Monkeypox; മങ്കിപോക്‌സിന്റെ പേര് മാറ്റണമെന്ന് ആവശ്യം; ലോകാരോഗ്യ സംഘടനയോട് അഭ്യർത്ഥിച്ച് ന്യൂയോര്‍ക്ക് നഗര ഭരണകൂടം

മങ്കിപോക്‌സിന്റെ പേര് മാറ്റണമെന്ന് ലോകാരോഗ്യ സംഘടനയോട് അഭ്യര്‍ത്ഥിച്ച് ന്യൂയോര്‍ക്ക് നഗര ഭരണകൂടം. രോഗത്തിന്റെ പേര് വംശീയമായ മുന്‍ധാരണ പരത്താന്‍ കാരണമാകുമെന്നും വേര്‍തിരിവ് ഭയന്ന് ചികിത്സ തേടുന്നതില്‍ വിമുഖത കാട്ടുന്നുവെന്നും ന്യൂയോര്‍ക്ക് ഭരണകൂടം സംഘടനയോട് പറഞ്ഞു.

രോഗത്തിന്റെ പേര് ചൂണ്ടിക്കാട്ടി വംശീയവാദികള്‍ കറുത്ത വര്‍ഗക്കാരെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും ദ്രോഹിക്കുന്ന സംഭവങ്ങള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗം ബാധിച്ച 1092 പേരെ നഗരങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയ്ക്ക് മുന്നില്‍ ഭരണകൂടം അവതരിപ്പിച്ചത്.

അതേസമയം, മങ്കിപോക്‌സിനെ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു.ലോകാരോഗ്യ സംഘടന ഏറ്റവും ഉയർന്ന ജാഗ്രതാനിർദേശമാണ് മങ്കിപോക്സ് വ്യാപിക്കുന്ന സാഹചര്യത്തിൽ പുറപ്പെടുവിച്ചിരിക്കുന്നത്. വൈറസിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതിയുടെ രണ്ടാമത്തെ യോഗത്തിനൊടുവിലാണ് പ്രഖ്യാപനമുണ്ടായത്.

75 രാജ്യങ്ങളിൽ നിന്നായി 16,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. മങ്കിപോക്സ് വ്യാപനത്തിന്‍റെ ഫലമായി ഇതുവരെ അഞ്ച് മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണഗതിയില്‍ മങ്കി പോക്സിന്റെ ഇന്‍കുബേഷന്‍ കാലയളവ് ആറ് മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് അഞ്ച് മുതല്‍ 21 ദിവസം വരെയാകാം. രണ്ട് മുതല്‍ നാല് ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്.

ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News