Pinarayi Vijayan: സര്‍ക്കാരിന്റെ ലക്ഷ്യം ഐടി മേഖലയുടെ സമഗ്ര വികസനമാണ്: മുഖ്യമന്ത്രി

ഐടി മേഖലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി.വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ 63 ലക്ഷം ചതുരശ്ര അടി ഐടി സ്പേസുകളും 67,000 തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്

ഐടി മേഖലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയെന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ 63 ലക്ഷം ചതുരശ്ര അടി ഐടി സ്പേസുകളും 67,000 തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐടി സ്‌പേസ് വിപുലീകരണത്തന്റെ ഭാഗമായി കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് 2- വിലെ പുതിയ ഐടി സ്പേസുകളുടെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചു.

1,61,000 ചതുരശ്ര അടി ഐടി സ്പേസാണ് ഇന്‍ഫോപാര്‍ക്കില്‍ ആരംഭിക്കുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ മൂന്ന് നിലകളിലായുള്ള കൊഗ്‌നിസന്റ് ടെക്നോളജീസിന്റെ കെട്ടിടത്തില്‍ 1,00,998 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി സ്പേസ്, ജ്യോതിര്‍മയ ബ്ലോക്കില്‍ 35,000 ചതുരശ്ര അടി, തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ 25,000 ചതുരശ്ര അടി എന്നിങ്ങനെയാണിവ. മൂന്ന് സ്പേസുകളിലുമായി 18 കമ്പനികളുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും.

2016 മുതലുള്ള കാലയളവില്‍ സംസ്ഥാനത്ത് ആകെ 46 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള ഐടി സ്പേസും 45,869 തൊഴിലവസരങ്ങളും സൃഷ്ടിക്കാനായി. കൂടാതെ കെ-ഫോണ്‍ പദ്ധതിയിലൂടെ ഇന്റര്‍നെറ്റ് ലഭ്യത അവകാശം എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കെത്തുകായണ്. പദ്ധതിയുടെ 74% ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

കൊച്ചി-കോയമ്പത്തൂര്‍ ഹൈടെക് വ്യവസായ ഇടനാഴിയും ഒരുങ്ങുകയാണ്. ഇതിനു പുറമേ ദേശീയ പാത 66 ന് സമാന്തരമായി നാല് ഐടി ഇടനാഴികളും സംസ്ഥാനത്ത് സ്ഥാപിക്കുകയാണ്. ഇതിനായി 15 മുതല്‍ 25 ഏക്കര്‍ വരെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഈ ഭൂമിയില്‍ 50000 മുതല്‍ രണ്ട് ലക്ഷം വരെ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 20 ചെറിയ ഐടി പാര്‍ക്കുകളാണ് ആരംഭിക്കുക.

നിലവിലെ ഐടി പാര്‍ക്കുകള്‍ക്ക് പുറമേ കൊല്ലത്തും കണ്ണൂരും ഐടി പാര്‍ക്കുകള്‍ ആരംഭിക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നിലവിലുള്ളതിന്റെ ഇരട്ടി ഐടി ഉത്പന്നങ്ങളും സേവനങ്ങളും കേരളത്തില്‍ ലഭ്യമാക്കും. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യവികസനത്തിന് 100 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. സാങ്കേതിക ബിരുദധാരികള്‍ക്ക് ഐടി കമ്പനികളില്‍ ഐടി ഇന്റേണ്‍ഷിപ്പ് നല്‍കാനും സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 1200 പേര്‍ക്ക് ഇന്റേണ്‍ഷിപ്പ് അനുവദിക്കുന്നതിനുളള നടപടികള്‍ അന്തിമഘട്ടത്തിലാണ്.
മൂന്ന് സര്‍ക്കാര്‍ പാര്‍ക്കുകളിലെ 1,21000 ജീവനക്കാരുടെ ക്ഷേമത്തിന് ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുളള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. എമര്‍ജിംഗ് ടെക്നോളജീസ് സ്റ്റാര്‍ട്ട് അപ്പ് ഹബ്ബ് രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. അപ്സ്‌കില്ലിംഗ് ആന്‍ഡ് സ്‌കില്ലിംഗ് മേഖലയ്ക്കായി സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ വഴി ടെക് സ്‌കൂളുകള്‍ നടപ്പാക്കും. ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ടെക്നോളജി സെന്ററിനായി സ്ഥലം അനുവദിച്ചു കഴിഞ്ഞു. ഗ്രാഫൈന്‍ രംഗത്തെ വികസനത്തിനായി ഇന്ത്യ ഇന്നൊവേഷന്‍ സെന്ററും കൊച്ചിയില്‍ സ്ഥാപിച്ചിട്ടുണ്ട്. വൈജ്ഞാനിക, നൂതനത്വ സമൂഹമായി നാടിനെ മാറ്റാന്‍ പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാര്‍. ഇതിനായി കൃത്യമായ ദിശാബോധത്തോടെ മുന്നേറുകയാണ് സര്‍ക്കാര്‍. പരമ്പരാഗത ചിന്തകളെ തിങ്ക് ബിഗ് ചിന്തകള്‍ കൊണ്ട് പകരം വെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News