Central Government : പാചകവാതക സബ്‌സിഡി കോടികൾ വെട്ടിക്കുറച്ചതായി സമ്മതിച്ച് കേന്ദ്രസർക്കാർ

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാജ്യത്ത് പാചക വാതക സബ്‌സിഡിയിൽ കോടിക്കണക്കിന് രൂപ വെട്ടിക്കുറച്ചെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ സമ്മതിച്ചു. എ എ റഹിം എംപിയുടെ ചോദ്യത്തിന് കേന്ദ്ര പെട്രോളിയം – പ്രകൃതി വാതകം സഹമന്ത്രി രാമേശ്വർ തെലി രേഖാമൂലം നൽകിയ മറുപടിയിലാണ് ജനവിരുദ്ധ നയം തുറന്നു കാട്ടുന്ന കണക്കുകൾ ലഭ്യമായത്.

2019-20ൽ 24172 കോടി രൂപ സബ്സിഡി നൽകിയത്, 2021-22ൽ വെറും 242 കോടിരൂപയായി കുറച്ചു.
ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴിയുള്ള സബ്സിഡി തുക 2019-20ൽ . 22726 കോടി രൂപ ആയിരുന്നത് 2021-22ൽ വെറും 242 കോടി രൂപയായി കുറഞ്ഞു. ബിജെപി രാജ്യത്താകെ കൊട്ടിഘോഷിക്കുന്ന പ്രധാന മന്ത്രി ഉജ്ജ്വല യോജന സംബന്ധിച്ചുള്ള കണക്കുകൾ ഏറെ രസകരമാണ്. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന വഴിയുള്ള സബ്സിഡി 2019-20ൽ 1446 കോടി രൂപയായിരുന്നു. 2020-21ൽ ഇത് വെറും 76 കോടി രൂപയായി. 2021-22 ലാകട്ടെ ഈ പദ്ധതിക്ക് ഒരു രൂപയും നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ കുറ്റസമ്മതം നടത്തുന്നു.

സബ്‌സിഡി ഇല്ലാതാക്കി ജനങ്ങളെ കമ്പോളത്തിന്റെ ദയാദാക്ഷണ്യങ്ങൾക്ക് വിട്ട് കൊടുത്തു,സർക്കാർ പൂർണമായും കാഴ്ചക്കാരായി മാറിനിൽക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതിയുടെ പരസ്യത്തിന് മാത്രം കോടിക്കണക്കിന് രൂപയാണ് സർക്കാർ ചിലവഴിച്ചത്.ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വിദ്യ മാത്രമായിരുന്നു ഈ പദ്ധതിയും.പാചക വാതക സബ്സിഡി അവസാനിപ്പിക്കരുത് .അതിനായുള്ള വിഹിതം കേന്ദ്രം ഉറപ്പാക്കണം. ജനങ്ങളുടെ ജീവിത ചിലവിനെ നേരിട്ട് ബാധിക്കുന്ന ഈ നയത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും എ എ റഹിം എംപി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here