T 20: രോഹിതും സംഘവും ട്രിനിഡാഡില്‍; ആദ്യ ടി-20 വെള്ളിയാഴ്ച

വെസ്റ്റ് ഇന്‍ഡീസിനെതിരായ(West Indies) ടി-20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ട്രിനിഡാഡിലെത്തി(Trinidad). രോഹിതും(Rohit Sharma) ഋഷഭ് പന്തും(Rishabh Pant) അടങ്ങുന്ന സംഘം ഹോട്ടലിലെത്തുന്ന ദൃശ്യങ്ങള്‍ ബിസിസിഐ തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചു. വിന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച നടക്കും. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ആകെ ഉള്ളത്. ആദ്യ മൂന്ന് മത്സരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിലും അവസാന രണ്ട് മത്സരങ്ങള്‍ അമേരിക്കയിലെ ഫ്‌ലോറിഡയിലും നടക്കും. നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര നേടി. അവസാന മത്സരം നാളെ നടക്കും.

രണ്ടാം ഏകദിനത്തില്‍ ഇന്ത്യ രണ്ട് വിക്കറ്റിന്റെ ആവേശജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 50 ഓവറില്‍ 311 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അക്സര്‍ പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 2 പന്തുകള്‍ ശേഷിക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. സ്‌കോര്‍ 50 ഓവര്‍ വെസ്റ്റിന്‍ഡീസ് 311/6, ഇന്ത്യ 49.4 ഓവര്‍ 312/ 8.

നാലാം വിക്കറ്റില്‍ മലയാളി താരം സഞ്ജു സാംസണും ശ്രേയാസ് അയ്യരും ചേര്‍ന്ന കൂട്ടുകെട്ടാണ് (99 റണ്‍സ്) വിജയത്തിലേക്കുള്ള അടിത്തറ പാകിയത്. ശ്രേയാസ് അയ്യര്‍ (63), സഞ്ജു സാംസണ്‍ (54) എന്നിവരും ഇന്ത്യക്കായി അര്‍ധസെഞ്ചുറി നേടി. കൂടാതെ ശുഭ്മന്‍ ഗില്‍ (43), ദീപക് ഹൂഡ (33) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി അല്‍സാരി ജോസഫ്, കൈല്‍ മേയേഴ്‌സ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം നേടി.

ഷായ് ഹോപ്പിന്റെ സെഞ്ചുറിയാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ നിക്കോളാസ് പൂരാനും (74) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി ഷാര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വിക്കറ്റ് വീഴ്ത്തി. ആദ്യ ഏകദിനം ഇന്ത്യ മൂന്ന് റണ്‍സിന് ജയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News