Pinarayi vijayan : കെ ഫോണ്‍ പദ്ധതിക്ക് ഔദ്യോഗികമായി ലൈസന്‍സ് ലഭിച്ചു: മുഖ്യമന്ത്രി

കെ ഫോണ്‍ ( K Fon ) പദ്ധതിക്ക് ഔദ്യോഗികമായി ലൈസന്‍സ് ലഭിച്ചു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒട്ടാകെ മികച്ച ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി ഒരുക്കുന്നതിനും ദരിദ്ര കുടുംബങ്ങളില്‍ ഇന്‍റര്‍നെറ്റ് സൗജന്യമായി എത്തിക്കുന്നതിനും ലക്ഷ്യമിടുന്ന പദ്ധതിയാണ് കെ ഫോണ്‍. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെഫോണ്‍) ഔദ്യോഗികമായി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) ലൈസന്‍സ് ലഭിച്ചിട്ടുള്ളത്. ഇതോടെ സ്വന്തമായി ഐഎസ്പി ലൈസന്‍സും ഇന്‍റര്‍നെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.

സര്‍ക്കാര്‍ സേവങ്ങള്‍ മിക്കവയും ഓണ്‍ലൈന്‍ സംവിധാനം വഴി ഇപ്പോൾ ലഭ്യമാണ്. ശക്തമായ കണക്റ്റിവിറ്റി സംവിധാനം ഉണ്ടെങ്കില്‍ മാത്രമേ ഇന്‍റര്‍നെറ്റ് സേവനം സുഗമമാകുകയുള്ളൂ . ഇവിടെയാണ് കെഫോണിന്‍റെ പ്രസക്തി വർധിക്കുന്നത്. ഇതുവഴി അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും ഓഫിസുകളിലും എത്തിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ പദ്ധതി സഹായകമാകും.

കെ.എസ്.ഇ.ബിയും കെ.എസ്.ഐ.റ്റി.ഐ.എല്‍ഉം കേരള സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ കെഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേത്യത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയില്‍ടെല്‍, എല്‍.എസ്.കേബിള്‍, എസ്.ആര്‍.ഐ.റ്റി എന്നീ കമ്പനികളാണ് പ്രസ്തുത കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ആകെ 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കും. ഇതില്‍ 4092 എണ്ണം പ്രവര്‍ത്തനസജ്ജമാവുകയും ചെയ്തിട്ടുണ്ട്. ഓരോ മാസവും 3000 മുതല്‍ 5000 ഓഫീസുവരെ സജ്ജമാകുന്ന രീതിയില്‍ ജോലികള്‍ മുന്നേറുകയാണ്. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ വിഭാവനം ചെയ്തിട്ടുള്ള 30000 സര്‍ക്കാര്‍ ഓഫീസുകളില്‍ 24275 ഓഫീസുകളില്‍ കെഫോണ്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിച്ചു. ബാക്കിയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സെപ്റ്റംബറോടെ കെഫോണ്‍ കണക്ഷന്‍ നല്‍കും.

140 നിയോജക മണ്ഡലങ്ങളിലേയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 100 വീതം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് നല്‍കുന്നതിന് വേണ്ടിയുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ പേപ്പര്‍ രഹിതമാകുന്നത് ത്വരിതപ്പെടും. കൂടുതല്‍ വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഒരു ജനസൗഹൃദാന്തരീക്ഷം സര്‍ക്കാര്‍ ഓഫീസുകളിലുണ്ടാകാന്‍ ഇതുപകരിക്കും.

2022 ല്‍ യാത്ര ചെയ്യാവുന്ന ലോകത്തെ 50 സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും ഇടം നേടിയത് നമ്മുടെ സംസ്ഥാനതിന്‍റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. ടൈം മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് കേരളത്തെകുറിച്ച് പ്രത്യേകപരാമര്‍ശമുള്ളത്.

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലമാണ് കേരളമെന്നും ബീച്ചുകളും കായലും മലനിരകളും കേരളത്തിന്‍റെ ആകര്‍ഷണമാണെന്നും ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കിയ കാരവന്‍ ടൂറിസവും വാഗമണ്ണിലെ കാരവന്‍ പാര്‍ക്കും പ്രത്യേകം മതിപ്പു പ്രകടിപ്പിച്ചുകൊണ്ട് പരാമര്‍ശിച്ചിട്ടുണ്ട്.

ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കോവിഡ് പ്രതിസന്ധികള്‍ കാരണം തകര്‍ന്നു കിടക്കുകയായിരുന്നു വിനോദ സഞ്ചാര മേഖല. കേരളത്തിന്‍റെ സമ്പദ്ഘടനയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വിനോദ സഞ്ചാര മേഖലയെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. 2022 ലെ ആദ്യപാദ കണക്കുകള്‍ അനുസരിച്ച് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്ത് അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച് ഒരു യോഗം ഇന്ന് ചേർന്നിരുന്നു. അതിദരിദ്രരായ കുടുംബങ്ങൾക്കാവശ്യമായ സഹായങ്ങൾക്ക് സൂക്ഷ്മതല ആസൂത്രണ രേഖ ആഗസ്റ്റ് പകുതിയോടെ തയ്യാറാക്കും. ദീർഘകാലം ഹ്രസ്വകാലം, ഉടൻ എന്നിങ്ങനെ നടപ്പാക്കേണ്ട പ്രവർത്തനങ്ങളാണ് സൂക്ഷ്മതല ആസൂത്രണ രേഖയുടെ ഭാഗമായി ഉണ്ടാവുക.

അതിന്റെ അടിസ്ഥാനത്തിൽ ഓരോ മേഖലയിലും ആവശ്യമായ സഹായങ്ങൾ തീരുമാനിക്കും. ഈ വർഷം എത്രപേർക്ക് സഹായം നൽകാൻ പറ്റും എന്ന റിപ്പോർട്ട് തയ്യാറാക്കും. ഇതിന് പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ, ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരടങ്ങിയ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്.

ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനാവശ്യമായ വിശദാംശങ്ങൾ മനസ്സിലാക്കി സമിതി റിപ്പോർട്ടിന് അന്തിമരൂപം നൽകും. ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുക, ഒരിക്കൽ മോചിപ്പിക്കപ്പെട്ടാൽ അതിലേക്ക് തിരിച്ചു പോകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക എന്നിവയാണ് ലക്ഷ്യം. ദാരിദ്ര്യത്തിൽ നിന്ന് സ്ഥായിയായ മോചനമാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News