Bishop: എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തക്കെതിരെ നടപടിയുമായി വത്തിക്കാൻ

എറണാകുളം-അങ്കമാലി അതിരൂപത സഭാ തർക്കത്തിൽ ബിഷപ്പി(bishop)നെതിരെ നടപടിയുമായി വത്തിക്കാൻ. മെത്രാപ്പൊലീത്തന്‍ വികാരി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ആന്‍റണി കരിയിലിന് വത്തിക്കാൻ സ്ഥാനപതി നോട്ടീസ്(notice) നൽകി. കര്‍ദ്ദിനാള്‍ വിരുദ്ധരെയും വൈദിക സമരത്തെയും പിന്തുണച്ചതിനാണ് നടപടിയെന്നാണ് സൂചന.

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ലിയോപോള്‍ഡോ ജിറേല്ലി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചാണ് ആന്‍റണി കരിയലിന് നോട്ടീസ് നൽകിയത്. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി സ്ഥാനം ഒഴിയാനാണ് നിർദ്ദേശം. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കായി വത്തിക്കാൻ സ്ഥാനപതി ചൊവ്വാഴ്ച എറണാകുളം ബിഷപ്പ് ഹൗസിൽ എത്തും.

എറണാകുളം- അങ്കമാലി അതിരൂപതയിലെ സഭാ തർക്കത്തിൽ, ആല‌ഞ്ചേരി വിരുദ്ധരായ വൈദികരെ ബിഷപ്പ് പിന്തുണച്ചിരുന്നു. ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന സിനഡ് നിര്‍ദേശവും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിഷപ്പ് ആന്‍റണി കരിയിലിനോട് സ്ഥാനമൊഴിയാൻ വത്തിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

വത്തിക്കാൻ സ്ഥാനപതി നേരിട്ട് വിളിച്ചുവരുത്തി കത്ത് നൽകിയെങ്കിലും ഇക്കാര്യം അനുസരിക്കാൻ ബിഷപ്പ് ആന്‍റണി കരിയിൽ ഇതുവരെ തയ്യാറായിട്ടില്ല. ബിഷപ്പിനെതിരായ നടപടി അംഗീകരിക്കില്ലെന്നാണ് അതിരൂപതയിലെ ഒരു വിഭാഗം വൈദികരുടെ നിലപാട്.

ഇക്കാര്യത്തിൽ എന്ത് സമീപനം സ്വീകരിക്കണം എന്ന് ചർച്ച ചെയ്യാൻ ബിഷപ്പ് ഹൗസിൽ യോഗം ചേര്‍ന്ന് തീരുമാനിക്കും. ബിഷപ്പിനോട് അതിരൂപതയുടെ പരിധിയില്‍ വരുന്ന പ്രദേശത്ത് താമസിക്കുക പോലും ചെയ്യരുതെന്ന നിര്‍ദേശം നോട്ടീസിലുണ്ടെന്ന് വിമത വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇത്തരം മനുഷ്യത്വരഹിതമായ സമീപനം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അതിരൂപയിലെ കര്‍ദ്ദിനാള്‍ വിരുദ്ധര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel