ADVERTISEMENT
റെക്കോർഡ് വിലയ്ക്ക് സാൻഫ്രാൻസിസ്കോയിലുള്ള തന്റെ വീട് കൈമാറ്റം ചെയ്തിരിക്കുകയാണ് ഫെയ്സ്ബുക്ക് സഹസ്ഥാപകനായ മാർക്ക് സക്കർബർഗ്. വിൽപനയ്ക്കായി പരസ്യപ്പെടുത്താതെ സ്വതന്ത്ര ഇടപാടിലൂടെ വീട് കൈമാറ്റം ചെയ്തതായാണ് വിവരം. 31 മില്യൺ ഡോളറാണ് (247 കോടി രൂപ) സക്കർബർഗിന്റെ വീടിന് വിലയായി ലഭിച്ചത്.
സാൻഫ്രാൻസിസ്കോയിൽ ഈ വർഷം നടന്ന വീട് കൈമാറ്റങ്ങളിൽ ഏറ്റവും ഉയർന്ന വിലയാണ് ഇത്. 2012 ൽ 10 മില്യൺ ഡോളറിനാണ് (79 കോടി രൂപ )സക്കർബർഗ് ഈ വീട് സ്വന്തമാക്കിയത്. ഡോളോറസ് ഹൈറ്റ്സിൽ സ്ഥിതി ചെയ്യുന്ന വീട്ടിൽ നാല് കിടപ്പുമുറികളും നാല് ബാത്റൂമുകളുമാണുള്ളത്.
7300 ചതുരശ്ര അടിയാണ് ആകെ വിസ്തീർണ്ണം. വീട് കൈമാറ്റം ചെയ്യാനുള്ള യഥാർത്ഥ കാരണം വ്യക്തമല്ലെങ്കിലും പാർക്കിങ് സൗകര്യവുമായി ബന്ധപ്പെട്ട് അയൽക്കാർക്ക് അസംതൃപ്തി ഉണ്ടായിരുന്നതായി മാധ്യമങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.സക്കർബർഗ് വീട് സ്വന്തമാക്കിയ സമയം മുതൽതന്നെ അയൽക്കാരുമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു.
വീട് വാങ്ങിയതിനു ശേഷം ഇഷ്ടാനുസരണം നവീകരിക്കുന്നതിനായി രണ്ടു വർഷം നീണ്ട നിർമ്മാണപ്രവർത്തനങ്ങളാണ് ഇവിടെ നടത്തിയിരുന്നത്. ഇതേ തുടർന്നുള്ള ശബ്ദമലിനീകരണവും നിർമ്മാണ സാമഗ്രികൾ നിരത്തിൽ യാത്രാ തടസമുണ്ടാക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടി അയൽക്കാരിൽ ചിലർ പ്രതിഷേധവും അറിയിച്ചിരുന്നു.
1.8 മില്യൺ ഡോളർ ചിലവിട്ടാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.അതേസമയം സാൻഫ്രാൻസിസ്കോ ബേ ഏരിയയിലെ പാലോ ആൾട്ടോയിൽ നാലു കിടപ്പുമുറകളും അഞ്ച് ബാത്റൂമുകളുമുള്ള മറ്റൊരു വീട് കൂടി സക്കർബർഗിനുണ്ട്. ഇതിനുപുറമെ ഹവായിലെ കൗവായ് ദ്വീപിൽ 1400 ഏക്കർ സ്ഥലവും ടാഹോ നദിയോട് ചേർന്ന് രണ്ട് വീടുകളും മുൻപ് തന്നെ അദ്ദേഹം സ്വന്തമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.