Commonwealth Games : ഇരുപത്തി രണ്ടാമത് കോമൺവെൽത്ത് ഗെയിംസിന് ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ ഇന്ന് തിരിതെളിയും

ഇരുപത്തി രണ്ടാമത് കോമൺവെൽത്ത് ഗെയിംസിന് ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ ഇന്ന് തിരിതെളിയും. ഇന്ത്യൻ സമയം രാത്രി 11.30 ന് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. 12 നാൾ നീണ്ടു നിൽക്കുന്ന ഗെയിംസിന് ഓഗസ്റ്റ് എട്ടിനാണ് കൊടിയിറക്കം. കോമൺവെൽത്ത് ഗെയിംസിന്റെ ആവേശലഹരിയിലാണ് കായിക ലോകം.ബർമിങ്ഹാമിലെ അലക്സാണ്ടർ സ്റ്റേഡിയത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. എലിസബത്ത് രാജ്ഞിയുടെ മകനായ ചാൾസ് രാജകുമാരനാണ് ചടങ്ങിലെ മുഖ്യാതിഥി.

മ്യൂസിക് ബാൻഡായ ദുറാൻ ദുറാന്റെ നേതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ചാമ്പ്യന്മാരുടെ നഗരമായ ബർമിങ്ഹാമിലെ സാംസ്കാരിക വൈവിധ്യം പ്രമേയമാക്കിയുള്ള ചാമ്പ്യൻ എന്ന് പേരിട്ടിട്ടുള്ള തീം സോങ് ഇതിനകം കായികപ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു .72 രാജ്യങ്ങളിൽ നിന്നുള്ള 5054 കായിക താരങ്ങൾ 20 ഇനങ്ങളിലായി ഗെയിംസിൽ മാറ്റുരക്കും.

19 കായിക ഇനങ്ങളും 8 പാര കായിക ഇനങ്ങളുമാണ് കോമൺവെൽത്ത് ഗെയിംസിൽ അരങ്ങേറുക. 215 കായിക താരങ്ങളും ഒഫീഷ്യൽസും അടക്കം 322 സംഘമാണ് ഇന്ത്യയിൽ നിന്നുള്ളത്. 15 കായിക ഇനങ്ങളിലും 4 പാരാ കായിക ഇനങ്ങളിലുമാണ് ഇന്ത്യ മത്സരിക്കുക. ഭാരോദ്വഹനത്തിൽ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് മീരാഭായ് ചാനു , ബാഡ്മിന്റണിൽ പി.വി സിന്ധു , ടേബിൾ ടെന്നീസിൽ മനീക ബത്ര , ബോക്സിംഗിൽ ലവ്ലിന ബോർഗോഹെയിൻ തുടങ്ങി ബിർമിങ്ഹാം കായിക മാമാങ്കത്തിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷകൾ ഏറെ.

ഇന്ത്യൻ പുരുഷ -വനിതാ ഹോക്കി ടീമുകളും വനിതാ ക്രിക്കറ്റ് ടീമും കായിക മാമാങ്കത്തിനെത്തുന്നതും തികഞ്ഞ മെഡൽ പ്രതീക്ഷയോടെയാണ്. അത്ലറ്റിക്സ് ലോങ്ജംപിൽ എം ശ്രീശങ്കർ , മുഹമ്മദ് അനീസ്,ആൻസി സോജൻ , ട്രിപ്പിൾ ജംപിൽ എൽദോസ് പോൾ,അബ്ദുള്ള അബൂബക്കർ , റിലേയിൽ അമോജ് ജേക്കബ്ബ്, നോഹ നിർമൽ ടോം, മുഹമ്മദ് അജ്മൽ , മുഹമ്മദ് അനസ്, എം.വി ജിൽന, എൻ എസ് സിമി,നീന്തലിൽ സജൻപ്രകാശ്,ബാഡ്മിൻറണിൽ ട്രീസ ജോളി, ഹോക്കിയിൽ പി ആർ ശ്രീജേഷ്, സ്ക്വാഷിൽ ദീപിക പള്ളിക്കൽ, സുനൈന കുരുവിള എന്നിവർ ഗെയിംസിൽ മലയാളികളുടെ അഭിമാന താരങ്ങളായി ഉണ്ട്.

2018 ൽ ഗോൾഡ് കോസ്റ്റ് വേദിയായ കോമൺവെൽത്ത് ഗെയിംസിൽ ഓസ്ട്രേലിയക്കായിരുന്നു ഒന്നാം സ്ഥാനം. 26 സ്വർണം ഉൾപ്പെടെ 66 മെഡലുകൾ നേടിയ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പെറി എന്ന ബഹുവർണക്കാളയാണ് ബർമിങ്ഹാം ഗെയിംസിന്റെ ഭാഗ്യചിഹ്നം. 12 നാൾ നീണ്ടു നിൽക്കുന്ന കോമൺവെൽത്ത് ഗെയിംസിന് ഓഗസ്ത് 8 നാണ് കൊടിയിറങ്ങുക. ഗോൾഡ്കോസ്റ്റിനെ കടത്തി വെട്ടുന്ന പ്രകടനമാണ് ബർമിങ്ഹാമിൽ ഇന്ത്യൻ കായിക ലോകം ഉറ്റുനോക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News