Smile Designing:ഒരു പല്ലില്ലെങ്കിൽ എന്താ കുഴപ്പം?കുഴപ്പങ്ങൾ മാത്രമേയുള്ളു:ഡോ തീർത്ഥ ഹേമന്ദ്

ആരോഗ്യമുള്ള പല്ലുകൾ മനോഹരമായ പുഞ്ചിരിക്ക് വേണ്ടി മാത്രമല്ല. നമ്മുടെ ശരീരം പൂർണ ആരോഗ്യത്തോടെ നിലനിർത്തുന്നതിലും പങ്കാളികളാണ് ഈ പല്ലുകൾ. കവിളുകളും ചുണ്ടുകളും തൂങ്ങി നിൽക്കാതെ,ആകൃതി നിലനിർത്തി മുഖഭംഗി കാത്തു സൂക്ഷിക്കുന്നതിൽ പല്ലുകൾ വഹിക്കുന്ന പങ്ക് പ്രധാനമാണ്. പല കാരണങ്ങളാൽ നമുക്ക് പല്ലുകൾ നഷ്ടപ്പെടാം. അപകടങ്ങളോ പരിക്കുകളോ പറ്റുമ്പോൾ,പല്ലിലെ കേടുകൾ, മോണരോഗങ്ങൾ,ജന്മനാ ഉള്ള പ്രശ്നങ്ങൾ എന്നിങ്ങനെ പല കാരണങ്ങൾ ആകാം. അപ്പോഴൊക്കെ ഒരു പല്ലില്ലെങ്കിൽ എന്താ കുഴപ്പം,ചിരിക്കുമ്പോൾ കാണുന്ന ഭാഗത്തെ പല്ലല്ലോ പോയത് എന്നൊക്കെ പറയുന്നവരോട് തീർത്ഥാസ് ടൂത് അഫയർ ഡെന്റൽ ക്ലിനിക്കിന്റെ സി എം ഡി ,ചീഫ് ഡെന്റൽ സർജൻ ഡോ തീർത്ഥ ഹേമന്ദ് പറയുന്നത് കേൾക്കൂ.

ഒരു പല്ല് പോയാലെന്താ എന്ന് ചോദിക്കുന്നവരോട് പറയാം.

  • ഒരു പല്ലിന്റെയോ ഒന്നിലധികം പല്ലുകളുടെയോ കുറവ് ചവയ്ക്കുക,സംസാരിക്കുക തുടങ്ങിയ പ്രവൃത്തികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കും.
  • ഒരു പല്ല് നഷ്ടപ്പെടുമ്പോൾ വായിലെ അസ്ഥിയുടെ പ്രധാന ഘടനയ്ക്ക് മാറ്റം സംഭവിക്കും.അതുകൊണ്ട് തന്നെ നഷ്ടപ്പെട്ട പല്ല് ഉണ്ടാക്കുന്ന വിടവിലേക്ക് മറ്റ് പല്ലുകൾ ചരിഞ്ഞുകിടക്കുന്നതിനോ മറ്റു പല്ലുകളുടെ സ്ഥാനം മാറുന്നതിനോ , ഇളകുന്നതിനോ കാരണമാകുന്നു.
  • ചവയ്ക്കുമ്പോൾ തുല്യമായി കടിക്കാനുള്ള കഴിവിനെ ഇത് ബാധിക്കും.
  • പല്ലുകൾ നഷ്ടപ്പെടുന്നത് വായിൽ അണുബാധയുണ്ടാകുക,മറ്റ് പല്ലുകൾക്ക് കേടുണ്ടാകുക,വീണ്ടും പല്ലുകൾ നഷ്ടപ്പെടുക, താടിയെല്ലുമായി ബന്ധപ്പെട്ട സന്ധികളിൽ വേദനയും തെയ്മാനവും ഉണ്ടാകുക തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.
  • അതു കൊണ്ട് തന്നെനഷ്ടപ്പെട്ട പല്ലുകളുടെ സ്ഥാനത്ത് കൃത്രിമ പല്ലുകൾ വച്ചു പിടിപ്പിക്കുക എന്നത് നിസാരമായി തള്ളിക്കളയേണ്ട സംഗതിയല്ല.

പല്ലിലെ കേടുകൾ, മോണരോഗങ്ങൾ,പരിക്കുകൾ, ജന്മനാ ഉള്ള പ്രശ്നങ്ങൾ തുടങ്ങി പല കാരണങ്ങൾ കൊണ്ട് നിങ്ങൾക്ക് പല്ലുകൾ നഷ്ടപ്പെടാം. പല്ലുകളുടെ അഭാവം വായയുടെ കോണുകളിൽ ചുളിവുകൾ ഉണ്ടാക്കാം,മുഖത്തെ പേശികൾ ദുർബലപ്പെടുകയും ചുണ്ടുകൾ കനംകുറഞ്ഞതാകുകയും ചെയ്യാം.ഒരു പല്ല് നഷ്ടപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് നേടാവുന്ന ചികിത്സകൾ ചർച്ച ചെയ്യാൻ ദന്തരോഗവിദഗ്ദ്ധനെ സമീപിക്കേണ്ടത് വളരെ പ്രധാനമാണ്.

കൃത്രിമ പല്ലുകളെ രണ്ടായി തിരിക്കാം. ഉറപ്പിച്ചു വെക്കുന്ന തരത്തിലുള്ള പല്ലുകളും രോഗികള്‍ക്ക് തന്നെ ഊരി എടുക്കാവുന്ന തരം പല്ല് സെറ്റുകളും.

ഒരു പല്ല് ഉറപ്പിച്ചു വെക്കണമെങ്കില്‍ തൊട്ടടുത്തുള്ള ഉറപ്പുള്ള ഏതെങ്കിലും ഒരു ഭാഗത്ത് നിന്നും സപ്പോര്‍ട്ട് എടുക്കേണ്ടതായുണ്ട്..അത്തരത്തില്‍ കൃത്രിമ പല്ലിനെ സപ്പോര്‍ട്ട് ചെയ്യാന്‍ തക്ക ഉറപ്പുള്ള രണ്ടു ഭാഗങ്ങളാണ് അടുത്തുള്ളത്.ഒന്ന്, നഷ്ടപ്പെട്ട പല്ലിന്റെ സ്ഥാനത്തിനു ഇരുവശത്തുമായി നില്‍ക്കുന്ന സ്വാഭാവികമായ പല്ലുകള്‍.മറ്റൊന്ന്, ആ ഭാഗത്തുള്ള താടിയെല്ല്. ഇങ്ങനെ തൊട്ടടുത്ത പല്ലുകളുടെ സപ്പോര്‍ട്ട് ഉപയോഗിച്ച് കൃത്രിമ പല്ല് വെക്കുന്ന രീതിയെയാണ് സാധാരണ ബ്രിഡ്ജിങ് എന്ന് പറയുന്നത്.

ബ്രിഡ്ജിങ് ചികിത്സാ രീതിയിൽ നഷ്ടപെട്ട പല്ലിന്റെ ഒഴിഞ്ഞ സ്ഥാനം ഒരു കൃത്രിമ പല്ലിനാൽ നികത്തുകയും അതിനെ ആ സ്ഥാനത്ത് നിലനിർത്താൻ വിടവിന്റെ രണ്ട് വശങ്ങളിലും ഉള്ള പല്ലുകളുടെ മുകളിലായി ഒരു ആവരണം (ക്രൗൺ ) വച്ച് ഉറപ്പിക്കുകയും ചെയ്യുന്നു.വളരെ സാധാരണയായി ചെയ്തു വരുന്ന ചികിത്സയാണിത്.ഈ രീതിയുടെ പ്രധാന പോരായ്മ ക്യാപ് സ്വീകരിക്കുന്നതിനായിപല്ല് നഷ്ടപ്പെട്ട വിടവിന്റെ ഇരു വശങ്ങളിലുമുള്ള ആരോഗ്യമുള്ള പല്ലുകളുടെ വലുപ്പം കുറയ്ക്കേണ്ടി വരുന്നു എന്നതാണ്.പല്ല് നഷ്ടപെട്ട സ്ഥലത്തെ അസ്ഥിയെ അത് യാതൊരു വിധത്തിലും ബലപ്പെടുത്തുകയോ ഉത്തേചിപ്പിക്കുകയോ ചെയ്യുന്നില്ല എന്നത് മറ്റൊരു പോരായ്മയാണ്.

താടിയെല്ലില്‍ നിന്നും സപ്പോര്‍ട്ട് എടുത്ത് പല്ലു വയ്ക്കുന്ന രീതിയാണ് ഡെന്റല്‍ ഇംപ്ലാന്റുകള്‍

താടിയെല്ലില്‍ നിന്നും സപ്പോര്‍ട്ട് എടുത്ത് പല്ലു വയ്ക്കുന്ന രീതിയാണ് ഡെന്റല്‍ ഇംപ്ലാന്റുകള്‍

നിങ്ങളുടെ പല്ലുകൾ ഈ പോരായ്മകളൊന്നും ഇല്ലാതെ പുനഃസ്ഥാപിക്കാൻ ഡെന്റൽ ഇംപ്ലാന്റുകളുടെ സഹായത്തോടെ നിങ്ങളുടെ സ്വാഭാവിക പല്ലുകളോട് ഏറ്റവും കൂടുതൽ സാദൃശ്യം തോന്നുന്ന കൃത്രിമ പല്ലുകൾ ഈ ചികിത്സയിലൂടെ നിങ്ങൾക്ക് ലഭിക്കും. താടിയെല്ലിൽ ശസ്ത്രക്രിയയിലൂടെ ഘടിപ്പിക്കുന്ന മെഡിക്കൽ ഉപകരണങ്ങളാണ് ഡെന്റൽ ഇംപ്ലാന്റുകൾ.പല്ലില്ലാത്ത ഭാഗത്തെ അസ്ഥിയിൽ ടൈറ്റാനിയം സ്ക്രൂകൾ ഉറപ്പിക്കുകയും അതിന് മുകളിൽ ക്യാപ്പുകൾ ,ബ്രിഡ്ജുകൾ, പല്ല് സെറ്റുകൾ പോലുള്ള കൃത്രിമ പല്ലുകൾ വച്ചു പിടിപ്പിക്കുകയും ചെയ്യുന്നു.

ഒരേ നിരയിൽ ഒന്നിലധികം പല്ലുകൾ നഷ്ടപെട്ടിട്ടുണ്ടെങ്കിൽ ഇവിടെ നഷ്ടമായ ഓരോ പല്ലും ഡെന്റൽ ഇംപ്ലാന്റുകൾ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കേണ്ടി വരുന്നില്ല. ഇംപ്ലാന്റ് മുഖേന ഉറപ്പിക്കുന്ന ബ്രിഡ്ജ് ചികിത്സയിൽ രണ്ടറ്റത്തുള്ള പല്ലുകൾ മാത്രം ഇംപ്ലാന്റുകൾ ഉപയോഗിച്ച് ഉറപ്പിച്ച് നടുവിലുള്ള പല്ലുകൾ ഇംപ്ലാന്റ് സ്ക്രൂകൾ അസ്ഥിയിൽ ഉറപ്പിക്കാതെ തന്നെ ആ ബ്രിഡ്ജിനോട് ചേർത്ത് ഉറപ്പിക്കാൻ കഴിയും.

പല്ലുകൾ നഷ്ടമായതിനു ശേഷം നിങ്ങൾ ഡോക്ടറെ സമീപിക്കുന്ന ആദ്യത്തെ ദിവസം നിങ്ങൾക്ക് ഇംപ്ലാന്റ് ആവശ്യമാണെങ്കിൽ നിങ്ങളുടെ പൊതുവായ ആരോഗ്യം, വായിലെ മോണയുടെയും എല്ലിന്റെയും ആരോഗ്യം,ഇംപ്ലാന്റ് സ്ക്രൂകൾ അസ്ഥിയുമായി സംയോജിക്കുന്ന പ്രവർത്തനങ്ങളെ ബാധിക്കുന്ന മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയെല്ലാം പരിശോധിക്കുന്നതാണ്. നൂതന എക്സറെ സംവിധാനങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ എല്ലിന്റെ ഗുണനിലവാരം എത്രയും പെട്ടന്ന് അറിയാൻ സാധിക്കും.എല്ലാ പരിശോധനഫലങ്ങളും അനുകൂലമാണെങ്കിൽ നിങ്ങളുടെ സമയം ഒട്ടും പാഴാക്കാതെ തന്നെ നിങ്ങൾക്കനുയോജ്യമായ ഇംപ്ലാന്റുകൾ ഉപയോഗിച്ച് ചികിത്സ ആരംഭിക്കാവുന്നതാണ്.

ആദ്യം പല്ല് നഷ്ടപെട്ട ഭാഗത്തെ അസ്ഥിയിൽ ചെറിയ രീതിയിലുള്ള ശസ്ത്രക്രിയയിലൂടെ പല്ലിന്റെ വേരിനോട് സാദൃശ്യമുള്ള ടൈറ്റാനിയം സ്ക്രൂ ഘടിപ്പിക്കുന്നു. നിങ്ങളുടെ ശരീരത്തെ സംബന്ധിച്ച് അത് ഒരു അന്യവസ്തു ആയതു കൊണ്ട് നമ്മുടെ എല്ലുമായി ആ സ്ക്രു കൂടിച്ചേരാനായി 6 മുതൽ 8 ആഴ്ച വരെ നൽകണം. ഇംപ്ലാന്റിനെ നിങ്ങളുടെ ശരീരത്തിലെ ഒരു ഭാഗമാക്കി മാറ്റാൻ വേണ്ടി നൽകുന്ന സമയമാണിത്. പല്ല് നഷ്ടപ്പെടുമ്പോൾ ചുരുങ്ങിപ്പോകുന്ന നിങ്ങളുടെ എല്ലുകളെ വീണ്ടും ഉത്തേചിപ്പിച്ച്, ബലപ്പെടുത്തി, അതിന്റെ സ്വഭാവികത തിരികെ കൊണ്ട് വന്ന് നിങ്ങളുടെ അസ്ഥികളുടെയും മുഖത്തിന്റെയും ആകൃതി ഭംഗിയോടെ നിലനിർത്താൻ ഇംപ്ലാന്റുകൾ സഹായിക്കുന്നു.ഇംപ്ലാന്റുകൾ എല്ലിൽ ഉറച്ചതിനു ശേഷം അതിനു മുകളിലായി നിങ്ങളുടെ മറ്റു പല്ലുകളുമായി നിറത്തിലും ഘടനയിലും സാദൃശ്യമുള്ള യഥാർത്ഥ പല്ല് പോലെ തന്നെ തോന്നിക്കുന്ന ഒരു കൃത്രിമ പല്ല് ക്യാപ്പിന്റെ രൂപത്തിൽ ഉറപ്പിക്കുന്നു.

ഇൻട്ര ഓറൽ സ്കാനർ എന്ന ഉപകരണം ഉപയോഗിച്ച് നിങ്ങൾക്ക് അനുയോജ്യമായ അളവിലുള്ള ക്യാപ്പുകൾ നിർമിക്കാൻ ഡിജിറ്റലായി നിങ്ങളുടെ വായയുടെ അളവുകൾ എടുക്കാൻ സാധിക്കും. ആ ഡിജിറ്റൽ സ്കാനിങ് ഫോട്ടോകൾ കംപ്യൂട്ടർ സ്ക്രീനിൽ 3D ചിത്രങ്ങളായി നിങ്ങൾക്ക് അപ്പോൾ തന്നെ കാണാനും സാധിക്കും. ഇത്തരം പുതിയ സാങ്കേതിക വിദ്യകൾ നിങ്ങളുടെ ഇംപ്ലാന്റ് ചികിത്സ ഏറ്റവും വേഗത്തിലും സൗകര്യപ്രദവുമാക്കുന്നു.

നഷ്ടപ്പെട്ട നിങ്ങളുടെ പല്ലുകൾക്ക് പകരം സ്വാഭാവിക പല്ലുകളോട് ഏറ്റവും സാദൃശ്യമുള്ള ഡെന്റൽ ഇംപ്ലാന്റ് ചികിത്സ നിങ്ങൾക്ക് ഏറ്റവും വേഗത്തിലും സൗകര്യപ്രദമായും ലഭിക്കുമ്പോൾ ആത്മവിശ്വാസത്തോടെ സംസാരിക്കാനും ചിരിക്കാനും ഭക്ഷണം കഴിക്കാനും നിങ്ങൾക്ക് സാധിക്കുന്നു.അതുവഴി നിങ്ങളുടെ ജീവിതനിലവാരവും ആരോഗ്യവും വർധിക്കുന്നു.

ഡോ തീർത്ഥ ഹേമന്ദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News