Kochi: കൊച്ചിയിലെ റോഡുകളില്‍ സ്‌റ്റൈലായി ബസ് ഓടിക്കാന്‍ ആന്‍ മേരിയുണ്ട്

കാക്കനാട്(Kakkanad) പെരുമ്പടപ്പ് റോഡിലൂടെ ഹേ ഡേ എന്ന ബസ് കടന്നുപോകുമ്പോള്‍ ആദ്യമൊന്നും ആര്‍ക്കും അത്ര പുതുമതോന്നിയിരുന്നില്ല . എന്നാല്‍ ഡ്രൈവര്‍ സീറ്റിലിരിക്കുന്ന 21 കാരി ആന്‍മേരിയെ(Ann Marry) കാണുമ്പോള്‍ ആരും ഒന്ന് അത്ഭുതപ്പെടും.വളരെ ചെറുപ്പത്തില്‍ തന്നെ ആന്‍ മേരിക്ക് വാഹനക്കമ്പം തുടങ്ങിയിരുന്നു. കുഞ്ഞുനാളില്‍ മുതല്‍ ലോറികളെയും ട്രക്കുകളെയും ബസ്സുകളെയും കുറിച്ചുള്ള വിവരങ്ങള്‍ ആവള്‍ക്ക് കാണാപ്പാഠമായിരുന്നു. പിതാവിന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളററ് ഓടിച്ചു പഠിച്ചത് പതിനഞ്ചാമത്തെ വയസ്സിലാണ്. ‘അതുമായി കോളേജില്‍ പോകാന്‍ എനിക്ക് പതിനെട്ടു വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു,’ ആന്‍ മേരി പറയുന്നു.

ആന്‍മേരിയുടെ വാഹന പ്രേമത്തിന് മാതാപിതാക്കളും പിന്തുണ നല്‍കിയിരുന്നു. എന്റെ മുത്തശ്ശി മറിയാമയും കുട്ടിക്കാലം മുതലെ എന്റെ വാഹന ഭ്രാന്തിന് കൂട്ടുനിന്നു, മുത്തശ്ശിക്ക് എന്റെ വാഹന പ്രേമം വലിയ ഇഷ്ടമായിരുന്നു, ആന്‍ മേരി വ്യക്തമാക്കി. കാറും, റോയല്‍ എന്‍ഫീല്‍ഡും എല്ലാം ഓടിച്ചുപഠിച്ചപ്പോഴും ഒരു വലിയ വാഹനം ഓടിക്കുക എന്നത് ആന്‍ മേരിയുടെ സ്വപ്നമായി തന്നെ അവശേഷിച്ചു. അപ്പോഴാണ് അയല്‍ക്കാരനും ബസ്‌ഡ്രൈവറുമായ ശരത് ആന്‍ മേരിയെ സഹായിക്കാനെത്തിയത്. ട്രിപ്പ് കഴിഞ്ഞെത്തുമ്പോള്‍ ആന്‍മേരിയുടെ വീടിനടുത്താണ് ശരത് സ്ഥിരമായി ബസ്സ് പാര്‍ക്ക് ചെയ്തിരുന്നത്. പാര്‍ക്ക് ചെയ്യുന്നതിന് മുന്‍പ് ബസ്സ് ആന്‍മേരിക്ക് ഓടിച്ചു പഠിക്കാന്‍ നല്‍കും.

പിന്നീട് ഞായറാഴ്ചകളില്‍ ആന്‍മേരി തന്നെ കാക്കനാട് പെരുമ്പടപ്പ് റൂട്ടിലൂടെ ബസ് ഓടിച്ചു തുടങ്ങി. ഒരു ചെറിയ പെണ്‍കുട്ടി കൊച്ചി നഗരത്തിലൂടെ ബസ് ഓടിക്കുന്നത് ആദ്യമാദ്യമൊന്നും മറ്റ് ഡ്രൈവര്‍മാര്‍ക്ക് അത്ര രസിച്ചില്ല. മന:പൂര്‍വ്വം അവര്‍ ആന്‍മേരിയുടെ ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുമായിരുന്നു, പലരും എന്നെ മോശമായ വാക്കുകളുപയോഗിച്ച് ചീത്തവിളിക്കുമായിരുന്നു, ആന്‍ മേരി പറയുന്നു.

പക്ഷെ ഇന്ന് മിക്കവരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. എല്ലാവരും എന്നെ അവരില്‍ ഒരാളായി സ്വീകരിച്ചു കഴിഞ്ഞു. ഷിഫ്റ്റ് കഴിയുമ്പോള്‍ ചായയും ഭക്ഷണവുമൊക്കെ ഞങ്ങള്‍ ഒരുമിച്ചാണ് കഴിക്കാറുള്ളതെന്നും ആന്‍ മേരി സന്തോഷത്തോടെ പങ്കുവെയ്ക്കുന്നു. എറണാകുളം ലോ കോളേജിലെ നിയമവിദ്യാര്‍ത്ഥിനിയാണ് ആന്‍ മേരി ആന്‍സലന്‍. താന്‍ ബസ് ഓടിക്കുന്നത് കണ്ട് കുടുംബം പുലര്‍ത്താനാണോ ഇത് ചെയ്യുന്നതെന്നും പാവപ്പെട്ട കുടുംബത്തിലേതാണോ താന്‍ എന്നും പലരും ചോദിച്ചിരുന്നു. പക്ഷെ ബസ്സ് ഓടിക്കുക എന്നുള്ളത് എന്റെ സ്വപ്നമാണ്. അതുകൊണ്ടാണ് ഞാന്‍ ഈ തൊഴിലെടുക്കുന്നത്. പാലക്കാട് ജില്ല അഡീഷണല്‍ ജഡ്ജി സ്മിതാ മേരിയുടെ മകളായ ആന്‍മേരിക്ക് അമ്മയുടെ പാത തുടര്‍ന്ന് ജഡ്ജിയാവാനാണ് ആഗ്രഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here