Google Street: നഗരങ്ങള്‍ ഇനി 360 ഡിഗ്രി ത്രിഡിയില്‍ കാണാം; ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇന്ത്യയിലും

ഗൂഗിളിന്റെ അഡ്വാവന്‍സ്ഡ് മാപ്പ്സ് ആപ്പായ ഗൂഗിള്‍ സ്ട്രീറ്റ് (Google Street) ഇന്ത്യയിലും(India) ലഭ്യമായി തുടങ്ങി. ആദ്യഘട്ടത്തില്‍ പ്രധാനപ്പെട്ട 10 നഗരങ്ങളിലാണ് ഗൂഗിള്‍ സ്ട്രീറ്റ് ലഭ്യമായിത്തുടങ്ങുക. നിലവില്‍ പരീക്ഷണാര്‍ഥം ബാംഗ്ലൂര്‍(Bangalore) നഗരത്തില്‍ ഗൂഗിള്‍ സ്ട്രീറ്റ് ലഭ്യമാണ്. അടുത്ത ആഴ്ചകളില്‍ തന്നെ ഹൈദരാബാദിലും കൊല്‍ക്കത്തയിലും സ്ട്രീറ്റ് സംവിധാനം ലഭ്യമാകും. പിന്നീട് ചെന്നൈ, ഡല്‍ഹി, മുംബൈ, പൂനെ, നാസിക്, വഡോദര, അഹമദ്നഗര്‍, അമൃത്സര്‍ എന്നീ നഗരങ്ങളിലും ഉടന്‍ ലഭ്യമാകും. ആദ്യഘട്ടത്തില്‍ കേരളത്തിലെ നഗരങ്ങളൊന്നുമില്ല.

നഗരങ്ങളുടേയും പ്രധാനപ്പെട്ട സ്ഥലങ്ങളുടേയും ടൂറിസ്റ്റ് സ്പോട്ടുകളുടേയും 360 ഡിഗ്രി വ്യൂ മികച്ച ദൃശ്യമികവോടെ ലഭ്യമാകുന്ന ആപ്പാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ. ഉപഗ്രഹ ചിത്രങ്ങളുടേയും മറ്റു ചിത്രങ്ങളുടേയും സഹായം ഉപയോഗിച്ചാണ് സ്ട്രീറ്റ് വ്യൂ ഗൂഗിള്‍ തയാറാക്കുന്നത്. ലോകത്താകമാനം ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ അവതരിപ്പിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്ത്യയില്‍ സര്‍ക്കാര്‍ ഇത് നിരോധിച്ചിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അന്ന് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ അനുവദിക്കാതിരുന്നത്.

എന്നാല്‍ 2021 ല്‍ നിലവില്‍ വന്ന പുതിയ നാഷണല്‍ ജിയോസ്പേഷ്യല്‍ പോളിസി പ്രകാരം തദ്ദേശീയമായ കമ്പനികള്‍ക്ക് ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിച്ച് വിദേശ കമ്പനികള്‍ക്ക് നല്‍കാന്‍ സാധിക്കും. ഈ സാധ്യത ഉപയോഗിച്ചാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇപ്പോള്‍ ഇന്ത്യയിലേക്ക് വന്നിരിക്കുന്നത്. അതുപ്രകാരം ജെനെസിസ് ഇന്റര്‍നാഷണല്‍, ടെക് മഹീന്ദ്ര എന്നിവയുമായാണ് ചേര്‍ന്നാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുക.

ആദ്യഘട്ടത്തില്‍ 10 നഗരങ്ങളിലായി 1.50 ലക്ഷം കിലോമീറ്ററുകള്‍ സ്ട്രീറ്റ് വ്യൂവിന്റെ പരിധിയില്‍ വരും. ഈ വര്‍ഷം അവസാനത്തോടെ 50 നഗരങ്ങളിലെ 7 ലക്ഷം കിലോമീറ്ററുകള്‍ ഇതില്‍ ഉള്‍പ്പെടുത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News