Pinarayi Vijayan: UDF സര്‍ക്കാര്‍ ദേശീയപാത വികസനത്തില്‍ കാട്ടിയത് കടുത്ത അലംഭാവം: മുഖ്യമന്ത്രി

UDF സര്‍ക്കാര്‍ ദേശീയപാത വികസനത്തില്‍ കാട്ടിയത് കടുത്ത അലംഭാവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ദേശീയപാത(National Highway) വികസനത്തില്‍ 6 വര്‍ഷത്തിനുള്ളില്‍ വലിയ മുന്നേറ്റമാണുണ്ടായത്. UDF ഭൂമി ഏറ്റെടുക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായത് നിക്ഷിപ്ത താല്‍പര്യക്കാരുടെ മുന്നിലെ മുട്ടുവിറക്കലാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പലതരം പ്രയാസങ്ങള്‍ അതിജീവിച്ചാണ് കേരളം(Kerala) മുന്നോട്ട് പോകുന്നത്. ദേശീയ പാതാ വികസനത്തില്‍ വലിയ മാറ്റമുണ്ടാക്കിയത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലാണ്. അതിന് ചില പുതിയ അവകാശികള്‍ വരുന്നുണ്ട്. കേരളത്തിലെ ദേശീയപാതകളുടെ വികസനം അതോറിറ്റിയുടെ പരിധിയില്‍ വന്നത് തന്നെ സംസ്ഥാനം ഇടപെട്ടിട്ടാണ്. തിരുവനന്തപുരം ഔട്ട് ഓഫ് റിങ് റോഡ് പദ്ധതി സംസ്ഥാനത്തിന് അനുവദിച്ചത് ദേശീയ പാതാ വികസനത്തിലെ നിര്‍ണായക നേട്ടമാണ്.

ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ കേന്ദ്രം മറ്റ് സംസ്ഥാനങ്ങളില്‍ ഭൂമി വില നല്‍കുന്നു. കേരളത്തില്‍ ഭൂമിക്ക് ഉയര്‍ന്ന വിലയാണെന്ന് പറഞ്ഞ് കേന്ദ്രം പിന്മാറി. 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന നിലയായി. അങ്ങിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ദേശീയ പാതാ വികസനം സാധ്യമാക്കിയത്. 1081 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. 1065 ഹെക്ടര്‍ ഏറ്റെടുത്തു. 2020 ഒക്ടോബര്‍ 13 ന് ദേശീയപാതാ 66 ന്റെ ഭാഗമായി 11571 കോടിയുടെ ആറ് പദ്ധതികള്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തിരുന്നു. 21940 കോടിയുടെ നഷ്ടപരിഹാര പാക്കേജാണ് കേരളത്തില്‍ തയ്യാറാക്കിയത്. 19898 കോടി രൂപ വിതരണം ചെയ്തു.

ദേശീയ പാതാ 66 ലെ 21 റീച്ചിലെ പണികള്‍ നടക്കണം. 15 ലെ പണികള്‍ പുരോഗമിക്കുകയാണ്. ആറ് റീച്ചില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ദേശീയ പാതാ വികസനത്തില്‍ അലംഭാവം കാട്ടി. അന്ന് എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്നു. എന്നാല്‍ എല്ലാ പിന്തുണയും ഇടതുപക്ഷം വാഗ്ദാനം ചെയ്തിട്ടും സര്‍ക്കാരിന്റെ സംഭാവന ശൂന്യമായിരുന്നു. 2010 ഏപ്രില്‍ 20 ന് നടന്ന യോഗത്തില്‍ ദേശീയ പാതയുടെ വീതി 45 ല്‍ നിന്ന് 30 മീറ്ററായി കുറയ്ക്കാന്‍ ധാരണയായിരുന്നു. അത് കേന്ദ്രം നിരാകരിച്ചതോടെയാണ് വീണ്ടും സര്‍വകക്ഷി യോഗം ചേര്‍ന്നത്. അതില്‍ ദേശീയപാതയുടെ വീതി 45 മീറ്ററായി വീണ്ടും നിശ്ചയിച്ചു. അന്ന് യുഡിഎഫ് ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചില നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് മുന്നില്‍ യുഡിഎഫ് സര്‍ക്കാരിന് മുട്ടുവിറച്ചു. ആകെയുള്ള 645 കിലോമീറ്ററില്‍ വെറും 27 കിലോമീറ്റര്‍ നീളമുള്ള തിരുവനന്തപുരം ബൈപ്പാസിന് വേണ്ടി ഭൂമി ഏറ്റെടുത്തതാണ് യുഡിഎഫിന്റെ സംഭാവന. 2016ല്‍ അധികാരത്തിലെത്തിയപ്പോള്‍ ദേശീയപാതാ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. സ്ഥലം വിട്ടുനല്‍കുന്നവര്‍ ദുഖിക്കേണ്ടി വരില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here