DYFI : ഫ്രീഡം സ്ട്രീറ്റ് പ്രചാരണ ജാഥ; ഉദ്യോഗാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഡിവൈഎഫ്‌ഐ നേതാക്കള്‍

ഡി വൈ എഫ് ഐ( DYFI ) ഫ്രീഡം സ്ട്രീറ്റ് (Freedom Street ) പ്രചാരണ ജാഥകളുടെ ഭാഗമായി ഉദ്യോഗാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി ഡി വൈ എഫ് ഐ നേതാക്കള്‍. ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കകളും പ്രശ്‌നങ്ങളും മനസ്സിലാക്കി പരിഹരിക്കാനാവശ്യമായ ഇടപെടല്‍ ഡി വൈ എഫ് ഐ നടത്തും.

ജാഥകളുടെ ഭാഗമായി സമാഹരിക്കുന്ന പഠനോപകരണങ്ങള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറും. ഉദ്യോഗാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളും ആശങ്കകളുമെല്ലാം നേരിട്ട് മനസ്സിലാക്കുന്നതിനാണ് യുവജന നേതാക്കള്‍ ഉദ്യോഗാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തുന്നത്.

കാസര്‍കോഡ് കാഞ്ഞങ്ങാട് പി എസ് സി റാങ്ക് ഹോള്‍ഡര്‍മാരുടെ സംഘടനകളുടെ പ്രതിനിധികള്‍ നേതാക്കളെ കണ്ടു. റാങ്ക് ലിസ്റ്റുകള്‍ സംബന്ധിച്ചും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടുമെല്ലാം ഉദ്യോഗാര്‍ത്ഥികള്‍ സംശയങ്ങളും ആശങ്കകളും പങ്കു വെച്ചു. മുപ്പതോളം പേര്‍ ഡി വൈ എഫ് ഐ നേതാക്കളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിച്ച കാര്യങ്ങള്‍ ജാഥാസമാപനത്തിന് ശേഷം പിഎസ്സി ചെയര്‍മാനുമായുള്ള ചര്‍ച്ചയില്‍ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വടക്കന്‍ മേഖലാ ജാഥാ ക്യാപ്റ്റന്‍ ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു.

പതിവില്‍ നിന്ന് വ്യത്യസ്തമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളാണ് ജാഥാംഗങ്ങള്‍ക്കുള്ള ഉപഹാരമായി നല്‍കുന്നത്. കുടയും, ബാഗും, നോട്ടു പുസ്തകങ്ങളും, പെന്നും, പെന്‍സിലുമെല്ലാമാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളില്‍ നിന്നും സമാഹരിക്കുന്നത്.

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുമെന്ന് സംസ്ഥാന ട്രഷറര്‍ എസ് ആര്‍ അരുണ്‍ ബാബു പറഞ്ഞു. വടക്കന്‍ മേഖല – തെക്കന്‍ മേഖല ജാഥകളുടെ ഭാഗമായി മുഴുവന്‍ ജില്ലകളിലും ഉദ്യോഗാര്‍ത്ഥികളുമായി ഡി വൈ എഫ് ഐ നേതാക്കളുടെ കൂടിക്കാഴ്ച തീരുമാനിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News