത്സരം പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 എന്ന ശക്തമായ നിലയിലാണ് വിന്‍ഡീസ്. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ നിക്കോളസ് പൂരന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഓപണര്‍മാരുടെ തുടക്കം. മുഹമ്മദ് സിറാജിനെ ബഹുമാനിച്ചും അരങ്ങേറ്റ മത്സരം കളിക്കുന്ന ആവേശ് ഖാനെ തലങ്ങും വിലങ്ങും ബൗണ്ടറി പായിച്ചുമാണ് വിന്‍ഡീസ് ഓപ്പണര്‍മാരായ ഷായ് ഹോപ്പും കൈല്‍ മയേഴ്സും സ്‌കോര്‍നില ഉയര്‍ത്തിയത്.

മികച്ച നിലയിലേക്ക് പോകുമെന്നുറപ്പിച്ച ഘട്ടത്തില്‍ ഒന്‍പതാം ഓവറില്‍ ഇന്ത്യന്‍ നായകന്‍ ധവാന്‍ നടത്തിയ ബൗളിങ് മാറ്റം ഓപണിങ് കൂട്ടുകെട്ട് പൊളിച്ചു. ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയുടെ ആദ്യ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്കി മയേഴ്‌സ് മടങ്ങി. 23 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 39 റണ്‍സുമായാണ് താരം പുറത്തായത്. ഷായ് ഹോപ്പും(26) ഷമറാഹ് ബ്രൂക്‌സും(അഞ്ച്) ആണ് ക്രീസിലുള്ളത്.

ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഏകദിന അരങ്ങേറ്റമായിരിക്കും ആവേശിനിത്. മൂന്ന് ഓവറില്‍ ഏഴ് ബൗണ്ടറി സഹിതം ഇതിനകം 36 റണ്‍സ് വഴങ്ങിയിട്ടുണ്ട് താരം. മറുവശത്ത് അഞ്ച് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മികച്ച തുടക്കമാണ് സിറാജ് ഇന്ത്യയ്ക്ക് നല്‍കിയത്. ആദ്യമത്സരത്തില്‍നിന്ന് ഒറ്റ മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഏകദിനത്തില്‍ ആദ്യമായി ഇന്ത്യന്‍ കുപ്പായമിടുന്ന ആവേശ് പ്രസിദ് കൃഷ്ണയ്ക്ക് പകരക്കാരനായെത്തി. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവിന് ഒരിക്കല്‍കൂടി ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്. വിന്‍ഡീസ് സംഘത്തിലും ഒരു മാറ്റം മാത്രമാണുള്ളത്. ഗുഡ്കേഷ് മോട്ടിക്കു പകരം ഹൈഡന്‍ വാല്‍ഷിനാണ് ഇന്ന് അവസരം ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here