സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് ‘ദേവദൂതര്‍ പാടി’ (Devadoothar Paadi) എന്ന ഗാനം. ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്ന ഈ എവര്‍ഗ്രീന്‍ ഹിറ്റ് ഗാനം 37 വര്‍ഷങ്ങള്‍ക്കു ശേഷം വൈറല്‍ ആവാന്‍ കാരണം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ എന്ന സംവിധായകനും കുഞ്ചാക്കോ ബോബനുമായിരുന്നു (Kunchacko Boban).
‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും’ ‘കലഹം കാമിനി കലഹ’വും ഒരുക്കിയ രതീഷിന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന പുതിയ ചിത്രത്തില്‍ നിന്നുള്ള രംഗമാണ് വൈറല്‍ ആയത്. ഒരു ഉത്സവപ്പറമ്പില്‍ ഗാനമേളയ്ക്ക് ഈ ഗാനം ആലപിക്കപ്പെടുമ്പോള്‍ ചാക്കോച്ചന്റെ നായക കഥാപാത്രം ഇട്ട സ്റ്റെപ്പുകളാണ് ആസ്വാദകരെ രസിപ്പിച്ചത്. ഇപ്പോഴിതാ ചാക്കോച്ചന്റെ നൃത്തത്തിന്റെ ഒരു പുനരാവിഷ്‌കാരവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ആ നൃത്തത്തിന് ഉടമ ഭാസ്‌കര്‍ അരവിന്ദ് (Bhasker Aravind) എന്ന കലാകാരനാണ്.
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ മേക്കോവറിന് താനുമായുള്ള മുഖസാദൃശ്യമാണ് ഈ ഡാന്‍സ് ഷൂട്ട് ചെയ്യുന്നതിലേക്ക് എത്തിച്ചതെന്ന് ഭാസ്‌കര്‍ ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖത്തില്‍ പറഞ്ഞു.
ഭാസ്‌കറിന്റെ വാക്കുകള്‍
‘ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ ചാക്കോച്ചന്റെ യഥാര്‍ഥ രൂപമല്ല നമ്മള്‍ കാണുന്നത്. മറിച്ച് ആ കഥാപാത്രത്തിനുവേണ്ടി നടത്തിയ മേക്കോവര്‍ ആണ്. അതിന് എന്റെ മുഖവുമായിട്ടുള്ള സാദൃശ്യം ഒരുപാട് പേര്‍ പറഞ്ഞു. എനിക്കും അത് തോന്നി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വന്നപ്പോള്‍ എന്റെ മൊബൈലില്‍ അത് കണ്ട പയ്യന്‍ ഇത് ചേട്ടനല്ലേ എന്ന് ചോദിച്ചു. ഫേസ്ബുക്കില്‍ ഞാന്‍ ആ ഫോട്ടോ ഇട്ടപ്പോള്‍ ചിലര്‍ ആശംസകളൊക്കെ അറിയിച്ച് എത്തി. ഞാനാണത് എന്ന് തെറ്റിദ്ധരിച്ചിട്ടായിരുന്നു അത്. അരുണ്‍ എന്ന സുഹൃത്താണ് ഇത് ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ പറഞ്ഞത്. ഷിഹാബ് എന്ന ക്യാമറാമാന്‍ ഐഫോണില്‍ ഷൂട്ട് ചെയ്ത വീഡിയോയാണ് ഇത്’
ഭാസ്‌കറിന്റെ വീഡിയോ കണ്ട് ഒട്ടേറെപ്പേരാണ് സിനിമ, സീരിയല്‍ രംഗങ്ങളില്‍ നിന്ന് അഭിനന്ദനങ്ങളുമായി എത്തിയത്. വീഡിയോ സ്റ്റാറ്റസ് ആക്കിയവരില്‍ സാക്ഷാല്‍ കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളുമൊക്കെയുണ്ട്. വീഡിയോ ശ്രദ്ധയില്‍ പെട്ട ശ്വേത മേനോനാണ് അത് ചാക്കോച്ചന് അയച്ചുകൊടുത്തത്. നിങ്ങള്‍ കോപ്പിയടിക്കപ്പെട്ടിരിക്കുന്നു ചാക്കോച്ചാ എന്നായിരുന്നു ശ്വേതയുടെ കമന്റ്. ചിത്രത്തിലെ രംഗത്തില്‍ നിന്ന് എടുത്ത മീം പങ്കുവച്ചുകൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം. കലാഭവന്‍ ഷാജോണ്‍, പ്രജോദ് കലാഭവന്‍, അശ്വതി ശ്രീകാന്ത്, ബിബിന്‍ ജോര്‍ജ്, ജുവല്‍ മേരി, മെറീന മൈക്കിള്‍, രചന നാരായണന്‍കുട്ടി എന്നിവരൊക്കെ ഭാസ്‌കറിനെ അഭിനന്ദിച്ച് രംഗത്തെത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here