Pinarayi Vijayan : ദേശീയപാത വികസനം: ആറ് വർഷത്തിനിടയിൽ ഉണ്ടായത് വലിയ മുന്നേറ്റം; മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം

കേരളത്തിന്‍റെ വ്യവസായ മേഖല ഗണ്യമായ നിലയില്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ വളര്‍ച്ചയുടെ നയമായി ڇഉത്തരവാദ വ്യവസായം ഉത്തരവാദ നിക്ഷേപംڈ സ്വീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് നമ്മുടേത്.

മീറ്റ് ദി ഇന്‍വസ്റ്റര്‍ പരിപാടിയിലൂടെ 7000 കോടി രൂപയുടെ നിക്ഷേപവാഗ്ദാനമാണ് ലഭിച്ചത്. കഴിഞ്ഞയാഴ്ച (ജൂലായ് ഇരുപതിന്) നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. 75 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് ടാറ്റ എലക്സിയുമായി ഒപ്പ് വച്ച് 10 മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി കെട്ടിടം കൈമാറി.

കാക്കനാട് 2 ഘട്ടങ്ങളിലായി 1200 കോടി രൂപ നിക്ഷേപമുള്ള, 20000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിക്ക് ടി സി എസുമായി ഒപ്പുവച്ചു. ദുബായ് വേള്‍ഡ് എക്സ്പോയില്‍ പങ്കെടുത്തതിലൂടെയും നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് വന്നു. കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 2220 ഏക്കര്‍ ഭൂമിയുടെ 70% ഭൂമി 10 മാസം കൊണ്ട് ഏറ്റെടുത്തു.

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളാരംഭിക്കുന്നതിനായി ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതിയില്‍ മൂന്നര മാസം കൊണ്ട് (ജൂലായ് 21വരെ) 42372 സംരംഭങ്ങളാരംഭിച്ചു. നാല് ശതമാനം പലിശയ്ക്കാണ് പദ്ധതിയില്‍ വായ്പ നല്‍കുന്നത്. 3 ലക്ഷം മുതല്‍ 4 ലക്ഷം വരെ തൊഴില്‍ ലഭ്യമാകും.

കോവിഡ് കാരണം പ്രതിസന്ധിയിലായ എം എസ് എം ഇ മേഖലയ്ക്ക് കൈത്താങ്ങായി 1416 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കി. 50 കോടിയില്‍ അധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങള്‍ക്ക് ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി നല്‍കുകയാണ്. 50 കോടി രൂപ വരെയുള്ള വ്യവസായങ്ങള്‍ക്ക് അതിവേഗ അനുമതി നല്‍കുന്നതിന് കെസ്വിഫ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. സംരംഭകരുടെ പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുന്നില്ലെങ്കില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കും. വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകൾ സുതാര്യമാക്കുന്നതിനായി കേന്ദ്രീകൃത പരിശോധനാ സംവിധാനം(കെസിസ്) നിലവില്‍ വന്നു. വ്യവസായങ്ങളുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുന്നതിനും നടപടി ക്രമങ്ങളും ലഘൂകരിക്കുന്നതിനുമുള്ള നടപടികള്‍ നല്ല രീതിയിൽ പുരോഗമിക്കുകയാണ്.

കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക, പുത്തന്‍ സംരംഭങ്ങള്‍ കൊണ്ടുവരിക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യം പ്രതീക്ഷിച്ച നിലയില്‍ തന്നെ മുന്നേറുകയാണ്.

കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം രാജ്യത്തെ വ്യവസായ പാര്‍ക്കുകളുടെ പ്രകടനം വിലയിരുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കിന്‍ഫ്രക്ക് കീഴിലുള്ള 5 പാര്‍ക്കുകള്‍ക്ക് ദേശീയ അംഗീകാരം ലഭിച്ചു. ഏകീകൃത ലാന്‍റ് അലോട്ട്മെന്‍റ് പോളിസിയുടെ കരട് അംഗീകരിച്ചു. പ്രഖ്യാപനം ഉടനെ നടത്തും. 2021 – 2022 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തുടനീളം വ്യാവസായിക വായ്പ അനുവദിക്കുന്നതിലും തൊഴില്‍ നല്‍കുന്നതിലും കെഎസ്ഐഡിസി റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,522 കോടി രൂപയുടെ സ്വകാര്യ നിക്ഷേപങ്ങള്‍ കേരളത്തില്‍ എത്തിക്കാനും 20,900 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞത് കിന്‍ഫ്രയുടെ നേട്ടമാണ്. ഇന്‍ഫോപാര്‍ക്കിനടുത്ത് 10 ഏക്കര്‍ ഭൂമിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്സിബിഷന്‍ കം ട്രേഡ് ആന്‍റ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും.

സ്വകാര്യമേഖലയില്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനു സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും. ഈ പാര്‍ക്കുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ഏക്കറിന് 30 ലക്ഷം വരെ നല്‍കും. ഒരു എസ്റ്റേറ്റിന് പരമാവധി 3 കോടി രൂപ വരെയാണ് ഇങ്ങനെ നല്‍കുക.

ആഗോള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടില്‍ (ജിഎസ്ഇആര്‍) അഫോര്‍ഡബിള്‍ ടാലന്‍റ് വിഭാഗത്തില്‍ നമ്മുടെ സംസ്ഥാനം ഏഷ്യയില്‍ ഒന്നാം സ്ഥാനം നേടിയത് നിങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകശ്രദ്ധ ആകര്‍ഷിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഹബ്ബായി നമ്മുടെ നാട് മാറ്റാനാണ് ശ്രമിക്കുന്നത്.

ഇവിടെ എല്ലാം തികഞ്ഞു എന്നല്ല ഈ പറഞ്ഞതിന്‍റെ അര്‍ഥം. നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. കൂടുതല്‍ മികച്ച മാതൃകകള്‍ക്കായി നമുക്ക് മറ്റു സംസ്ഥാനങ്ങളിലേക്ക് നോക്കാം. ലോകത്താകെ മറ്റു രാജ്യങ്ങളിലും തിരയാം. അവര്‍ നടത്തുന്ന നല്ല കാര്യങ്ങളെ സ്വാംശീകരിക്കാം. ഇവിടെ അനുയോജ്യമായതും സാധ്യമായതും ഇവിടെ ചെയ്യാം. അതിന് എല്ലാവരുടെയും പിന്തുണ വേണം. ആ പിന്തുണ നല്‍കുന്നതിന് പകരം ചില ഘട്ടങ്ങളിലെങ്കിലും പ്രത്യേക നശീകരണ മനോഭാവം കാണിക്കുകയും ചെയ്യുന്ന സമീപനം ചില കേന്ദ്രങ്ങളില്‍ നിന്നെങ്കിലും ഉണ്ടാകുന്നുണ്ട്. അത് ഒഴിവാക്കണം എന്നാണ് അത്തരക്കാരോട് അഭ്യര്‍ത്ഥിക്കാനുള്ളത്.

കോവിഡ് മഹാമാരി

സംസ്ഥാനത്ത് പിടിമുറുക്കിയ കാലയളവിലാണ് സര്‍ക്കാര്‍ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചത്. രോഗവ്യപനത്തെ തുടര്‍ന്ന് ജീവനോപാധികള്‍ നഷ്ടമായവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന് ഭക്ഷ്യ കിറ്റ് പ്രയോജനം ചെയ്തു. കോവിഡ് വ്യാപനശേഷി കുറഞ്ഞതോടു കൂടി കിറ്റ് വിതരണം അവസാനിപ്പിച്ചിരുന്നു. അതുകഴിഞ്ഞ് കഴിഞ്ഞ ഓണത്തിന് 16 ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റ് വിതരണം നടത്തിയിരുന്നു.

സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും ഈ വര്‍ഷവും ഓണകിറ്റ് നല്‍കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇത്തവണ 14 ഇനങ്ങള്‍ (തുണി സഞ്ചി ഉള്‍പ്പെടെ) ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റാണ് വിതരണം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്. കിറ്റ് വിതരണം ചെയ്യുന്ന വകയില്‍ സര്‍ക്കാരിന് 425 കോടി രൂപയുടെ ചെലവ് സർക്കാർ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലയളവിലടക്കം 13 തവണ കിറ്റ് വിതരണം നടത്തിയ വകയില്‍ 5500 കോടി രൂപയുടെ ചെലവുണ്ടായി.

ഇത്തരത്തിൽ ജനക്ഷേമത്തിനും സമഗ്രമായ വികസനത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ അതിനു തടസ്സമാകുന്ന നിലയില്‍ ഉയരുന്ന ചില പ്രശ്നങ്ങളെക്കുറിച്ചും പ്രതിപാദിക്കേണ്ടതുണ്ട് എന്ന് കരുതുന്നു.

സംസ്ഥാനത്തിന്‍റെ വായ്പാപരിധിക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം കേന്ദ്രം നടത്തുകയാണ്. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളില്‍ നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുക്തമല്ല. സാമ്പത്തിക ഉത്തേജനത്തിന് സര്‍ക്കാര്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ട ഘട്ടമാണിത്. പ്രത്യേകിച്ച്, മൂലധന ചെലവുകളുടെ കാര്യത്തില്‍. കേരളം ധന ദൃഡീകരണത്തിന്‍റെ പാതയില്‍ വരുന്ന അവസരത്തിലാണ് 2020ല്‍ കോവിഡ് സാഹചര്യം ഉയര്‍ന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ധന, റവന്യൂ കമ്മി ഉയരുന്ന അവസ്ഥയുമുണ്ടായി. കേരളത്തിന്‍റെ ധനക്കമ്മി 2020-21 ല്‍ ആഭ്യന്തരവരുമാനത്തിന്‍റെ 9 ശതമാനം കടന്നു. കേരളത്തിന്‍റെ ധനക്കമ്മി 4.25 ശതമാനത്തിലുമെത്തി. 2019-20 ല്‍ കേരളത്തിന്‍റെ ധനക്കമ്മി 3 ശതമാനത്തില്‍ താഴെയായിരുന്നു.

മൂലധന ചെലവുകള്‍ക്കായി റവന്യൂ വരുമാനത്തിന്‍റെ നിശ്ചിതശതമാനം നീക്കി വച്ച് കിഫ്ബി വഴി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തെ പരാജയപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. കിഫ്ബി എടുക്കുന്ന വായ്പകള്‍ കീഫ്ബി യുടെ വരുമാനത്തില്‍ നിന്നാണ് തിരിച്ചടക്കുന്നത്. ഇത് സര്‍ക്കാരിന്‍റെ കടമായി വ്യഖ്യാനിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 293 ന് വിരുദ്ധമാന്നെന്ന് നിയമവിദഗ്ദര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. കിഫ്ബി എടുക്കുന്ന വായ്പാ തുക സംസ്ഥാന സര്‍ക്കാരിന്‍റെ കടമായി കണക്കാക്കുന്ന കേന്ദ്ര സമീപനം തെറ്റാണ്. ഇത് സര്‍ക്കാര്‍ ഗ്യാരന്‍റിയുള്ള വായ്പയാണ്. സര്‍ക്കാര്‍ എടുക്കുന്ന കടമല്ല. ഈ കാരണം പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന്‍റെ കമ്പോള വായ്പാ പരിധി വെട്ടിക്കുറയ്ക്കാനുള്ള നടപടിയില്‍ നിന്നും പിന്തിരിയണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിന്‍റെ പശ്ചാത്തല സൗകര്യവികസന , സാമൂഹ്യക്ഷേമ നടപടികളെ തകര്‍ക്കാനുള്ള ശ്രമമാണ് വായ്പാ പരിധി വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നടപടികള്‍.
അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്കു കാരണമാകുന്ന ജിഎസ്ടി നിരക്കുവര്‍ധന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതിവര്‍ധനയ്ക്കും സംസ്ഥാനം എതിരാണ്. നിത്യോപയോഗ സാധനങ്ങളുടെ നികുതി വര്‍ധിപ്പിക്കരുതെന്നും ആഡംബര സാധനങ്ങളുടെ നികുതിയാണ് വര്‍ധിപ്പിക്കേണ്ടതെന്നുമാണ് ഇക്കാര്യത്തില്‍ കേരളത്തിന്‍റെ നിലപാട്

ചെറുകിട കച്ചവടക്കാരും കുടുംബശ്രീ അടക്കമുള്ള ചെറുകിട ഉല്‍പ്പാദകരും പായ്ക്ക് ചെയ്ത് വില്‍ക്കുന്ന അരിക്കും പയറുല്‍പ്പന്നങ്ങള്‍ക്കുമടക്കം ജിഎസ്ടി വര്‍ധിപ്പിച്ച തീരുമാനം കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. ജിഎസ്ടി കൗണ്‍സില്‍ യോഗങ്ങളിലും ജിഎസ്ടി നിരക്കുകള്‍ സംബന്ധിച്ച കമ്മിറ്റികളിലും കേരളം ഈ നിലപാട് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.

ദേശീയപാതാ വികസനം

പല തലത്തില്‍ വരുന്ന പ്രയാസങ്ങളെ അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. പശ്ചാത്തല സൗകര്യ വികസനത്തിലുണ്ടായ പ്രകടമായ മാറ്റം അതിന്‍റെ ഒരു ഭാഗമാണ്.

ദേശീയപാതാ വികസനത്തില്‍ കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് ഗണ്യമായ മുന്നേറ്റമാണ് ഉണ്ടാക്കിയത്.

പാലക്കാട്, മലപ്പുറം, കോഴിക്കോട് (എന്‍എച്ച് 966), കൊച്ചി, മൂന്നാര്‍, തേനി (എന്‍എച്ച് 85), കൊല്ലം, ചെങ്കോട്ട (എന്‍എച്ച് 744) എന്നീ ദേശീയപാതകളുടെ വികസനം നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പരിഗണനയില്‍ വന്നതുതന്നെ സര്‍ക്കാരിന്‍റെ നിരന്തരമായ ഇടപെടലിന്‍റെ ഫലമായാണ്. തലസ്ഥാനനഗരത്തിന്‍റെ വികസനത്തിന് വലിയ തോതില്‍ ഉതകുന്ന തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതി സംസ്ഥാനത്തിന് അനുവദിച്ചുകിട്ടിയതും ദേശീയപാതാവികസനത്തിലെ നിര്‍ണ്ണായകനേട്ടമാണ്.

ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരാണ് മറ്റു സംസ്ഥാനങ്ങളില്‍ നഷ്ടപരിഹാരത്തുക നല്‍കുന്നത്. കേരളത്തിലെ ഉയര്‍ന്ന ഭൂമിവില ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ അതില്‍ നിന്ന് പിന്മാറി. അതോടെ ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാനം വഹിക്കുകയും ആ തുക മുന്‍കൂറായി ദേശീയ പാതാ അതോറിറ്റിക്ക് കൈമാറുകയും ചെയ്താണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ദേശീയ പാതാ വികസനം സാധ്യമാക്കിയത്.

ദേശീയപാത 66ന്‍റെ വികസനത്തിനായി 1081 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. ഇതില്‍ 1065 ഹെക്ടര്‍ ഏറ്റെടുത്തുകഴിഞ്ഞു. 98.51 ശതമാനം ഭൂമി ഏറ്റെടുക്കലാണ് പൂര്‍ത്തിയാക്കിയത്. 2020 ഒക്ടോബര്‍ 13 ന് ദേശീയപാതാ 66 ന്‍റെ ഭാഗമായുള്ള 11,571 കോടിയുടെ ആറ് പദ്ധതികളാണ് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി ആകെ 21,940 കോടിയുടെ നഷ്ടപരിഹാര പാക്കേജാണ് തയ്യാറാക്കിയത്. 2022 ജൂലൈ 16 ന്‍റെ കണക്കനുസരിച്ച് 19,878 കോടി രൂപ വിതരണം ചെയ്തു.

ദേശീയപാത 66ലെ 21 റീച്ചിലെ പ്രവൃത്തിയാണ് നടത്തേണ്ടത്. ഇതില്‍ 15 റീച്ചില്‍ പ്രവൃത്തി പുരോഗമിക്കുകയാണ്. ആറ് റീച്ചില്‍ അവാര്‍ഡ് ചെയ്ത് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അരൂര്‍ – തുറവൂര്‍ സ്ട്രെച്ചില്‍ എലവേറ്റഡ് ഹൈവേ നിര്‍മിക്കുന്നതിനുള്ള ഡിപിആറും തയ്യാറാക്കുന്നുണ്ട്.

2011-16 ലെ യുഡിഎഫ് സര്‍ക്കാര്‍ ദേശീയപാതാ വികസനത്തില്‍ കടുത്ത അലംഭാവം കാട്ടി. അന്ന് പ്രതിപക്ഷത്തിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ദേശീയ പാതാ വികസനത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുപോലും ആ സര്‍ക്കാരിന്‍റെ സംഭാവന പൂർണമായും ശ്യൂന്യമായിരുന്നു.

2010 ഏപ്രില്‍ 20ന് നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ ദേശീയ പാതയുടെ വീതി 45 ല്‍ നിന്നും 30 മീറ്റര്‍ ആയി കുറച്ച് നിശ്ചയിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ ഇത് കേന്ദ്രം നിരാകരിച്ചു. തുടര്‍ന്ന് 17-08-2010 ന് വീണ്ടും സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് ദേശീയ പാതയുടെ വീതി 45 മീറ്ററായി പുനര്‍നിശ്ചയിച്ചു.

പിന്നീടുവന്ന യുഡിഎഫ് ഭരണത്തില്‍ ഭൂമി ഏറ്റെടുക്കല്‍ മുന്നോട്ടു നീങ്ങിയില്ല. അഡ്മിനിസ്ട്രേറ്റീവ് ചാര്‍ജായി ഇരുപത് കോടിയിലധികം ചെലവഴിച്ചെങ്കിലും ഒരിഞ്ചുഭൂമിപോലും ഏറ്റെടുത്തുനല്‍കാന്‍ അന്നത്തെ സര്‍ക്കാരിന് കഴിഞ്ഞില്ല.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ആര്‍പി സിംഗ് 2013 മാര്‍ച്ച് 20, ന് അന്നത്തെ മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ കേരളത്തിലെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട എല്ലാ പണിയും ഉപേക്ഷിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതമാവുകയാണെന്ന് അറിയിയിക്കുകയാണുണ്ടായത്.

തുടര്‍ന്ന്, 2013 ല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ എന്‍എച്ച് 17 ന്‍റെ കേരള -കര്‍ണാടക അതിര്‍ത്തി മുതല്‍ ഇടപ്പള്ളി വരെയുള്ള സ്ട്രെച്ചും എന്‍എച്ച് 47 (എന്‍എച്ച് 66) ന്‍റെ ചേര്‍ത്തല – കഴക്കൂട്ടം സ്ട്രെച്ചും ദേശീയ ഹൈവേ വികസന പദ്ധതിയില്‍ നിന്നും ഡീനോട്ടിഫൈ ചെയ്തു.

സംസ്ഥാനം വേണ്ട രീതിയില്‍ ഇടപെടല്‍ നടത്താഞ്ഞതിനാല്‍ ഈ കാലയളവില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പരിപൂര്‍ണ ശ്രദ്ധയും വിഭവങ്ങളും നമുക്ക് നഷ്ടപ്പെട്ടു; അയല്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥവന്നു.

സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ ദേശീയപാതാ വികസനം അവസാനിപ്പിക്കുമെന്ന് ദേശീയപാതാ അതോറിറ്റി ആവര്‍ത്തിച്ചു വ്യക്തമാക്കി. എന്നിട്ടും ഒന്നും നടക്കാതെ വന്നപ്പോഴാണ് ദേശീയപാതാ അതോറിറ്റി അവരുടെ ഓഫീസ് അടച്ച് കേരളം വിട്ടത്.

ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട അന്നത്തെ കാര്യങ്ങള്‍ എത്ര ദയനീയമായിരുന്നു എന്ന് ഓർക്കാനാണ് ഇത് ഇവിടെ പറയുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ പരിശ്രമം നടത്തിയില്ലെന്ന് മാത്രമല്ല അങ്ങേയറ്റം കുറ്റകരമായ അലംഭാവം കാട്ടുകയും ചെയ്തു.

2014 ജൂലൈ നാലിന് കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട് & ഹൈവേ മന്ത്രി അന്നത്തെ മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ ദേശീയപാതാ വികസനത്തിനായുള്ള 80% ഭൂമിയെങ്കിലും ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാരിന് നല്‍കിയാല്‍ മാത്രമേ നാഷണല്‍ ഹൈവേ അതോറിറ്റിക്ക് വീണ്ടും പദ്ധതി ഏറ്റെടുക്കുവാന്‍ സാധിക്കുകയുള്ളൂവെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയില്‍ പിന്നീടും ഒരു പുരോഗതിയും ഉണ്ടായില്ല. ചില നിക്ഷിപ്ത താല്പര്യക്കാര്‍ക്കുമുന്നില്‍ യുഡിഎഫ് സർക്കാരിന്റെ മുട്ടുവിറച്ചു.

യുഡിഎഫ് സര്‍ക്കാരിന്‍റെ 2016 വരെയുള്ള കാലയളവില്‍ 27 കിലോമീറ്റര്‍ നീളമുള്ളതും പുതിയതായി ഭൂമി ഏറ്റെടുക്കേണ്ടതില്ലാത്തതുമായ തിരുവനന്തപുരം ബൈപ്പാസിന്‍റെ നിര്‍മ്മാണം മാത്രമാണ് ആരംഭിച്ചത്. 2015 ലാണ് അത് ആരംഭിച്ചത്. ആകെയുള്ള 645 കിലോമീറ്ററില്‍ വെറും 27 കിലോമീറ്ററാണ് തിരുവനന്തപുരം ബൈപ്പാസ്. മുക്കോല മുതല്‍ കാരോട് വരെയുള്ള 16 കിലോമീറ്റര്‍ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതാണ് യുഡിഎഫ് സര്‍ക്കാരിന്‍റെ സംഭാവന എന്ന് പറയാവുന്നത്.

2016 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് ദേശീയ പാതാ വികസനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന ഉറപ്പാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നല്‍കിയത്.

സംസ്ഥാനത്തിന്‍റെ വികസന പദ്ധതികള്‍ക്ക് സ്ഥലം വിട്ടുനല്‍കേണ്ടിവരുന്നവര്‍ ഒരുതരത്തിലും ദു:ഖിക്കേണ്ടിവരില്ല എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഭൂമി നഷ്ടപ്പെടുന്നവരുടെ കൂടെ സര്‍ക്കാരുണ്ടാകുമെന്നും നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു.
2016 മേയ് 25 നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ. അധികാരമേറ്റ് ഇരുപത് ദിവസത്തിനകം തന്നെ, ജൂണ്‍ 15 ന് തന്നെ ഉന്നതതല യോഗം ചേര്‍ന്ന് പദ്ധതി വിലയിരുത്തി. പണി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള തീരുമാനങ്ങളെടുത്തു.
പിന്നീട് മുഖ്യമന്ത്രി എന്ന നിലയില്‍ നേരിട്ടും പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലും മറ്റു മന്ത്രിമാരെ പങ്കെടുപ്പിച്ചിട്ടും തുടര്‍ച്ചയായ അവലോകന യോഗങ്ങള്‍ നടത്തി.

ഇങ്ങനെ സംസ്ഥാനത്തെ ഓരോ മേഖലയിലെയും വിഷയങ്ങള്‍ വിശദമായി പരിശോധിച്ചു പരിഹാരങ്ങള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും സഹകരിപ്പിച്ചു കൊണ്ടുള്ള ചിട്ടയായ ഇടപെടലാണുണ്ടായത്.

സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് എല്ലാ മാസവും സമര്‍പ്പിക്കാന്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചു. ജില്ലാ കളക്ടര്‍മാര്‍ നോഡല്‍ ഓഫീസര്‍ മുഖാന്തിരം റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും എല്ലാ മാസവും പ്രവൃത്തി പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തീരുമാനിച്ചു.

അലൈന്‍മെന്‍റിന് ഭേദഗതി നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലങ്ങളില്‍ സര്‍വ്വേ നടത്തി ഏതാണ് അനുയോജ്യമെന്ന് സംയുക്തപരിശോധന നടത്തി തീരുമാനിക്കാന്‍ ധാരണയാക്കി. സര്‍വ്വേ നടക്കുന്ന സ്ഥലത്ത് എന്ത് നഷ്ടപരിഹാരം കിട്ടുമെന്ന് ഭൂ ഉടമകളെ ബോധ്യപ്പെടുത്തി. ഖജനാവിന് അധിക ബാധ്യത ഉണ്ടാക്കാതെ, പരമാവധി നഷ്ടങ്ങള്‍ കുറച്ച്, അലൈന്‍മെന്‍റ് തീരുമാനിക്കണം എന്നാണ് നിശ്ചയിച്ചത്.

ഭൂമി ഏറ്റെടുക്കല്‍ മുടക്കാന്‍ അനേകം തടസ്സങ്ങള്‍ പലകോണുകളില്‍ നിന്നും വന്നു. സമരങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടു. മഴവില്‍ മുന്നണികള്‍ക്കൊപ്പം കോണ്‍ഗ്രസ്സും ബിജെപിയും പരസ്യമായി രംഗത്തിറങ്ങി. നഷ്ടപരിഹാരം കിട്ടില്ലെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. വ്യാജ കഥകള്‍ വലിയ തോതിൽ പ്രചരിപ്പിച്ചു. നന്ദിഗ്രാമിലെ മണ്ണു പൊതിഞ്ഞെടുത്ത് വന്നത് ഒരു കേന്ദ്ര മന്ത്രി തന്നെയായിരുന്നു. കീഴാറ്റൂര്‍ കേരളത്തിലെ സിപിഐഎമ്മിന്‍റെ നന്ദിഗ്രാം ആകുമെന്നായിരുന്നു പ്രഖ്യാപനം.

കേരളത്തിലെ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് 2018 സെപ്റ്റംബര്‍ 14ന് അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കേന്ദ്ര ഹൈവേ മന്ത്രിക്ക് കത്തെഴുതി. സ്ഥലം ഏറ്റെടുക്കല്‍ ദ്രുതഗതിയില്‍ മുന്നോട്ടുപോയ ഘട്ടത്തിലായിരുന്നു ഈ ഇടപെടല്‍. തുടര്‍ന്ന് നിര്‍മാണം വൈകിപ്പിച്ചു കൊണ്ടുള്ള കേന്ദ്രത്തിന്‍റെ ഉത്തരവ് വന്നു. കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ സ്ഥലം ഏറ്റെടുപ്പ് ഏകദേശം 80 ശതമാനവും തെക്കന്‍ ജില്ലകളില്‍ 50 ശതമാനവും പൂര്‍ത്തിയായിരുന്നു.

ഇതേ ഘട്ടത്തില്‍ തന്നെ കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ കേന്ദ്ര സര്‍ക്കാര്‍ ദേശീയപാതാ വികസനത്തിന്‍റെ ഒന്നാം മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കി രണ്ടാം പട്ടികയിലേക്ക് മാറ്റി. ഈ ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്‍റെ ഉത്തരവ് വന്നു.

ദേശീയപാതാ വികസനത്തെ അട്ടിമറിക്കാനാണ് കേരളത്തിലെ ബിജെപി എല്ലാ ഘട്ടത്തിലും ശ്രമിച്ചത്. പിന്നീട് 2019 ജൂണ്‍ മാസത്തില്‍ പ്രതിഷേധങ്ങളുടെയും ചര്‍ച്ചകളുടെയും ഫലമായി കേരളത്തിലെ ദേശീയപാത വികസനത്തെ ഒന്നാം പരിഗണനാ പട്ടികയില്‍ വീണ്ടും ഉള്‍പ്പെടുത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഔദ്യോഗികമായി തീരുമാനിക്കുകയായിരുന്നു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം ഉണ്ടായത്. അപ്പോഴും ചെലവിന്‍റെ ഒരു വിഹിതം സംസ്ഥാനം വഹിക്കണമെന്നാണ് കേന്ദ്രം പറഞ്ഞത്. ആദ്യ ഘട്ടത്തില്‍, ഭൂമി ഏറ്റെടുക്കല്‍ ചെലവിന്‍റെ 50 ശതമാനം കേരളം ഏറ്റെടുക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെയും നാഷണല്‍ ഹൈവേ അതോറിറ്റിയുടെയും നിലപാട്. പിന്നീട് തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് 25 ശതമാനം എന്ന നിലയിലേക്ക് കേന്ദ്രസര്‍ക്കാര്‍ വഴങ്ങിയത്. രാജ്യത്ത് മറ്റെങ്ങുമില്ലാത്തവിധം ഭൂമി ഏറ്റെടുക്കലിന്‍റെ 25 ശതമാനം സംസ്ഥാനം നല്‍കേണ്ടി വന്നത് ദേശീയപാതാ വികസനം വൈകിപ്പിച്ച യുഡിഎഫും തടസ്സപ്പെടുത്താന്‍ ശ്രമിച്ച ബിജെപിയും ചേര്‍ന്ന് നമ്മുടെ തലയില്‍ കെട്ടിവെച്ച അധിക ബാധ്യതയാണ്.

5580 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കലിനായി ഇതുവരെ ചെലവഴിച്ചത്. ഇത്രയും തുക സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചില്ലായിരുന്നുവെങ്കില്‍ കേരളത്തിന്‍റെ ദേശീയപാതാ വികസനം അനന്തമായി നീണ്ടുപോകുമായിരുന്നു.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാറിനായി. മികച്ച പുനരധിവാസ പാക്കേജ് നടപ്പാക്കാനുള്ള തീരുമാനമാണ് കൈക്കൊണ്ടത്. പരമാവധി നഷ്ടപരിഹാരം നല്‍കിയാണ് ഭൂമി ഏറ്റെടുത്തത്. ദേശിയപാതയില്‍ 125 കിലോമീറ്റര്‍ ഒരു വര്‍ഷത്തിനകം വികസനം പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കും എന്നാണ് ദേശീയപാതാ അതോറിറ്റി വ്യകതമാക്കിയിട്ടുള്ളത്. കഴക്കൂട്ടം ഫ്ളൈ ഓവര്‍ ഒക്ടോബറില്‍ തുറക്കാന്‍ കഴിയുമെന്നാണ് അിറയിച്ചിട്ടുള്ളത്. മാഹി-തലശ്ശേരി ബൈപാസ്, മൂരാട് പാലം എന്നിവ അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാകും. നീലേശ്വരം റെയില്‍വേ ഓവര്‍ബ്രിഡ്ജ് തുറക്കുന്ന സമയം പെട്ടെന്നുതന്നെ അറിയിക്കാനാകുമെന്നും അതോറിറ്റി പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്‍റെ ഗതാഗത പ്രശ്നപരിഹാരത്തിന് വലിയ മുതല്‍ക്കൂട്ടാകുന്ന നേട്ടങ്ങളാണ് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നത്. ഇതിന് സഹകരണം നല്‍കിയ ജനങ്ങളുടെ വിജയമാണിത്

കെ ഫോണ്‍

കേരളത്തില്‍ ഒട്ടാകെ മികച്ച ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി ഒരുക്കുന്നതിനും ദരിദ്ര കുടുംബങ്ങളില്‍ ഇന്‍റര്‍നെറ്റ് സൗജന്യമായി എത്തിക്കുന്നതിനും ലക്ഷ്യമിടുന്ന പദ്ധതിയാണ് കെ ഫോണ്‍. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെഫോണ്‍) ഔദ്യോഗികമായി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) ലൈസന്‍സ് ലഭിച്ചിട്ടുള്ളത്. ഇതോടെ സ്വന്തമായി ഐഎസ്പി ലൈസന്‍സും ഇന്‍റര്‍നെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.

സര്‍ക്കാര്‍ സേവങ്ങള്‍ മിക്കവയും ഓണ്‍ലൈന്‍ സംവിധാനം വഴി ഇപ്പോൾ ലഭ്യമാണ്. ശക്തമായ കണക്റ്റിവിറ്റി സംവിധാനം ഉണ്ടെങ്കില്‍ മാത്രമേ ഇന്‍റര്‍നെറ്റ് സേവനം സുഗമമാകുകയുള്ളൂ . ഇവിടെയാണ് കെഫോണിന്‍റെ പ്രസക്തി വർധിക്കുന്നത്. ഇതുവഴി അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും ഓഫിസുകളിലും എത്തിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ പദ്ധതി സഹായകമാകും.

കെ.എസ്.ഇ.ബിയും കെ.എസ്.ഐ.റ്റി.ഐ.എല്‍ഉം കേരള സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ കെഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേത്യത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയില്‍ടെല്‍, എല്‍.എസ്.കേബിള്‍, എസ്.ആര്‍.ഐ.റ്റി എന്നീ കമ്പനികളാണ് പ്രസ്തുത കണ്‍സോര്‍ഷ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ആകെ 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കും. ഇതില്‍ 4092 എണ്ണം പ്രവര്‍ത്തനസജ്ജമാവുകയും ചെയ്തിട്ടുണ്ട്. ഓരോ മാസവും 3000 മുതല്‍ 5000 ഓഫീസുവരെ സജ്ജമാകുന്ന രീതിയില്‍ ജോലികള്‍ മുന്നേറുകയാണ്.
ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ വിഭാവനം ചെയ്തിട്ടുള്ള 30000 സര്‍ക്കാര്‍ ഓഫീസുകളില്‍ 24275 ഓഫീസുകളില്‍ കെഫോണ്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള അനുബന്ധ ഉപകരണങ്ങള്‍ സ്ഥാപിച്ചു. ബാക്കിയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സെപ്റ്റംബറോടെ കെഫോണ്‍ കണക്ഷന്‍ നല്‍കും.

140 നിയോജക മണ്ഡലങ്ങളിലേയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 100 വീതം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് നല്‍കുന്നതിന് വേണ്ടിയുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ പേപ്പര്‍ രഹിതമാകുന്നത് ത്വരിതപ്പെടും. കൂടുതല്‍ വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഒരു ജനസൗഹൃദാന്തരീക്ഷം സര്‍ക്കാര്‍ ഓഫീസുകളിലുണ്ടാകാന്‍ ഇതുപകരിക്കും.

2022 ല്‍ യാത്ര ചെയ്യാവുന്ന ലോകത്തെ 50 സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും ഇടം നേടിയത് നമ്മുടെ സംസ്ഥാനതിന്‍റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. ടൈം മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് കേരളത്തെകുറിച്ച് പ്രത്യേകപരാമര്‍ശമുള്ളത്.

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലമാണ് കേരളമെന്നും ബീച്ചുകളും കായലും മലനിരകളും കേരളത്തിന്‍റെ ആകര്‍ഷണമാണെന്നും ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കിയ കാരവന്‍ ടൂറിസവും വാഗമണ്ണിലെ കാരവന്‍ പാര്‍ക്കും പ്രത്യേകം മതിപ്പു പ്രകടിപ്പിച്ചുകൊണ്ട് പരാമര്‍ശിച്ചിട്ടുണ്ട്.

ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കോവിഡ് പ്രതിസന്ധികള്‍ കാരണം തകര്‍ന്നു കിടക്കുകയായിരുന്നു വിനോദ സഞ്ചാര മേഖല. കേരളത്തിന്‍റെ സമ്പദ്ഘടനയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വിനോദ സഞ്ചാര മേഖലയെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. 2022 ലെ ആദ്യപാദ കണക്കുകള്‍ അനുസരിച്ച് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്ത് അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച് ഒരു യോഗം ഇന്ന് ചേർന്നിരുന്നു.

അതിദരിദ്രരായ കുടുംബങ്ങൾക്കാവശ്യമായ സഹായങ്ങൾക്ക് സൂക്ഷ്മതല ആസൂത്രണ രേഖ ആഗസ്റ്റ് പകുതിയോടെ തയ്യാറാക്കും.

ദീർഘകാലം ഹ്രസ്വകാലം, ഉടൻ എന്നിങ്ങനെ നടപ്പാക്കേണ്ട പ്രവർത്തനങ്ങളാണ് സൂക്ഷ്മതല ആസൂത്രണ രേഖയുടെ ഭാഗമായി ഉണ്ടാവുക.

അതിന്റെ അടിസ്ഥാനത്തിൽ ഓരോ മേഖലയിലും ആവശ്യമായ സഹായങ്ങൾ തീരുമാനിക്കും. ഈ വർഷം എത്രപേർക്ക് സഹായം നൽകാൻ പറ്റും എന്ന റിപ്പോർട്ട് തയ്യാറാക്കും. ഇതിന് പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ,
ചീഫ് സെക്രട്ടറി, തദ്ദേശസ്വയംഭരണ, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരടങ്ങിയ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്.

ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനാവശ്യമായ വിശദാംശങ്ങൾ മനസ്സിലാക്കി സമിതി റിപ്പോർട്ടിന് അന്തിമരൂപം നൽകും.

ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുക, ഒരിക്കൽ മോചിപ്പിക്കപ്പെട്ടാൽ അതിലേക്ക് തിരിച്ചു പോകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക എന്നിവയാണ് ലക്ഷ്യം.

ദാരിദ്ര്യത്തിൽ നിന്ന് സ്ഥായിയായ മോചനമാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

കർക്കിടകവാവ്

വ്യാഴാഴ്ച കർക്കിടവാവാണ്. ബലിതർപ്പണത്തിന് തയ്യാറെടുക്കുന്നവർ എല്ലാ മുൻകരുതലകുളും പാലിക്കണം. തിരക്ക് കൂടുന്ന ബലിതർപ്പണ കേന്ദ്രങ്ങളിൽ കൊവിഡ് മാർ​ഗനിർദ്ദേശങ്ങൾ ഉറപ്പുവരുത്തണം. പൊലീസും ബന്ധപ്പെട്ട അധികാരികളും ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുമായി സഹകരിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News