S Sudeep: പ്രധാനമന്ത്രിയുടെ വിമാനത്തിൽ കയറിപ്പറ്റി പ്രതിഷേധിക്കാൻ ഒരു ശബരീനാഥനും ആഹ്വാനം ചെയ്യാത്തതെന്തുകൊണ്ടാണ്? എസ് സുദീപിന്റെ കുറിപ്പ്

മുഖ്യമന്ത്രി പിണറായി വിജയനെ(pinarayi vijayan) നിരന്തരം ആക്രമിക്കാൻ ശ്രമിക്കുന്ന കോൺഗ്രസുകാരെ(congress) വിമർശിച്ച് മുൻ സബ് ജഡ്ജി എസ് സുദീപ്(s sudeep). ‘കേരള മുഖ്യമന്ത്രിയെ നിരന്തരം കായികമായി നേരിടുന്ന കോൺഗ്രസ് പ്രസ്ഥാനത്തിന് അഭിനന്ദനങ്ങൾ’ എന്ന് തുടങ്ങുന്ന കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

കോൺഗ്രസിന്റെ ഒന്നാം നമ്പർ ശത്രു ബിജെപിയാണെന്ന് കോഴിക്കോട് ചിന്തൻ ശിബിരം പ്രഖ്യാപിച്ച സ്ഥിതിക്ക് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിനു മുമ്പിൽ ചാടി വീണ് ചില്ലടിച്ചു തകർക്കാൻ കേരളത്തിലെ കോൺഗ്രസുകാർ ആരും ശ്രമിക്കാത്തതെന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിക്കുന്നു.

ചില സംശയങ്ങൾക്കു മറുപടി വേണമെന്ന് അപേക്ഷ എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നത്. പ്രധാനമന്ത്രിയുടെ വിമാനത്തിൽ കയറിപ്പറ്റി പ്രതിഷേധിക്കാൻ ഒരു ശബരീനാഥനും ആഹ്വാനം ചെയ്യാത്തതെന്തുകൊണ്ടാണെന്നും എസ് സുദീപ് ചോദിക്കുന്നുണ്ട്.

എസ് സുദീപിന്റെ കുറിപ്പ്

കേരള മുഖ്യമന്ത്രിയെ നിരന്തരം കായികമായി നേരിടുന്ന കോൺഗ്രസ് പ്രസ്ഥാനത്തിന് അഭിനന്ദനങ്ങൾ.
ചില സംശയങ്ങൾക്കു മറുപടി വേണമെന്ന് അപേക്ഷ.
കോൺഗ്രസിന്റെ ഒന്നാം നമ്പർ ശത്രു ബിജെപിയാണെന്ന് കോഴിക്കോട് ചിന്തൻ ശിബിരം പ്രഖ്യാപിച്ച സ്ഥിതിക്ക് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിനു മുമ്പിൽ ചാടി വീണ് ചില്ലടിച്ചു തകർക്കാൻ കേരളത്തിലെ കോൺഗ്രസുകാർ ആരും ശ്രമിക്കാത്തതെന്തുകൊണ്ടാണ്?
പ്രധാനമന്ത്രിയുടെ വിമാനത്തിൽ കയറിപ്പറ്റി പ്രതിഷേധിക്കാൻ ഒരു ശബരീനാഥനും ആഹ്വാനം ചെയ്യാത്തതെന്തുകൊണ്ടാണ്?

പ്രധാനമന്ത്രി പ്രത്യേക വിമാനത്തിലാണു സഞ്ചരിക്കുന്നതെന്നു പറയാൻ പോകുന്നവരോട്: എങ്കിൽ വിമാനത്താവളത്തിൽ ചെന്നെങ്കിലും പ്രതിഷേധിക്കാത്തതെന്തു കൊണ്ടാണ്?
ദൽഹിയിൽ ചെന്നു പ്രതിഷേധിക്കാൻ ഭയമുള്ള കോൺഗ്രസുകാരോട്: പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോൾ വിമാനത്താവളത്തിൽ ചെന്നു പ്രതിഷേധിക്കാത്തതെന്തു കൊണ്ടാണ്?

ഉപ്പിലാമ്മൂട് ജംഗ്‌ഷനിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമെത്തുമ്പോൾ ചാടി വീണ് ചില്ലടിച്ചു തകർക്കാൻ കോൺഗ്രസുകാർ ശ്രമിക്കാത്തതെന്തുകൊണ്ടാണ്?
പിന്നീടൊരിക്കലും പകൽ വെളിച്ചം കാണില്ലെന്ന ഭയം കൊണ്ടല്ലെന്നും കേരളമെന്ന രാജ്യത്തെക്കുറിച്ചും വയനാട്, പറവൂർ, അരുവിക്കര, തൃത്താല തുടങ്ങിയ സംസ്ഥാനങ്ങളെക്കുറിച്ചും മാത്രം ചിന്തിച്ചു കൂട്ടി ആധി കേറിയതിനാൽ ഇന്ത്യയെന്ന പഞ്ചായത്തിനെക്കുറിച്ച് ഓർക്കാൻ പോലും സമയം കിട്ടാതെ പോയതുകൊണ്ടാണെന്നുമൊക്കെ നമുക്കറിയാം.
ഇനി മുൻ പറഞ്ഞ പ്രതിഷേധങ്ങളിൽ ഏതെങ്കിലുമൊന്ന് ഒരു സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗത്തിന്റെ കുഞ്ഞമ്മയുടെ മകൻ ചെയ്തെന്നു സങ്കല്പിക്കുക.

ഫ്ലാഷ് ന്യൂസ്:
– പ്രധാനമന്ത്രിക്കു നേരെ വധശ്രമം. പാക് പരിശീലനം ലഭിച്ച മലയാളി ഭീകരനെ വെടിവച്ചു കൊന്നു. ഭീകരൻ സി പി എം നേതാവ്.
– വധഗൂഢാലോചനയിൽ പങ്കാളികളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ പി ജയരാജൻ, വീണ വിജയൻ, മുഹമ്മദ് റിയാസ്, ബിനീഷ് കൊടിയേരി തുടങ്ങിയവരെ യു എ പി എ ചുമത്തി തിഹാർ ജയിലിലേയ്ക്കു മാറ്റി.
– എ കെ ജി സെന്റർ തീവച്ചു നശിപ്പിച്ചു.
– ദൽഹിയിലെ സിപിഎം ആസ്ഥാനം സർക്കാർ ഏറ്റെടുത്തു. രാജ്യത്തെ എല്ലാ സി പി എം ഓഫീസുകളും പൂട്ടി മുദ്രവച്ചു.
– കേരള സർക്കാരിനെ പിരിച്ചു വിട്ടു. കേരളത്തിൽ രാഷ്ട്രപതി ഭരണം.
– ഇന്ത്യൻ പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ച സിപിഎമ്മിനെ ആഗോള ഭീകര പ്രസ്ഥാനമായി പ്രഖ്യാപിച്ച് ഉടനടി നിരോധിക്കണമെന്ന് എഐസിസി പ്രമേയം.
– വധ ഗൂഢാലോചന കേസിലെ മുഖ്യപ്രതി ബിനീഷ് കൊടിയേരിയുടെ എഫ് ബി ഫ്രണ്ട് ലിസ്റ്റ് ഏഷ്യാനെറ്റ് പുറത്തുവിട്ടു. എല്ലാവർക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തണമെന്ന് നിഷ്പക്ഷ നിരീക്ഷകൻ ജയശങ്കർ.
– പ്രധാനമന്ത്രിക്കെതിരായ വധശ്രമം നിന്ദ്യം, നികൃഷ്ടം, നീചം: മനോരമ.
– വധശ്രമക്കേസിലെ പ്രതികളെ വിചാരണ കൂടാതെ തൂക്കിക്കൊല്ലണം: മാതൃഭൂമി.- വധഗൂഢാലോചന: മുൻ സബ് ജഡ്ജിയുടെ പങ്ക് അന്വേഷിക്കണമെന്ന് എറണാകുളം ആഞ്ഞടിക്കൽ തറവാട്ടിലെ മാടമ്പി.
പോസ്റ്റിടുന്ന ഞാനും വായിക്കുന്ന നിങ്ങളും യർവാദയിലോ തിഹാറിലോ വച്ച് കണ്ടുമുട്ടിയെന്നു വരാം.
നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നൊക്കെ ഉമ്മൻചാണ്ടി പണ്ടു തമാശ പറഞ്ഞതാണ്.

കേരളത്തിനു പുറത്തെവിടെയും ഇന്നത്തെ ഭരണകൂട നിയമങ്ങൾ ബുൾഡോസറിന്റെ വഴിക്കാണു പോകുന്നതെന്ന് ഏതു കോൺഗ്രസുകാരനുമറിയാം.
അവരെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ അതിർത്തികൾ ഇങ്ങനെയാണ്:
കിഴക്ക് – പുതുപ്പള്ളി
തെക്ക് – അരുവിക്കര
പടിഞ്ഞാറ് – പറവൂർ
വടക്ക് – വയനാട്
പണ്ടുതൊട്ടേയുള്ള ഒരു സംശയം കൂടി ചോദിച്ചോട്ടെ,
റോഡിൽ കാർ കണ്ടാലുടനെ ചില ജീവികൾ പിന്നാലെ നിർത്താതെ ഓടുന്നതെന്തിനായിരിക്കും?
അവരുടെ ഭാഷ നമുക്കറിയാത്തതിനാൽ ഒരിക്കലും ഉത്തരം കിട്ടുകയില്ല എന്നറിയാം.
ആ സത്യം ആ ജീവികൾക്കൊപ്പം മണ്ണടിയും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here