Mahindra XUV700: കുതിച്ച് കയറി മഹീന്ദ്ര XUV700 ബുക്കിങ്, എന്നാല്‍ കയ്യില്‍ കിട്ടാന്‍ 2 വര്‍ഷം കാത്തിരിക്കണം

കഴിഞ്ഞ ഓഗസ്റ്റിലാണ് മഹീന്ദ്ര,(Mahindra) നിരവധി നൂതന സവിശേഷതകളുമായി ഇന്ത്യയില്‍ XUV700 അവതരിപ്പിക്കുന്നത്. അവതരിപ്പിച്ചതു മുതല്‍ വലിയ പ്രതികരണമാണ് വാഹനത്തിന് ലഭിച്ചത്. നാളിതുവരെ 1.50 ലക്ഷത്തിലേറെ ബുക്കിങ്ങുകള്‍ ലഭിച്ചതായി കമ്പനി പറയുന്നു. ഓഗസ്റ്റില്‍ ലോഞ്ച് ചെയ്തെങ്കിലും ഒക്ടോബര്‍ 7 ന് മാത്രമാണ് ബുക്കിങ് ആരംഭിച്ചത്. ബുക്കിങ് ആരംഭിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ 50,000 ബുക്കിങുകള്‍ വാഹനത്തിന് ലഭിച്ചു. ഓരോ മാസവും 8,000 മുതല്‍ 10,000 വരെ ബുക്കിങ്ങുകള്‍ ഉണ്ടാവുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

എന്നാല്‍ ബുക്കിങുകള്‍ കൂമ്പാരമായെങ്കിലും വാഹനത്തിന്റെ ഉത്പാദനവും ഡെലിവറിയും അത്ര വേഗത്തിലായില്ല. ആഗോള ചിപ്പ് പ്രതിസന്ധിയാണ് പ്രൊഡക്ഷന്‍ വൈകുന്നതില്‍ പ്രധാന വെല്ലുവിളി. രജിസ്റ്റര്‍ ചെയ്ത 1.5 ലക്ഷം ബുക്കിങ്ങുകളില്‍, 2022 ജൂണ്‍ അവസാനം വരെ 41,846 യൂണിറ്റുകള്‍ നല്‍കി. പ്രതിമാസ ശരാശരി വില്‍പ്പന ഏകദേശം 4,185 യൂണിറ്റാണ്. ഉല്‍പ്പാദനത്തിലെ വര്‍ദ്ധനവ്, വില്‍പ്പന ക്രമാനുഗതമായി വര്‍ദ്ധിക്കുന്നുവെന്നും കമ്പനി പറയുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കമ്പനി നാല് വേരിയന്റുകളുള്ള ഫ്‌ളാഗ്ഷിപ്പ് എസ്.യു.വികള്‍ അവതരിപ്പിച്ചത്. 11.9 ലക്ഷം രൂപ മുതല്‍ 14.99 ലക്ഷം വരെയാണ് വില. മഹീന്ദ്രയുടെ പുതിയ ബ്രാന്‍ഡ് ലോഗോയില്‍ പുറത്തിറങ്ങുന്ന കാര്‍ കൂടിയാണ് XUV700. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ ലഭിക്കുന്ന ഈ 7 സീറ്ററിന് 12.96 ലക്ഷം മുതല്‍ 23.80 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

4695 എം.എം. നീളം, 1890 എം.എം. വീതി, 1755 എം.എം. ഫയരും 2750 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് XUV700-ന്റെ അഴകളവ്. പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, സി ഷേപ്പ് ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനിനൊപ്പം സ്‌പോര്‍ട്ടി ഭാവവും നല്‍കി ഒരുങ്ങിയിട്ടുള്ള 17,18 ഇഞ്ച് അലോയി വീല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ് എന്നിവയാണ് എക്സ്റ്റീരിയറിന് പുതുമയേകുന്നത്.

ഫോര്‍വേഡ് കൊളിഷന്‍ വാണിങ്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്ക്, ലൈന്‍ ഡിപാര്‍ച്ചര്‍ വാണിങ്, ലൈന്‍ കീപ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍, ഹൈ ബീം അസിസ്റ്റ് എന്നിവ ഉള്‍പ്പെടുന്ന അഡ്വന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റം (അഡാസ്) ആണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത.

സുരക്ഷയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും മഹീന്ദ്ര തയ്യാറല്ല. ഏഴു എയര്‍ബാഗുകള്‍, ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റക്ഷന്‍, സ്മാര്‍ട് പൈലറ്റ് അസിസ്റ്റ് എന്നിവയാണ് സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ രണ്ട് പവറാണ് ഉത്പാദിപ്പിക്കുന്നത്. 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. സിപ്, സാപ്പ്, സൂം എന്നീ മൂന്ന് ഡ്രൈവ് മോഡുകളാണ് എക്‌സ്.യു.വി. 700-ല്‍ ഒരുക്കിയിട്ടുള്ളത്. സോണിയുടെ 12 സ്പീക്കറുകള്‍, ത്രീഡി സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഐസ്ഒഫിക്സ് സീറ്റ് മൗണ്ട്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ഡൈനാമിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവയും വാഹനത്തിന്റെ സവിശേഷതയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here