ബൗദ്ധിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രിയ ഹോം തുടങ്ങാനായി സ്ഥലം വിട്ടുനല്‍കിയ കമലാസനന്‍ മാസ്റ്റര്‍ അന്തരിച്ചു

ബൗദ്ധിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രിയ ഹോം തുടങ്ങാനായി സ്ഥലം വിട്ടുനല്‍കിയ കമലാസനന്‍ മാസ്റ്റര്‍ അന്തരിച്ചു. കോ‍ഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

കൊല്ലം ജില്ലയില്‍ പ്രിയ ഹോം തുടങ്ങുന്നതിനായാണ് സഖാവും തികഞ്ഞ മനുഷ്യ സ്‌നേഹിയുമായിരുന്ന കമലാസനന്‍ മാസ്റ്റര്‍ സ്വന്തം സ്ഥലം വിട്ടു നല്‍കിയത്. ബൗദ്ധിക-മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്കായായി ഒരുങ്ങുന്ന പുനരധിവാസ ഗ്രാമങ്ങളുടെ കൊല്ലം ജില്ലയിലെ ആദ്യ കേന്ദ്രമാണ് പ്രിയാഹോം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊല്ലം വെളിയത്തുള്ള മൂന്നര കോടിയോളം വിലവരുന്ന വീടും സ്ഥലവും സൗജന്യമായി ഇദ്ദേഹം സര്‍ക്കാരിന് നല്‍കിയത്. മാനസിക വെല്ലുവിളി നേരിടുന്ന തങ്ങളുടെ മകളുടെ അവസ്ഥയേ തുടര്‍ന്നാണ് കൊല്ലത്ത് പ്രിയ ഹോമിനായി കമലാസനന്‍ മാസ്റ്റര്‍ സര്‍ക്കാരിന് സ്ഥലം വിട്ടു കൊടുത്തത്.

കോഴിക്കോട് ചെറുട്ടി റോഡിലെ സാന്ത്വനം എന്ന മാനസിക രോഗികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന സെക്രട്ടറി കൂടിയായിരുന്നു കമലാസനന്‍ മാസ്റ്റര്‍ . സഖാവ് സി എച്ച് കണാരന്‍ എംഎല്‍എയുടെ മകള്‍ സരോജനി ടീച്ചറുടെ ഭര്‍ത്താവാണ് അന്തരിച്ച കമലാസനന്‍ മാസ്റ്റര്‍.

കമലാസനന്‍ മാസ്റ്റര്‍ നല്‍കിയ സ്ഥലത്ത് ആരംഭിച്ച പ്രിയ ഹോമിനെ കുറിച്ച് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു:

കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ വെളിയം കായിലയിലാണ് ‘പ്രിയ ഹോം’. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി കമലാസനൻ സാമൂഹ്യനീതി വകുപ്പിന് വിട്ടുനൽകിയ സ്ഥലവും കെട്ടിടവും നവീകരിച്ചാണ് പ്രിയ ഹോം ഒരുക്കിയിരിക്കുന്നത്. കമലാസനൻ – സരോജിനി ദമ്പതിമാരുടെ മാനസിക വെല്ലുവിളി നേരിടുന്ന മകൾ പ്രിയയുടെ സംരക്ഷണാർത്ഥം കൂടിയാണ്‌ ഇവർ സ്ഥലവും കെട്ടിടവും സർക്കാരിന് കൈമാറിയത്.

സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെ ത്യാഗനിര്‍ഭരസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ, അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ജീവിതം മാറ്റിവച്ച സഖാവ് സി എച്ച് കണാരന്റെ കൊച്ചുമകളാണ് പ്രിയ.

സ്വന്തം കാലശേഷമുള്ള മക്കളുടെ സംരക്ഷണത്തെച്ചൊല്ലിയുള്ള ആശങ്കയോടെയാണ് ഭിന്നശേഷിക്കാരായ മക്കളുള്ള രക്ഷിതാക്കൾ ജീവിതം കഴിച്ചുകൂട്ടുന്നത്. ഈ ആശങ്കയ്ക്ക് പരിഹാരം കാണാനുള്ള വിവിധ പ്രവർത്തനങ്ങളിലാണ് സംസ്ഥാന സർക്കാരും സാമൂഹ്യനീതി വകുപ്പും.

സാമൂഹ്യാധിഷ്ഠിതമായ പുനരധിവാസപ്രക്രിയകളാണ് അതിനു വേണ്ടത്. നൂതനപദ്ധതികൾ അതിനായി സാമൂഹ്യനീതിവകുപ്പ് രൂപകല്‌പന ചെയ്യുന്നു. ഒറ്റപ്പെട്ട കഴിയേണ്ട സ്ഥിതി ഒഴിവാക്കി, സമൂഹത്തിന്റെ ഭാഗമായി, രാജ്യത്തിന്റെ വികസനപ്രവൃത്തികളിൽ പങ്കാളികളാവാൻ ഭിന്നശേഷിക്കാരെക്കൂടി പ്രാപ്‍തരാക്കണമെന്ന കാഴ്ചപ്പാടോടെയാണ്‌ ഈ പുനരധിവാസപദ്ധതികൾ സർക്കാർ ഒരുക്കുന്നത്. ഇതിനായി രൂപംനൽകിയ പദ്ധതികളിൽ ഒന്നാണ് സംയോജിത പുനരധിവാസ ഗ്രാമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News