Kiran: കിരണിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ വിഴിഞ്ഞം പൊലീസ് ഇന്ന് തമിഴ്‌നാട് പൊലീസിനെ സമീപിക്കും

ആഴിമലയില്‍(Azhimala) കടലില്‍ കാണാതായ കിരണിന്റെ(Kiran) മൃതദേഹം വിട്ടുകിട്ടാന്‍ വിഴിഞ്ഞം പോലീസ്(Vizhinjam police) ഇന്ന് തമിഴ്‌നാട് പോലീസിനെ(Tamil Nadu police) സമീപിക്കും. തമിഴ്നാട്ടിലെ ഇരയിമ്മന്‍ തുറയില്‍ കണ്ടെത്തിയ മൃതദേഹം കിരണിന്റെ തന്നെയെന്ന് ഇന്നലെ ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കാനാണ് പോലീസ് നീക്കം. നിലവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജിലാണ് കിരണിന്റെ മൃതദേഹമുള്ളത്. തമിഴ്‌നാട് പോലീസില്‍ നിന്നു വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് ശേഖരിക്കും.

പെണ്‍സുഹൃത്തിനെ കാണാനെത്തിയ കിരണിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടി കൊണ്ട് പോയി മര്‍ദ്ദിച്ചെന്നും, മര്‍ദ്ദനം ഭയന്ന് ഓടിയപ്പോള്‍ കാല്‍വഴുതി കടലില്‍ വീണതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം. കേസില്‍ പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കിരണിനെ ബൈക്കില്‍ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതാകുന്നത്. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ വന്ന കിരണിനെ പെണ്‍കുട്ടിയുടെ ചേച്ചിയുടെ ഭര്‍ത്താവായ രാജേഷും മറ്റ് രണ്ട് പേരും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതിന് ശേഷം തട്ടി കൊണ്ടുപോവുകയായിരുന്നു.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം കിരണിന്റേത് തന്നെയെന്ന് വ്യക്തമായത്. നാഗര്‍കോവില്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. നേരത്തെ മൃതദേഹത്തിന്റെ കൈയിലെ ചരടും കിരണ്‍ കെട്ടിയിരുന്ന ചരടും സാമ്യമുണ്ടെന്ന് കിരണിന്റെ അച്ഛന്‍ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here