Sooraj Palakkaran: സൂരജ് പാലാക്കാരന് മുന്‍കൂര്‍ ജാമ്യമില്ല; എസ്‌സി-എസ്ടി വകുപ്പ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി

യൂട്യൂബര്‍ സൂരജ് പാലാക്കാരന്റെ(Sooraj Palakkaran) മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി(High court) തള്ളി. ക്രൈം നന്ദകുമാറിനെതിരെ(Crime Nandakumar) പരാതി നല്‍കിയ യുവതിയെ അപമാനിച്ചതിനെതിരായ കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. സൂരജിനെതിരെ പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്‌തെന്ന പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്. പ്രതിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി മോശം പരാമര്‍ശങ്ങള്‍ നടത്തുന്നത് കുറ്റകരമെന്ന നിരീക്ഷണത്തോടെയാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. ഡിജിറ്റല്‍ മാധ്യമങ്ങളും പൊതുഇടങ്ങളാണെന്ന് ഉത്തരവിലുണ്ട്. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയുള്ള പരാമര്‍ശം അധിക്ഷേപകരമായി തോന്നിയാല്‍ ഇരകള്‍ക്ക് നിയമപരമായി നേരിടാമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. പ്രതിക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരമുള്ള കുറ്റം ഉള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നാണ് കോടതി നിലപാടെടുത്തത്.

കേസെടുത്തതിന് പിന്നാലെ പാലാ, കടനാട് വല്യാത്ത് വട്ടപ്പാറയ്ക്കല്‍ വീട്ടില്‍ സൂരജ് വി.സുകുമാര്‍ എന്ന സൂരജ് പാലാക്കാരന്‍ ഒളിവില്‍ പോയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റവും ജാതിപ്പേര് വിളിച്ചതിന് എസ്‌സി-എസ്ടി അട്രോസിറ്റി ആക്ടും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സൂരജിനെതിരെ കേസെടുത്തിട്ടുള്ളത്. ക്രൈം പത്രാധിപര്‍ ടി.പി.നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ അവതരിപ്പിക്കുകയായിരുന്നു സൂരജ് പാലാക്കാരന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News