2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു (Mirabai Chanu) സൈഖോമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് ചാനു സ്വര്‍ണം നേടിയത്. 201 കിലോ ഭാരം ഉയര്‍ത്തിയാണ് ചാനു ഒന്നാമത്തെത്തിയത്.
ടോക്യോ ഒളിമ്പിക്‌സില്‍ ഇതേയിനത്തില്‍ വെള്ളി മെഡല്‍ നേടിയ ചാനു എതിരാളികളെ ബഹുദൂരം പിന്നിലാക്കി. സ്‌നാച്ചില്‍ 88 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 113 കിലോയും ഉയര്‍ത്തിയാണ് ചാനു സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞത്. കോമണ്‍വെല്‍ത്ത് റെക്കോഡും താരം സ്വന്തമാക്കി.
172 കിലോ ഉയര്‍ത്തിയ മൗറീഷ്യസിന്റെ മേരി ഹനിത്ര റോളിയ റനൈവോസോവ വെള്ളിയും 171 കിലോ ഉയര്‍ത്തിയ കാനഡയുടെ ഹന്ന കമിന്‍സ്‌കി വെങ്കലവും സ്വന്തമാക്കി.
സ്‌നാച്ചിലെ ആദ്യ ശ്രമത്തില്‍ ചാനു 84 കിലോ ഉയര്‍ത്തി. രണ്ടാം ശ്രമത്തില്‍ താരം ഇത് 88 കിലോ ആക്കി ഉയര്‍ത്തി. ഇതോടെ ചാനു മത്സരത്തില്‍ എതിരാളികളേക്കാള്‍ വ്യക്തമായ ആധിപത്യം നേടി. മൂന്നാം ശ്രമത്തില്‍ ചാനു ഉയര്‍ത്താന്‍ ശ്രമിച്ചത് 90 കിലോയാണ്. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടു. ഇതോടെ സ്‌നാച്ചില്‍ താരത്തിന്റെ മികച്ച പ്രകടനം 88 കിലോയായി. സ്‌നാച്ചില്‍ 12 കിലോയുടെ ലീഡാണ് ചാനു നേടിയത്.
ക്ലീന്‍ ആന്‍ഡ് ജര്‍ക്ക് വിഭാഗത്തില്‍ ആദ്യം തന്നെ 109 കിലോയ ഉയര്‍ത്തി ചാനു സ്വര്‍ണമെഡല്‍ ഉറപ്പിച്ചു. രണ്ടാം ശ്രമം 113 കിലോയിലേക്കാണ് ചാനു ഉയര്‍ത്തിയത്. ഇതും അനായാസമുയര്‍ത്തി ചാനു എതിരാളികളെ ബഹുദൂരം പിന്നിലാക്കി. മൂന്നാം ശ്രമത്തില്‍ 115 കിലോ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി ചാനു സ്വര്‍ണം നേടി. 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും ചാനു സ്വര്‍ണം നേടിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.