Food: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ ചെയ്യേണ്ടതെന്ത്?

ഭക്ഷണം(Food) തൊണ്ടയില്‍ കുടുങ്ങി മരണപ്പെടുന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമായിരിക്കുന്നു. കാണുമ്പോള്‍ നിസ്സാരമെന്ന് തോന്നുമെങ്കിലും വളരെ സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ് ഭക്ഷണം കഴിക്കുക എന്നത്. ചില സമയങ്ങളില്‍ ഈ പ്രക്രിയയ്ക്കിടെ കാര്യങ്ങള്‍ തെറ്റിപ്പോകാം, ഇത് ഭക്ഷണം നിങ്ങളുടെ തൊണ്ടയിലോ അന്നനാളത്തിലോ കുടുങ്ങിപ്പോകുന്ന അവസ്ഥയ്ക്ക് കാരണമായേക്കാം. കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ പ്രശ്‌നം മൂലമുള്ള ശ്വാസംമുട്ടല്‍ ഉണ്ടാകാറുണ്ട്. ഗുരുതരമായ സാഹചര്യങ്ങളില്‍ ശ്വാസതടസ്സം നേരിട്ട് മരണം വരെ സംഭവിക്കാം. ഭക്ഷണമോ മറ്റെന്തെങ്കിലും വസ്തുവോ നിങ്ങളുടെ തൊണ്ടയിലോ ശ്വാസനാളിയിലോ കുടുങ്ങുമ്പോള്‍ ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ ഒഴുക്ക് തടയുന്നു.

ശ്വാസതടസ്സം ജീവന്‍ തന്നെ അപകടപ്പെടുത്തുന്ന ഒരു അടിയന്തരാവസ്ഥയാണ്. നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട ഒരാള്‍ ഈ ലക്ഷണങ്ങള്‍ അനുഭവിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം നേടുക. നിങ്ങളുടെ പ്രാദേശിക ആരോഗ്യ സേവനങ്ങളെ വിളിക്കുന്നതിന് മുമ്പ് പുറത്ത് അടിക്കുക, വയര്‍ ഞെക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്വാസംമുട്ടല്‍ അനുഭവിക്കുന്ന ആളില്‍ ചെയ്യുവാന്‍ വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നതിന്റെ കാരണങ്ങള്‍

ചെറിയ കുട്ടികളില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത വളരെയധികമാണ്. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാത്തതിനാലാണ് ഇത്തരത്തില്‍ അപകടങ്ങള്‍ കൂടുതലായും സംഭവിക്കുന്നത്. എന്നാല്‍ മുതിര്‍ന്ന ആളുകളില്‍ തിടുക്കത്തില്‍ ഭക്ഷണം കഴിക്കുന്നത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങാന്‍ കാരണമാകാം.

ഭക്ഷണം കുടുങ്ങിയാല്‍ പ്രയോഗിക്കേണ്ട തന്ത്രങ്ങള്‍

> കുട്ടികളിലായാലും മുതിര്‍ന്നവരിലായാലും ഭക്ഷണം കുടുങ്ങിയാല്‍, കുടിങ്ങിയ ആളോട് ചുമയ്ക്കാന്‍ ആവശ്യപ്പെടാം. ചുമയുടെ പ്രഷറില്‍ കുടുങ്ങിയ ഭക്ഷണം പുറന്തള്ളപ്പെടും.

> ഭക്ഷണം കുടുങ്ങിയ വ്യക്തിയോട് കുനിഞ്ഞ് നില്‍ക്കാന്‍ ആവശ്യപ്പെട്ട ശേഷം പുറംഭാഗത്ത് ശക്തമായി തട്ടുക. ചെറിയ കുട്ടികളാണെങ്കില്‍ കമിഴ്ത്തി പിടിച്ച ശേഷം ഇങ്ങനെ തട്ടി കൊടുക്കാം.

ശ്രദ്ധിക്കുക: ഈ രീതികളെല്ലാം വ്യക്തി ബോധാവസ്ഥയില്‍ ആണെങ്കില്‍ അവലംബിക്കാവുന്ന കാര്യങ്ങളാണ്. അബോധാവസ്ഥയിലേയ്ക്ക് നീങ്ങിയാല്‍ ഉടനടി ആശുപത്രിയില്‍ എത്തിക്കണം.

നിങ്ങളുടെ അന്നനാളത്തില്‍ കുടുങ്ങിയ ഭക്ഷണം നീക്കം ചെയ്യുന്നതിനുള്ള ചില തന്ത്രങ്ങള്‍

ഭക്ഷണം നിങ്ങളുടെ അന്നനാളത്തില്‍ കുടുങ്ങുമ്പോള്‍, ഭക്ഷണം ഇതിനകം തന്നെ നിങ്ങളുടെ ശ്വാസനാളത്തില്‍ നിന്ന് കടന്നുപോയതിനാല്‍ ശ്വസനത്തെ ബാധിക്കില്ല. എന്നിരുന്നാലും, നിങ്ങള്‍ക്ക് കടുത്ത നെഞ്ചുവേദന, ചുമ എന്നിവ അനുഭവപ്പെടാം. വീട്ടില്‍ തന്നെ ഈ പ്രശ്‌നം പരിഹരിക്കാനുള്ള ചില വഴികള്‍ ഇതാ.

> ഉടന്‍ തന്നെ ഒരു കാന്‍ കാര്‍ബണേറ്റഡ് പാനീയം കുടിക്കുക. ഈ ലളിതമായ വിദ്യ ഭക്ഷണം തകര്‍ക്കുന്നതിനും തടസ്സം നീക്കുന്നതിനും സഹായിക്കുമെന്ന് ഗവേഷണം പറയുന്നു.

> കുറച്ചധികം വെള്ളം കുടിക്കുന്നത് നിങ്ങളുടെ അന്നനാളത്തില്‍ കുടുങ്ങിയ ഭക്ഷണം നീക്കുവാന്‍ സഹായിക്കും.

> വാഴപ്പഴമോ മറ്റേതെങ്കിലും ഭക്ഷണമോ കഴിക്കാന്‍ ശ്രമിക്കുക. ചിലപ്പോള്‍ ഒരു ഭക്ഷണം മറ്റൊന്നിനെ അന്നനാളത്തിലേക്ക് തള്ളിവിടാന്‍ സഹായിക്കും. നിങ്ങള്‍ക്ക് പഴം കഴിക്കാന്‍ ഇഷ്ടമല്ലെങ്കില്‍, ഒരു കഷണം ബ്രെഡ് വെള്ളത്തിലോ പാലിലോ മുക്കി കഴിക്കുക.

> കുറച്ച് ബേക്കിംഗ് സോഡ അല്ലെങ്കില്‍ സോഡിയം ബൈകാര്‍ബണേറ്റ് വെള്ളത്തില്‍ കലര്‍ത്തുക. ഈ പരിഹാരം കുടിക്കുന്നത് തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണം തകര്‍ക്കാന്‍ സഹായിക്കും.

> ഒരു ടേബിള്‍ സ്പൂണ്‍ വെണ്ണ കഴിക്കുക. ഇത് അന്നനാളത്തിന്റെ പാളി നനയ്ക്കാനും കുടുങ്ങിയ ഭക്ഷണം നിങ്ങളുടെ വയറ്റിലേക്ക് എളുപ്പത്തില്‍ താഴേക്ക് കൊണ്ടുപോകാനും സഹായിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here