Chess; 44-ാമത് ചെസ്സ് ഒളിമ്പ്യാഡിന് നാളെ ചെന്നൈയിലെ മാമല്ലപുരത്ത് തുടക്കം

44-ാമത് ചെസ്സ് ഒളിമ്പ്യാഡിന് നാളെ ചെന്നൈയിലെ മാമല്ലപുരത്ത് തുടക്കം. ആഗസ്ത് 10 വരെയാണ് ലോക ചെസ്സിലെ മഹാ ഉത്സവം അരങ്ങേറുക. ലോക ചാമ്പ്യനായ മാഗ്നസ് കാൾസൻ ചെസ് ഒളിമ്പ്യാഡിൽ മത്സരിക്കുന്നില്ല.

ഫുട്ബോളിൽ ഫിഫാ ലോകകപ്പിനും ക്രിക്കറ്റിൽ വേൾഡ് കപ്പിനും സമാനമാണ് ചെസ്സിൽ ലോക ചെസ്സ് ഒളിമ്പ്യാഡ് . ലോകത്തെ ഏറ്റവും മികച്ച ചെസ്സ് രാഷ്ട്രം ഏതെന്ന് നിശ്ചയിക്കാനുള്ള ലോക ചെസ് മാമാങ്കത്തിന് ചതുരംഗം പിറന്ന മണ്ണ്, ചരിത്രത്തിൽ ആദ്യമായാണ് ആതിഥേയത്വം വഹിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. തമ്പി എന്ന കുതിരയാണ് ഒളിമ്പ്യാഡിന്റെ ഭാഗ്യചിഹ്നം.

യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ചെന്നൈ മാമല്ലപുരത്തെ ഫോർ പോയിൻറ്സ് ബൈ ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന മഹാ ഉത്സവത്തിൽ 187 പുരുഷ ടീമുകളും 162 വനിതാ ടീമുകളും പങ്കെടുക്കും.ഫാബിയോ കരുവാന, വെസ്ലി സോ, ലെവ് ആറോണിയൻ തുടങ്ങി വമ്പൻ താരങ്ങൾ ചെസ്സ് ഗോദയിൽ അണിനിരക്കും. ചെസ്സ് ഒളിമ്പ്യാഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്.

തിരുവനന്തപുരത്തുകാരൻ എസ്.എൽ നാരായണനും തൃശൂർകാരൻ നിഹാൽ സരിനുമാണ് ഇന്ത്യൻ ടീമിലെ മലയാളി താരങ്ങൾ .5 തവണ ലോക ചാമ്പ്യനായ വിശ്വനാഥൻ ആനന്ദ് മുഖ്യ ഉപദേഷ്ടാവായി ടീമിനൊപ്പം ഉണ്ട്. 2020 ൽ ഓൺലൈൻ ഒളിമ്പ്യാഡിൽ കരുത്തരായ റഷ്യക്കൊപ്പം സ്വർണം പങ്കിട്ടതാണ് ഇന്ത്യയുടെ അവിസ്മരണീയ നേട്ടം. 74 നഗരങ്ങളിലൂടെ സഞ്ചരിച്ച ശേഷം ചെസ്സ് ഒളിമ്പ്യാഡിന്റെ ദീപശിഖ മാമല്ലപുരത്തെ മത്സര വേദിയിലെത്തി. ലോക ചെസ്സിലെ ഏറ്റവും കരുത്തരായ 1,700 ൽ പരം താരങ്ങൾ ഒരൊറ്റ വേദിയിൽ അണിനിരക്കുന്ന അത്യപൂർവ്വ മാമാങ്കത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് നാടെങ്ങുമുള്ള ചെസ് പ്രേമികൾ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here