Kalam; എ പി ജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് ഇന്ന്‌ ഏഴ് വയസ്

മിസൈല്‍ മാന്‍, ഇന്ത്യയുടെ രാഷ്ട്രപതി, അതിലുമപ്പുറം വലിയൊരു മനുഷ്യനായി ജീവിച്ചുമരിച്ച ഡോ എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴ് വയസ്. സമൂഹത്തിനെയൊന്നാകെ ഉത്തേജിപ്പിക്കാന്‍ കലാമിനു സാധിച്ചു എന്നതിലാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. രാജ്യത്തിന്റെ പ്രഥമ പൗരന്‍മാരായ നിരവധിപേരെ നമ്മള്‍ കണ്ടു. എന്നാല്‍ ജനങ്ങളുടെ രാഷ്ട്രപതി എന്ന പദവിയിലെത്തിയ ഏക വ്യക്തി കലാം മാത്രമായിരുന്നു.

കുട്ടികളെയും യുവാക്കളെയും ഇത്രയേറെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച മറ്റൊരു വ്യക്തി രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല. 1.6 കോടി യുവാക്കളെ നേരിട്ടുകണ്ടാണ് തന്റെ ആശയങ്ങള്‍ പങ്കുവച്ചത്. കുട്ടികളെ മാത്രമല്ല എല്ലാവരെയും അദ്ദേഹം സ്‌നേഹിച്ചു. ഏവരുടെയും ബഹുമാനവും ആദരവും പിടിച്ചുവാങ്ങി. രാജ്യത്ത് അഴിമതിയില്ലാതാക്കാന്‍ നിയമമല്ല മൂല്യങ്ങളാണുണ്ടാകേണ്ടതെന്നാണ് അദ്ദേഹം ഉണര്‍ത്തിയത്.ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ ക്ലാസെടുക്കുന്നതിനിടെയായിരുന്നു കലാം ഹൃദയാഘാതത്തെതുടർന്ന് കുഴഞ്ഞ് വീഴുന്നത്. അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.

മുൻ രാഷ്ട്രപതി എന്നതിനോടൊപ്പം തന്നെ ‘ഇന്ത്യയുടെ മിസൈൽമാൻ’എന്ന പേരിലാണ് എപിജെ അബ്ദുൾ കലാം അറിയപ്പെടുന്നത്. ഐഎസ്ആർഒയുടെ ആദ്യകാലത്തെ ശാസ്ത്രജ്ഞരിലൊരാളായിരുന്നു അദ്ദേഹം. രാഷ്ട്രപതി എന്ന നിലയിലും ഏറെ ജനകീയനായിരുന്ന കലാം വിദ്യാർത്ഥികളോടും യുവാക്കളോടും എപ്പോഴും അടുപ്പം പുലർത്തിയിരുന്നു.

1931 ഒക്ടോബർ 15 തമിഴ്നാട്ടിലെ രാമേശ്വരത്ത് സാധാരാണ കുടുംബത്തിലായിരുന്നു അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൾ കലാമിന്‍റെ ജനനം. രാമേശ്വരം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ ഉപരിപഠനവും പൂർത്തിയാക്കിയ അദ്ദേഹം ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷൻ എന്ന സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി ജോലിക്കു ചേർന്നു. പിന്നീട് രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ നിരവധി പ്രൊജക്ടുകൾക്ക് ചുക്കാൻ പിടിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഡിആർഡിഒയിൽ നിന്നും 1969ൽ ഐഎസ്ആർഒയിലേയ്ക്ക് എത്തിയ കലാം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റെയും, ലോഞ്ചിംഗ് വെഹിക്കിളിന്റെയും സാങ്കേതികവിദ്യാവികസനത്തിനും നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. അഗ്നി, പൃഥ്വി എന്നീ മിസൈലുകളുടെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം. പൊക്രാനിൽ നടന്ന രണ്ടാം അണവായുധ പരീക്ഷണത്തിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു.

കെആർനാരായണന്‍റെ പിൻഗാമിയായാണ് ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയായി അബ്ദുൾ കലാം തെരഞ്ഞെടുക്കപ്പെടുന്നത്. കോൺഗ്രസിന്‍റെയും ബിജെപിയുടെയും പിന്തുണയോടെയായിരുന്നു പ്രസിഡന്‍റ് സ്ഥാനത്തേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്.

രാഷ്ട്രപതിഭവന്റെ പടിയിറങ്ങിയതിനു ശേഷവും അവസാന നിമിഷം വരെ തന്നിലെ ജ്വാല, ഭാവിതലമുറയ്ക്ക് പകര്‍ന്നു നല്‍കിയാണ് കലാം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. അമേരിക്കന്‍ ചാര ഉപഗ്രഹങ്ങളെ വെട്ടിച്ച് പൊഖ്‌റാന്‍ 2 അണു ബോംബ് പരീക്ഷണത്തിലൂടെ 1998 മേയില്‍ ഇന്ത്യയെ ആറാമത്തെ ആണവായുധ രാഷ്ട്രമാക്കാന്‍ നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News