Uganda: ഉഗാണ്ടയില്‍ ഭക്ഷ്യസംസ്‌കരണ ലോജിസ്റ്റിക്‌സ് കേന്ദ്രം; ലുലു ഗ്രൂപ്പിന് പത്ത് ഏക്കര്‍ സ്ഥലം അനുവദിച്ച് ഉഗാണ്ട സര്‍ക്കാര്‍

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍(Uganda) ഭക്ഷ്യസംസ്‌കരണ ലോജിസ്റ്റിക്‌സ് കേന്ദ്രം ആരംഭിക്കുന്നതിനായി ലുലു ഗ്രൂപ്പിന്(Lulu Group) പത്ത് ഏക്കര്‍ സ്ഥലം അനുവദിച്ച് ഉഗാണ്ട സര്‍ക്കാര്‍. രാജ്യത്തെ ഏക അന്താരാഷ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന തലസ്ഥാനമായ കമ്പാലക്കടുത്തുള്ള എന്റബേ യിലാണ് ഇതിനായുള്ള സ്ഥലം അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എ.ഇ.യിലെത്തിയ ഉഗാണ്ട പ്രധാനമന്ത്രി റോബിന നബാജ്ഞയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഗാണ്ടയിലെ വ്യാപാര മേഖലയില്‍ നിക്ഷേപിക്കുവാന്‍ കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രി ലുലു ഗ്രൂപ്പിനെ ക്ഷണിച്ചിരുന്നു. ഉഗാണ്ടയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്കു ശേഷമാണ് സ്ഥലം അനുവദിച്ചു കൊണ്ടുള്ള ഉഗാണ്ട സര്‍ക്കാര്‍ ഉത്തരവ്.

ഭക്ഷ്യ സംസ്‌കരണ-ലോജിസ്റ്റിക്‌സ് കേന്ദ്രത്തിനും മറ്റ് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 100 മില്യണ്‍ ഡോളറാണ് ലുലു ഗ്രൂപ്പ് ഉഗാണ്ടയില്‍ നിക്ഷേപിക്കുന്നത്. പുതിയ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം ഉഗാണ്ടയിലെ പ്രാദേശിക കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും ഏറെ ഉപകാരപ്രദമാകുമെന്ന് മലയാളിയും ലുലു ഗ്രൂപ്പ് ഉഗാണ്ട ഡയറക്ടറുമായ ജോര്‍ജ്ജ് കൂറ്റുക്കാരന്‍ പറഞ്ഞു. പുതിയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ തോതിലാകുന്നതോടെ എണ്ണൂറിലധികം ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here