Kerala Ministers:കേരളത്തിലെ മന്ത്രിമാരുമായി കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്ര റെയില്‍മന്ത്രി;നടപടി ജനാധിപത്യ വിരുദ്ധമെന്ന് മന്ത്രിമാര്‍

കേരളത്തിലെ വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലും സഹായവും ആവശ്യപ്പെട്ടെത്തിയ (Kerala Ministers)കേരളത്തിലെ മന്ത്രിമാരുമായി കൂടികാഴ്ച്ചയ്ക്ക് തയാറാകാതെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്(Ashwini Vaishnaw). അശ്വിനി വൈഷ്ണവിന്റെ ഈ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് മന്ത്രിമാര്‍ പ്രതികരിച്ചു. അതേസമയം കേരളത്തിലെ റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചൂണ്ടികാണിച്ച് കേന്ദ്ര റെയില്‍വേ സഹമന്ത്രി ദര്‍ശന ജര്‍ദോഷിനും, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ തൃപാഠിക്കും മന്ത്രിമാര്‍ നിവേദനം നല്‍കി. നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിച്ചില്ലെന്ന് വി കെ തൃപാഠി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി

വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലും സഹായവും ആവശ്യപ്പെട്ടാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, ഭക്ഷ്യമന്ത്രി അഡ്വ. ജി ആര്‍ അനില്‍, ഗതാഗതമന്ത്രി അഡ്വ. ആന്റണി രാജു എന്നിവര്‍ ദില്ലിയില്‍ എത്തിയത്. എന്നാല്‍ നേമം ടെര്‍മിനല്‍ പദ്ധതി നടപ്പാക്കണമെന്ന കേരളത്തിന്റെ പ്രധാന ആവശ്യം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടക്കുന്ന യോഗത്തില്‍ ഉന്നയിക്കാനിരിക്കെയാണ് കേന്ദ്ര മന്ത്രി യോഗത്തിന് അനുമതി നിഷേധിച്ചത്. തിരുവന്തപുരത്തെ ജനപ്രതിനിധികള്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കാനെത്തുമ്പോള്‍ യോഗത്തിന് അനുമതി നല്‍കാതിരിക്കുന്നത് പ്രതിഷേധര്‍ഹമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നെത്തിയ ബിജെപി നേതാക്കളുമായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് കൂടികാഴ്ച നടത്തിയിരുന്നു. കേരളത്തിന്റെ ആവശ്യങ്ങളുമായി കേന്ദ്രമന്ത്രിയെ കാണാനെത്തിയ മന്ത്രിമാര്‍ക്ക് അവസരം കൊടുക്കാതിരിക്കുകയും, ബിജെപി നേതാക്കള്‍ക്ക് അവസരം കൊടുക്കുകയും ചെയ്യുന്ന നിലപാടാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് സ്വീകരിച്ചത്. അതേസമയം കേന്ദ്ര റെയില്‍വേ സഹമന്ത്രിയുമായി കേരളത്തിലെ മന്ത്രിമാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയില്‍ നേമം ടെര്‍മിനല്‍ ഉള്‍പ്പടെയുള്ള കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചെന്നും, നേമം പദ്ധതി ഉപേക്ഷിച്ചില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ തൃപാഠി യോഗത്തില്‍ വ്യക്തമാക്കിയെന്നും യോഗത്തില്‍ അനുകൂലമായണ് കേന്ദ്ര റെയില്‍വേ സഹമന്ത്രി പ്രതികരിച്ചതെന്നും മന്ത്രിമാര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.

നേമം റെയില്‍വേ കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി നേരത്തെ ഉന്നയിച്ചിരുന്നു. ഈ ആവശ്യമുന്നയിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ജോണ്‍ ബ്രിട്ടാസ് എം പി കത്തയച്ചിരുന്നു. നേമം ടെര്‍മിനലിന്റെ കാര്യത്തില്‍ വലിയൊരു ഗൂഢാലോചനയും കള്ളക്കളിയുമാണ് നടന്നിരിക്കുന്നത് എന്ന് ജോണ്‍ ബ്രിട്ടാസ്ആരോപിച്ചിരുന്നു. നിരന്തരമായി ഇക്കാര്യം ഉന്നയിച്ചതുകൊണ്ടും രാജ്യസഭാ ചെയര്‍മാന്‍ പരാതി നല്‍കിയതുകൊണ്ടുമാണ് പദ്ധതി ഉപേക്ഷിച്ച കാര്യം തുറന്നു പറയാന്‍ റെയില്‍വേ തയ്യാറായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here