MV Govindhan Master: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ ഗ്രേഡിംഗ് വരുന്നു

ശുചിത്വ-മാലിന്യ സംസ്‌കരണ രംഗത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. ഖരമാലിന്യ പരിപാലനം ശാസ്ത്രീയമായി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രവര്‍ത്തന ഘടകങ്ങളെയാകും ഗ്രേഡിംഗിനായി വിലയിരുത്തുക. ഓരോ തദ്ദേശ സ്ഥാപനത്തിലും ആകെ രൂപപ്പെടുന്ന ജൈവ-അജൈവ മാലിന്യത്തിന്റെ അളവ്, ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ്, മാലിന്യങ്ങളുടെ കൈകാര്യം ചെയ്യല്‍, മാലിന്യ സംസ്‌കരണ സൗകര്യങ്ങളും ഗുണനിലവാരവും പരിപാലനവും എന്നിവയെ അടിസ്ഥാനമാക്കായാണ് വിലയിരുത്തല്‍. പൊതുശൗചാലയങ്ങളുടെ ശുചിത്വാവസ്ഥയും പരിശോധിക്കും.

പരിശോധനാ സംഘങ്ങള്‍ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനം നേരിട്ട് സന്ദര്‍ശിച്ചാകും മാര്‍ക്ക് ഇടുന്നത്. ഇവര്‍ക്ക് ഇതിനായി കില മുഖേന പരിശീലനം നല്‍കും. 70%ത്തിന് മുകളില്‍ മാര്‍ക്ക് ലഭിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എ ഗ്രേഡും ഗ്രീന്‍ കാറ്റഗറിയും, 70%ത്തിനും 50% ത്തിനും ഇടയിലുള്ളവര്‍ക്ക് ബി ഗ്രേഡും യെല്ലോ കാറ്റഗറിയും, 50%ത്തിനും 20%ത്തിനും ഇടയിലുള്ളവര്‍ക്ക് സി ഗ്രേഡും ഓറഞ്ച് കാറ്റഗറിയും നല്‍കും. 20%ത്തില്‍ താഴെ നേടിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഡി ഗ്രേഡും റെഡ് കാറ്റഗറിയുമാണ് നല്‍കുന്നത്.

ബ്ലോക്ക് തലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറും, ജില്ലാ തലത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ കണ്‍വീനറും ഹരിതകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ കോര്‍ഡിനേറ്ററുമായ സമിതികളാണ് പരിശോധിക്കുക. കളക്ടറാണ് ജില്ലാ ശുചിത്വ ഗ്രേഡിംഗ് സമിതിയുടെ അധ്യക്ഷന്‍. സംസ്ഥാന തലത്തിലെ സൂപ്പര്‍ ചെക്കിംഗ് ടീമിന്റെ ചെയര്‍മാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ ഡയറക്ടറാണ്. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷയും നവകേരള കര്‍മ്മ പദ്ധതി 2 കോര്‍ഡിനേറ്റര്‍ കോ ചെയര്‍പേഴ്‌സണുമായ സംസ്ഥാനതല ശുചിത്വ ഗ്രേഡിംഗ് സമിതിയും പ്രവര്‍ത്തിക്കും.

മാലിന്യമുക്തമായ കേരളം സൃഷ്ടിക്കുന്നതിന് നടപടി സഹായകരമാകുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ ഗ്രേഡിംഗ് വഴി, ഓരോ പ്രദേശത്തിന്റെയും പോരായ്മയും, മെച്ചപ്പെടുത്തേണ്ട മേഖലകളെയും തിരിച്ചറിയാം. കൂടുതല്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ സംവിധാനം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News