
ബുക്കര്‍ പുരസ്‌കാര ജേതാവ് ഗീതാഞ്ജലി ശ്രീയെ(geethanjali sree) അനുമോദിക്കുന്നതിനായി ആഗ്രയില്‍ നടക്കേണ്ടിയിരുന്ന പരിപാടി റദ്ദുചെയ്തത് ഇന്ത്യ കടന്നുപോകുന്ന അസഹിഷ്ണുതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമെന്ന് സിപിഐ എം(cpim) പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി(ma baby).ലോകത്തിന്റെ പ്രശംസ നേടിയ ഒരു എഴുത്തുകാരിയെ ആദരിക്കാനാവാത്ത, അപമാനിക്കുന്ന ഒരു രാജ്യമായി നമ്മള്‍ മാറിയിരിക്കുന്നു.
ഗീതാഞ്ജലി ശ്രീ ഹിന്ദിയില്‍ എഴുതിയ റേത് സമാധി എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിനാണ് ഈ പുരസ്‌കാരം ലഭിച്ചത്.
ഒരു ഇന്ത്യന്‍ ഭാഷാ പുസ്തകത്തിന്റെ വിവര്‍ത്തനത്തിന് ആദ്യമായി ഈ പ്രഖ്യാത അന്താരാഷ്ട്രപുരസ്‌കാരം ലഭിച്ച അഭിമാനകരമായ സന്ദര്‍ഭം. ഇന്ത്യയുടെ സര്‍ക്കാര്‍ ഗീതാഞ്ജലിയെ അനുമോദിക്കേണ്ടതായിരുന്നു. പക്ഷേ, ഒരു ഇന്ത്യക്കാരിക്ക് ലഭിച്ച ഈ പുരസ്‌കാരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തന്നെ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ജനിച്ചുവളര്‍ന്ന ഗീതാഞ്ജലിയെ അവിടത്തെ യോഗി ആദിത്യനാഥ് സര്‍ക്കാരും അവഗണിച്ചു- എം എ ബേബി പറഞ്ഞു
അതേസമയം, എഴുത്തുകാരിയെ അവഹേളിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഗീതാഞ്ജലിയുടെ പുസ്തകത്തില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ഹത്രാസിലെ ഒരാള്‍ പൊലീസില്‍ പരാതി കൊടുത്തിരിക്കുന്നു. ശിവനെയും പാര്‍വതിയെയും കുറിച്ചുള്ള നോവലിലെ പരാമര്‍ശങ്ങള്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ഈ വിദ്വാന്റെ വാദം.
അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ട രീതിയിലാണ് ശിവനെയും പാര്‍വതിയെയും ഈ നോവലില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും പരാതിക്കാരന്‍ പറയുന്നു. ശിവപാര്‍വതിമാരെക്കുറിച്ച് ഈ നോവലിലെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അശ്ലീലമാണത്രെ. ഈ പറയപ്പെടുന്ന വരികളുടെ ഫോട്ടോ ഇയാള്‍ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ആദിത്യനാഥിനും മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ക്കും ടാഗ് ചെയ്തിട്ടാണ് ഈ ട്വീറ്റ്.
ഈ പരാതി പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മതവികാരം വ്രണപ്പെടുത്തിയതിന് നാളെ വേണമെങ്കില്‍ ഗീതാഞ്ജലിയുടെ പേരില്‍ കേസെടുക്കാം. ഗീതാഞ്ജലി പഠിച്ച ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നല്‍കിയ സ്വീകരണത്തിനിടയില്‍ ചില വര്‍ഗീയക്കോമരങ്ങള്‍ പ്രശ്‌നങ്ങളുണ്ടാക്കി.
ആഗ്രയില്‍ നടത്താനിരുന്ന പരിപാടിയില്‍ ഇനി പ്രശ്‌നങ്ങളുണ്ടായാലോ എന്നു കരുതിയാവും ഈ പരിപാടി റദ്ദു ചെയ്യപ്പെട്ടത്. ഇന്ത്യന്‍ പുരാണങ്ങളിലെ ശിവനെയും പാര്‍വതിയെയും ആണ് താന്‍ ആവിഷ്‌കരിച്ചതെന്നും തന്റെ രചനയ്‌ക്കെതിരെ പരാതി കൊടുക്കുന്നവര്‍ പുരാണങ്ങളെയാണ് കോടതിയില്‍ ചോദ്യം ചെയ്യേണ്ടതെന്നാണ് ഗീതാഞ്ജലി പറഞ്ഞത്. ഈ പരാതി തന്നെ ദുഖിതയാക്കിയെന്നും അവര്‍ പറഞ്ഞു.
സ്വതന്ത്രമായ ആശയപ്രകാശനം ഇല്ലാതാവുന്ന ഒരു രാജ്യമായി ഇന്ത്യ മാറുകയാണ്. പൗരര്‍ക്ക് അവരുടെ ആശയങ്ങള്‍ സ്വാതന്ത്ര്യത്തോടെ ആവിഷ്‌കരിക്കാന്‍ കഴിയാത്ത ഒരു രാഷ്ട്രവും പുരോഗമിക്കില്ലെന്നും എം എ ബേബി ഫേസ്ബുക്ക്(facebook) പോസ്റ്റില്‍ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here